തിരുവനന്തപുരം: യു.ഡി.എഫില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ, കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ എന്‍.ഡി.എയിലേക്കു ക്ഷണിച്ച് ബി.ജെ.പി. ദേശീയനേതൃത്വം. ജോസിനു കേന്ദ്രമന്ത്രി സ്ഥാനമാണു പ്രത്യേകദൂതന്‍ മുഖേനയുള്ള വാഗ്ദാനമെന്നു സൂചന. ക്ഷണം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാതെ ജോസ് കെ. മാണി.
ജോസ് വിഭാഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ചരടുവലി നേരത്തേ സജീവമായിരുന്നു. പുതിയ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതു ബി.ജെ.പി. നേതാക്കളായ ജോര്‍ജ് കുര്യനും എന്‍.കെ. നാരായണന്‍ നമ്പൂതിരിയുമാണ്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് അല്‍ഫോന്‍സ് കണ്ണന്താനം എം.പിയാണു മധ്യസ്ഥന്‍. സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനമാണു മുമ്പ് വാഗ്ദാനം ചെയ്തതെങ്കിലും പുതിയ സാഹചര്യത്തില്‍ കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാനും ബി.ജെ.പി. തയാറെന്നു സൂചന.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേരളാ കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതു നേട്ടമാകുമെന്ന സന്ദേശം ബി.ജെ.പി. സംസ്ഥാനനേതൃത്വവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് എം.പിമാരുള്ള ജോസ് പക്ഷത്തിന്റെ പിന്തുണ കേരളത്തിലും എന്‍.ഡി.എയ്ക്കു നേട്ടമാകും. ജോസ് കെ. മാണിയാണു നയം വ്യക്തമാക്കേണ്ടതെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നുമുള്ള നിലപാടിലാണു ബി.ജെ.പി. സംസ്ഥാനനേതൃത്വം. എന്‍.ഡി.എയിലേക്ക് ഏതൊക്കെ പാര്‍ട്ടികളെ ക്ഷണിക്കണമെന്നു പരിശോധിക്കാന്‍ നേരത്തേ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി. കാലങ്ങളായി ശ്രമിച്ചുവരുകയാണ്.
അതിനായി പി.സി. തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും പാലമാക്കാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജോസ് കെ. മാണിയെച്ചൊല്ലി കെ.എം. മാണിയുമായി അകന്ന പി.സി. തോമസും നിലവില്‍ ജോസിനെ കാവിക്കൂടാരത്തിലെത്തിക്കാന്‍ മുന്‍പന്തിയിലുണ്ട്. ജോസ് കെ. മാണി വിഭാഗത്തിനെതിരായ തീരുമാനം കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. മുമ്പു കെ.എം. മാണിയെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ദാനം ചെയ്തതു പുതിയ സാഹചര്യത്തില്‍ വീണ്ടും വിവാദമാകും.
ഇപ്പോള്‍ ജോസ് പക്ഷത്തെ മുന്നണിയില്‍നിന്നു പുറത്താക്കിയതോടെ രണ്ട് എം.പിമാരെയാണു യു.പി.എയ്ക്കു നഷ്ടമാകുന്നത്. ജോസ് കെ. മാണി പുറത്തുപോകുന്നതു രാജ്യസഭയില്‍ യു.പി.എയ്ക്കു തിരിച്ചടിയാകും. രാജ്യസഭയിലെ അംഗബലത്തില്‍ ബി.ജെ.പിയും പ്രതിപക്ഷവും തമ്മിലുള്ള അന്തരം നേര്‍ത്താണ്. രാജ്യസഭാംഗത്വം അന്നു ദാനം ചെയ്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസ് പക്ഷം എന്‍.ഡി.എയില്‍ ചേക്കേറിയാല്‍ അതു കനത്ത പ്രഹരവുമാകും. ജോസും കൂട്ടരും ഇടതുമുന്നണിയിലേക്കു പോകുമെന്നാണു കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കരുതുന്നത്.
തിടുക്കത്തില്‍ ഭാവിതീരുമാനം െകെക്കൊള്ളില്ലെന്നു സൂചന. ഇടതുമുന്നണിയുടെ സമീപനം അറിഞ്ഞശേഷമാകും അടുത്ത കരുനീക്കം. മുന്നണിക്കു പുറത്തായതോടെ ജോസ് വിഭാഗത്തിലും ആശയക്കുഴപ്പമേറി. എല്‍.ഡി.എഫില്‍ ചേക്കേറണമെന്ന് ഒരുവിഭാഗവും കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് യു.ഡി.എഫുമായി അനുരഞ്ജനത്തിലാകണമെന്നു മറ്റൊരു വിഭാഗവും വാദിക്കുന്നു. ബി.ജെ.പിക്കൊപ്പം എന്‍.ഡി.എ. പാളയത്തിലേക്കു പോകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ഒറ്റയ്ക്കു നില്‍ക്കാനാണു ധാരണ.
യു.ഡി.എഫിന്റെ അപ്രതീക്ഷിതനീക്കം ജോസ് വിഭാഗത്തെ ഞെട്ടിച്ചു. തീരുമാനമറിഞ്ഞശേഷം പ്രതികരിച്ചവരില്‍ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരുടെയെല്ലാം ശരീരഭാഷയില്‍ അതു വ്യക്തമായിരുന്നു. ഇന്നു സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് രാഷ്ട്രീയതീരുമാനം പ്രഖ്യാപിക്കുമെന്നാണു ജോസ് കെ. മാണി വ്യക്തമാക്കിയത്. തദ്ദേശതെരഞ്ഞെടുപ്പ് വരെ തനിച്ചുനില്‍ക്കാനാണു നേതാക്കള്‍ക്കിടയിലെ ധാരണ. എല്‍.ഡി.എഫില്‍ ചേക്കേറിയാല്‍ എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നതും നേതാക്കളെ അലട്ടുന്നു. ജോസ് കെ. മാണിക്കു സി.പി.എമ്മില്‍നിന്നു ചില ഉറപ്പുകള്‍ ലഭിച്ചതായി സൂചനയുണ്ടെങ്കിലും സി.പി.ഐയുടെ എതിര്‍പ്പ് വെല്ലുവിളിയാണ്.
യു.പി.എ. ഘടകകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് െഹെക്കമാന്‍ഡിന്റെ ഇടപെടലും ജോസ് പക്ഷം പ്രതീക്ഷിക്കുന്നു. അതേസമയം, യു.ഡി.എഫിന്റെ തീരുമാനമറിഞ്ഞ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ലാദത്തിലാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ ലക്ഷ്യമിട്ടാണിത്. ജോസ് പക്ഷത്തെ ഒരുവിഭാഗം നേതാക്കളാകട്ടെ അമര്‍ഷം അടക്കിവയ്ക്കുകയാണ്. ജോസ് ഉള്‍പ്പടെ ചിലരുടെ എടുത്തുചാട്ടമാണു മുന്നണിക്കു പുറത്തേക്കു വഴിതെളിച്ചതെന്ന് ഇവര്‍ അടക്കം പറയുന്നു. എന്നാല്‍, അഭിമാനം പണയപ്പെടുത്താതെ, നിലപാടിന്റെ പേരിലുള്ള നടപടി ഗുണംചെയ്യുമെന്നു മറുവിഭാഗം വാദിക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി നീക്കുപോക്കുണ്ടാക്കി ശക്തി തെളിയിച്ചാല്‍ ഇടതുമുന്നണി പ്രവേശം സുഗമമാകുമെന്ന് ഇവര്‍ കരുതുന്നു.
എന്നാല്‍, എം.എല്‍.എമാരായ റോഷിക്കും ജയരാജിനും എല്‍.ഡി.എഫ്. പ്രവേശം തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. യു.ഡി.എഫിന്റെ ഉറച്ച സീറ്റുകളാണ് ഇരുവരുടെയും തട്ടകങ്ങളായ ഇടുക്കിയും കാഞ്ഞിരപ്പള്ളിയും. ഒറ്റയ്ക്കു നില്‍ക്കുകയും സമയം അനുകൂലമാകുമ്പോള്‍ വിലപേശി, പ്രത്യേകവിഭാഗമായി യു.ഡി.എഫില്‍ തിരിച്ചെത്തുകയും ചെയ്യുക എന്ന തന്ത്രമാകും ജോസ് പക്ഷം സ്വീകരിക്കുകയെന്നു കരുതുന്നവരുമുണ്ട്.
from mangalam.com https://ift.tt/2NDdTn2
via IFTTT
No comments:
Post a Comment