‘ആദ്യം മുഖത്തടിച്ചു, പിന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു’; ആ കുഞ്ഞനുഭവിച്ചത് നരകയാതന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 22, 2020

‘ആദ്യം മുഖത്തടിച്ചു, പിന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു’; ആ കുഞ്ഞനുഭവിച്ചത് നരകയാതന

കൊച്ചി: കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിനു മുന്നിലെ കസേരയിലുണ്ട് ആ അമ്മ. പ്രാർത്ഥനയിലെന്നവണ്ണം കൈകൾ കൂപ്പി, നിലത്തേക്ക് ദൃഷ്ടിയൂന്നി... കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പതിയെ മുഖമുയർത്തി. 'ഇവിടെയാണ് അയാൾ അടിച്ചത്.' വലതു കവിൾത്തടത്തിൽ അടിക്കുന്നതുപോലെയുള്ള ആംഗ്യത്തോടെ അവർ പറഞ്ഞു. 'പിന്നെ ഇഷ്ടമല്ലാത്ത എന്തോ ഒന്നിനെയെന്ന പോലെ കുഞ്ഞിനെ വലിച്ചെറിഞ്ഞു'. കേരളത്തെ നാണിപ്പിക്കുന്ന മറ്റൊരു ക്രൂരതയുടെ കഥയാണ് അമ്മ വിവരിച്ചത്. അച്ഛന്റെ അക്രമത്തിനിരയായ ആ കുഞ്ഞ് ജീവനുവേണ്ടി പോരാടി ആസ്പത്രിയിലുണ്ട്. സംഭവത്തിൽ അങ്കമാലി ജോസ്പുരം പാലിയേക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) അറസ്റ്റിലാണ്. അമ്മയുടെ വാക്കുകളിൽ അവൾക്ക് പ്രായം രണ്ടു മാസമാണ്. കേരളത്തിന്റെ മരുമകളായി നേപ്പാളിൽ നിന്നെത്തിയ ഈ അമ്മയ്ക്ക് ഭാഷ ഉൾപ്പെടെ പ്രതിസന്ധികൾ ഏറെയുണ്ട്. പുറംലോകം കാണാതെ ഭർത്താവിനെ ഭയന്ന് മർദനങ്ങൾ സഹിച്ചായിരുന്നു ജീവിതമെന്ന് അവർ പറയുന്നു. പലവട്ടം കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. അച്ചടക്കം പഠിപ്പിക്കാനെന്നാണ് കാരണം പറയുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ കുഞ്ഞ് അഹങ്കാരിയും തന്നിഷ്ടക്കാരിയുമാകുമെന്ന് പറയും. കരയുമ്പോൾ വായിൽ തുണി തിരുകിക്കയറ്റാൻ ശ്രമിച്ചിട്ടുണ്ട്. പാൽ കുടിക്കുമ്പോൾ കാലിൽ പിടിച്ച് വലിച്ചെടുത്തു ഒരിക്കൽ. പിന്നീടൊരിക്കൽ വലിയ അക്രമമുണ്ടായപ്പോൾ സഹോദരിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കഴിഞ്ഞ 18-ന് പുലർച്ചെ നാലു മണിക്കായിരുന്നു നാടിനെ നടുക്കിയ ക്രൂരത. 'അന്ന് രാത്രിയെല്ലാം കുഞ്ഞ് കരച്ചിലായിരുന്നു. എടുത്തുകൊണ്ട് നടന്നും കളിപ്പിച്ചുമെല്ലാം കരച്ചിൽ മാറ്റാൻ ശ്രമിച്ചു. ഇടയ്ക്ക് അര മണിക്കൂറൊന്ന് ഉറങ്ങും. പിന്നെയും എഴുന്നേറ്റ് കരയും. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഭർത്താവിന് ദേഷ്യമാണ്. അസുഖമായിട്ടാണ് കരയുന്നതെന്ന് പല തവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല' - അമ്മയുടെ വാക്കുകൾ. കരച്ചിൽ മാറ്റാമെന്നു പറഞ്ഞാണ് അയാൾ കുഞ്ഞിനെ എടുത്തത്. കുഞ്ഞ് കരച്ചിൽ തുടർന്നതോടെ ശബ്ദമുയർത്തി ശകാരം തുടങ്ങി. കവിളിൽ അടിച്ചു. പിന്നെ നിന്ന സ്ഥലത്തുനിന്ന് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കുഞ്ഞ് വലിയ ശബ്ദത്തിൽ ഒന്ന് കരഞ്ഞു. പിന്നെ നിശ്ശബ്ദമായി. ഓടിയെത്തി നോക്കുമ്പോൾ ശ്വാസമെടുക്കാൻ തന്നെ കഷ്ടപ്പെടുന്നതായി തോന്നി. ആംബുലൻസ് വിളിക്കാനായി കരഞ്ഞപേക്ഷിച്ചു. അല്പസമയം എല്ലാം നോക്കിനിന്നിട്ടാണ് അയാൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്. ഓട്ടോയിലാണ് ആസ്പത്രിയിലെത്തിച്ചത്. ഞങ്ങൾക്കൊപ്പം അയാളുടെ സഹോദരിയുമുണ്ടായിരുന്നു. സംശയമായിരുന്നു പ്രധാന പ്രശ്നം. എന്റെ കുഞ്ഞല്ലെന്ന് എപ്പോഴും പറയും. പെൺകുഞ്ഞായതിന്റെ ദേഷ്യവുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഫെയ്സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. നേപ്പാളിലായിരുന്നു കല്യാണം. സംശയം കാരണം പുറത്തൊരിടത്തും ഒറ്റയ്ക്ക് അയയ്ക്കില്ല. എന്തെങ്കിലും അത്യാവശ്യങ്ങൾക്ക് മാത്രം ഒപ്പം കൊണ്ടുപോകും. വടക്കേ ഇന്ത്യയിൽ അധ്യാപകനായി ജോലി ചെയ്തതായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ഹോട്ടലിൽ മാനേജരാണെന്ന് പറയുന്നു. ഹോട്ടലിന്റെ പേര് അറിയില്ല. ലോക് ഡൗൺ സമയം മുതൽ ജോലിക്ക് പോയിട്ടില്ല. പൈസ െെകയിലുണ്ടെങ്കിൽ എല്ലാ ദിവസവും മദ്യപിക്കും-എല്ലാം വീണ്ടും കൺമുന്നിലെന്ന പോലെ അവർ ദൂരേക്ക് മിഴികളൂന്നി നിശ്ശബ്ദയായി. Content Highlights:54-day old baby suffers brain damage after father flings her on cot


from mathrubhumi.latestnews.rssfeed https://ift.tt/318yuYb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages