ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഡൽഹിയിൽ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ. രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ 500 റെയിൽവേ കോച്ചുകൾ സജ്ജമാക്കും. ആറു ദിവസത്തിനകം തലസ്ഥാനമേഖലയിലെ കോവിഡ് പരിശോധനാശേഷി മുന്നുമടങ്ങ് കൂട്ടും. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹായിക്കാനായി ആറ് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനു വിട്ടുകൊടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് യോഗം വിളിച്ചത്. തലസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കുകയും രോഗികളുടെ എണ്ണം നാല്പതിനായിരത്തോട് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. തലസ്ഥാനത്തെ മൂന്ന് നഗരസഭകളിലെ മേയർമാരുടെ യോഗവും അമിത് ഷാ പ്രത്യേകം വിളിച്ചിരുന്നു. തിങ്കളാഴ്ച തലസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളെ ഉൾക്കൊള്ളിച്ച് സർവകക്ഷിയോഗവും അദ്ദേഹം വിളിച്ചിട്ടുണ്ട്. മുംബൈ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും രോഗം അതിവേഗം വ്യാപിക്കുകയാണ്. എന്നാൽ, രോഗികളുടെ എണ്ണം വർധിക്കുന്ന വേഗത്തിൽ ചെന്നൈ, ഡൽഹി നഗരങ്ങൾ മുംബൈയെക്കാൾ മുന്നിലാണിപ്പോൾ. മേയ് 29-ന് മുംബൈയിൽ 35,485 രോഗികളായിരുന്നു. ഇത് ജൂൺ 11-ന് 54,085 രോഗികളായി. 52 ശതമാനം വർധന. ഡൽഹിയിൽ മേയ് 29-ന് 17,386 രോഗികളായിരുന്നത് ജൂൺ 11-ന് 34,687 ആയി. നൂറു ശതമാനമാണു വർധന. ചെന്നൈയിലാവട്ടെ, മേയ് 29-ന് 13,362 രോഗികളുള്ളത് ജൂൺ 11-ന് 27,398 ആയി. 105 ശതമാനമാണ് കൂടിയത്. അതേസമയം, അഹമ്മദാബാദിൽ രോഗികളുടെ വർധന 35 ശതമാനമേയുള്ളൂ. മേയ് 29-ന് 11,597 പേരായിരുന്നത് ജൂൺ 11-ന് 15,635 ആയി. ഡൽഹിയിൽ രോഗികളുടെ വർധന അഹമ്മദാബാദിനെക്കാൾ മൂന്നു മടങ്ങാണു കൂടുതൽ. ഡൽഹിയിൽ രോഗികളുടെ എണ്ണം ദിനംപ്രതി 7.14 ശതമാനം വർധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. Content Highlights:COVID Pandemic India rising
from mathrubhumi.latestnews.rssfeed https://ift.tt/3d8Bt5C
via
IFTTT
No comments:
Post a Comment