തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാൽ ചെറിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ വീട്ടിലേക്ക് അയക്കുന്നകാര്യം സർക്കാർ പരിഗണിക്കുന്നു. കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരം ഇത്തരക്കാരെ വീടുകളിൽ ശുശ്രൂഷിക്കാൻ വിലക്കില്ലാത്തതിനാൽ അത് പിന്തുടരാമെന്നാണ് സർക്കാർ തീരുമാനം. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവരെ വീടുകളിലേക്ക് അയക്കാനുള്ള വാഹനനിരക്ക് യാത്രക്കാർതന്നെ വഹിക്കണം. ഇവരുടെ സാംപിൾ പരിശോധന സ്വകാര്യലാബുകളിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുൻഗണനാക്രമം അനുസരിച്ചുമാത്രമേ വിദേശത്തുനിന്നുള്ളവരുടെ യാത്ര അനുവദിക്കാവൂ എന്ന് കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെടാനും ഉന്നതതലയോഗത്തിൽ തീരുമാനമായി. വിദേശത്തുള്ള വൻകിട കമ്പനികളും മറ്റും ചാർട്ടേഡ് വിമാനങ്ങളിൽ തൊഴിലാളികളെ സ്വദേശത്തേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഒരുവിഭാഗത്തിനൊഴികെ സംസ്ഥാനം ഏർപ്പെടുത്തുന്ന ചെലവുകൾ താങ്ങാനായേക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ വിദേശത്തുനിന്നെത്തുന്നവരിൽ ആവശ്യമായവരെ സർക്കാർതന്നെ കെ.എസ്.ആർ.ടി.സി. ബസുകളിലും മറ്റും വീടുകളിലെത്തിക്കുകയാണ്. സർക്കാർ തീരുമാനം ഇക്കൂട്ടത്തിലെത്തുന്ന ഒരുകൂട്ടർക്ക് തിരിച്ചടിയാകും. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ വീടുകളിലേക്ക് അയക്കുന്നതിനൊപ്പം ടെലിമെഡിസിൻ സംവിധാനം ശക്തിപ്പെടുത്തും. ടെലിഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചുള്ള കൺസൾട്ടേഷൻ കൂടുതൽ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും. രോഗനിരക്ക് കൂടിയാൽ സർക്കാർ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് പിടിച്ചുനിൽക്കാൻ കഴിയില്ല. ഇതിനായി സ്വകാര്യമേഖലയുടെ സഹായം തേടും. കോവിഡ് അല്ലാതെയുള്ള ചികിത്സയ്ക്ക് സ്വകാര്യമേഖലയെ ഉപയോഗപ്പെടുത്തും. മരണനിരക്ക് ഉയരുന്നുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരാണ് ഇതിലേറെയും. പ്രായമായവരെയും മറ്റു രോഗങ്ങളുള്ളവരെയും മുൻകൂട്ടി നിരീക്ഷണത്തിലാക്കുന്ന റിവേഴ്‌സ് ക്വാറന്റീൻ ശക്തമായി നടപ്പാക്കും. അതിഥിതൊഴിലാളികളുടെ യാത്രച്ചെലവ്: കേന്ദ്രത്തിനു നിവേദനം നൽകുംഅതിഥിതൊഴിലാളികളുടെ യാത്രച്ചെലവ് അവരുടെ സംസ്ഥാനം വഹിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും നിവേദനം നൽകും. സംസ്ഥാനങ്ങൾ തമ്മിൽ ചർച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നിർദേശം. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. യാത്രച്ചെലവുകൂടി വഹിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ ചെലവുവഹിച്ച് തൊഴിലാളികളെ കൊണ്ടുപോകാമെന്നു സമ്മതിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2A5JlqN
via
IFTTT
No comments:
Post a Comment