സോജാ... കേരള സൈഗാൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 22, 2020

സോജാ... കേരള സൈഗാൾ

കൊച്ചി: ’സോജാ... രാജകുമാരി സോജാ...’ അവൾ സുഖമായി ഉറങ്ങാൻ അയാൾ താരാട്ടു പാടുമ്പോൾ ഹൃദയത്തോടു കൈകൾ ചേർത്ത് മിഴികൾ അടച്ചാണ് എല്ലാവരും കേട്ടുനിന്നിരുന്നത്. ഹൃദ്യമായ ആ ഗാനം എത്രയോ വേദികളിൽ അയാളുടെ സ്വരമാധുരിയിൽ പൂത്തുലഞ്ഞു. ഒടുവിൽ എല്ലാ പാട്ടുകളും പാടിത്തീർന്നതുപോലെ അയാൾ ഇനിയൊരിക്കലും തുറക്കേണ്ടതില്ലാത്ത മിഴികൾ പൂട്ടി ഉറങ്ങുമ്പോൾ നമ്മൾ ഹൃദയത്തോടു കൈ ചേർത്തു പറയും... സോജാ...കേരള സൈഗാൾ സോജാ...സോജാ രാജകുമാരി എന്ന പാട്ടില്ലാതെ പാപ്പുക്കുട്ടി ഭാഗവതർ എന്ന മനുഷ്യനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അത്രമേൽ ആ പാട്ടുമായി ലയിച്ചു തുളുമ്പിയ മനസ്സും ശബ്ദവുമായിരുന്നു പാപ്പുക്കുട്ടിക്കുണ്ടായിരുന്നത്. ’’ഗീതം, വാദ്യം, നൃത്തം എന്നിങ്ങനെ തൗര്യത്രികം സാധ്യമായ മഹാ പ്രതിഭയായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. പക്ഷേ എവിടെ ചെന്നാലും സോജാ രാജകുമാരി എന്ന പാട്ടില്ലാതെ അദ്ദേഹം മടങ്ങിയിരുന്നില്ല. ഏറ്റവും ഒടുവിൽ എറണാകുളം ടൗൺഹാളിൽ കണ്ടുമുട്ടിയപ്പോഴും ആ ഗാനം പാടിയാണ് അദ്ദേഹം വേദിയിൽ നിറഞ്ഞത്. 90 വയസ്സുള്ളപ്പോഴും ബസിൽ സഞ്ചരിച്ച് കുട്ടികളെ പാട്ടു പഠിപ്പിക്കാൻ പോയിരുന്ന ആ പ്രസരിപ്പും ഒരിക്കലും മറക്കാൻ കഴിയില്ല...’’ ഗാന രചയിതാവ് ആർ.കെ. ദാമോദരന്റെ വാക്കുകളിൽ പാപ്പുക്കുട്ടി ഭാഗവതർ എന്ന പ്രതിഭയുടെ കൃത്യമായ ചിത്രമുണ്ടായിരുന്നു. കേരള സൈഗാൾ എന്ന്‌ എല്ലാവരും വിളിച്ചത് ഹൃദ്യമായ ഒരു രാഗത്തോടുള്ള ഇഷ്ടം പോലെയാണ് പാപ്പുക്കുട്ടി ഭാഗവതർ മനസ്സിൽ ചേർത്തുവെച്ചത്. ’’ആറ്റിങ്ങലിൽ നാടകം കളിക്കാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി സോജാ രാജകുമാരി എന്ന പാട്ട് കാണികൾക്കു മുന്നിലായി പാടിയത്. നാടക വേദിയിൽ പക്കാല പാടിക്കഴിഞ്ഞപ്പോഴാണ് എന്നോട്‌ ഒരു ഹിന്ദി ഗാനം പാടണമെന്ന് ചിലർ ആവശ്യപ്പെട്ടത്. പെട്ടെന്നു മനസ്സിലേക്കു വന്നത് സോജാ രാജകുമാരി എന്ന ഇഷ്ടഗാനം തന്നെയായിരുന്നു. ആ വേദിയിൽ എന്നൊക്കൊണ്ട് രണ്ടു തവണയാണ് കാണികൾ ആ പാട്ടു പാടിച്ചത്. പിന്നീട് എവിടെ നാടകം കളിക്കാൻ പോയാലും സോജാ രാജകുമാരി പാടൽ പതിവായി. പത്തുപതിനയ്യായിരം വേദികളിലെങ്കിലും ഞാൻ ആ പാട്ട് പാടിയിട്ടുണ്ടാകും. ഏത്‌ അവാർഡിനെക്കാളും വിലയുള്ള കിരീടമായിരുന്നു എനിക്ക്‌ ഈ വിളി...’’ പാപ്പുക്കുട്ടി ഭാഗവതരുടെ വാക്കുകളിൽ തന്നെ സോജാ രാജകുമാരിയോടുള്ള ഇഷ്ടം തെളിയുന്നു. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് എന്നും എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. 1999-ൽ സൂര്യ ഫെസ്റ്റിവലിൽ കച്ചേരി അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിനു പ്രായം 86 കഴിഞ്ഞിരുന്നു. ഈ പ്രായത്തിൽ രണ്ടു മണിക്കൂർ നിർത്താതെ പാടാൻ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ചപ്പോൾ അതിനുശേഷം ചെന്നൈയിൽ നടക്കാൻ പോകുന്ന സംഗീത കച്ചേരിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. നൂറാം ജന്മദിനാഘോഷത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് അതിഥിയായി മുന്നിലെത്തിയപ്പോൾ പാപ്പുക്കുട്ടി ചോദിച്ചത് ഒരു ’ചാൻസാ’യിരുന്നു. വീണ്ടും ക്യാമറയ്ക്കു മുന്നിലെത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം റോഷൻ ആൻഡ്രൂസ് സാധിച്ചുകൊടുക്കുകയും ചെയ്തു. മിശിഹാ ചരിത്രം നാടകത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമണിഞ്ഞാണ് പാപ്പുക്കുട്ടി നാടക വേദിയിൽ അരങ്ങേറുന്നത്. മിശിഹായോടുള്ള ഇഷ്ടം പാപ്പുക്കുട്ടി എപ്പോഴും പറഞ്ഞിരുന്നു. എത്ര ക്രിസ്മസുകൾ കണ്ടാലും മതിവരാത്ത ആ മനസ്സിൽ മിശിഹാ സ്നേഹത്തിന്റെ നക്ഷത്രവിളക്കുകൾ മിന്നിച്ചിരുന്നത് അപ്പൻ മൈക്കിളായിരുന്നു. ചവിട്ടുനാടക കലാകാരനായിരുന്ന അപ്പൻ മൈക്കിളിന്റെ ലോകത്തേക്ക് ഒടുവിൽ പാപ്പുക്കുട്ടിയും യാത്രയാകുമ്പോൾ ആരാധകരുടെ മനസ്സിൽ നക്ഷത്രം പോലെ ആ പാട്ട്‌ വീണ്ടും തെളിയും... ’സോജാ...രാജകുമാരി, സോജാ...’


from mathrubhumi.latestnews.rssfeed https://ift.tt/2CxeAvW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages