കാക്കനാട് : കൂട്ടുകാരുമായി കളിക്കുന്നതിനിടെ 'കൂട്ടുവെട്ടി' പിരിഞ്ഞ മൂന്നുവയസ്സുകാരി റോഡിലേക്കിറങ്ങി നടന്നുനീങ്ങിയത് ഒന്നര കിലോമീറ്ററോളം. ആദ്യം നാട്ടുകാര്‍ കൂട്ടുകാരായി, പിന്നെ പൊലീസ് സ്റ്റേഷനിലെ അമ്മമാര്‍ സംരക്ഷകരായി. ഒടുവില്‍ പെറ്റമ്മ ഏറ്റുവാങ്ങി.
തുതിയൂര്‍ റോഡില്‍ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. കോവിഡ് ക്വാറന്റീന്‍ നിരീക്ഷണ ഡ്യൂട്ടിയിലായിരുന്ന തൃക്കാക്കര പൊലീസ് എഎസ്‌ഐ കെ.ശിവകുമാര്‍ ബൈക്കില്‍ വരുന്നതിനിടെയാണു റോഡിലൂടെ ഒറ്റയ്ക്കു നടന്നു വരികയായിരുന്ന കുഞ്ഞിനെ ശ്രദ്ധയില്‍പെട്ടത്. കുഞ്ഞിനെ കണ്ട ഏതാനും നാട്ടുകാരും ഇതിനിടെ സ്ഥലത്തെത്തി.
ഇതിനിടെ, കുഞ്ഞിനോടു കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമം വിഫലമായി. വ്യക്തമായി സംസാരിക്കാവുന്ന പ്രായമായിട്ടില്ലാത്ത കുഞ്ഞ് ഏതാനും വാക്കുകള്‍ പറഞ്ഞപ്പോള്‍ മലയാളിയല്ലെന്നു ബോധ്യമായി. ശിവകുമാര്‍ അറിയിച്ചതനുസരിച്ചു തൃക്കാക്കര പൊലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എന്‍.ജയശ്രീ, മാരിയത്ത് ബീവി, സിവില്‍ പൊലീസ് ഓഫിസര്‍ രജിത എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കളിപ്പാട്ടങ്ങളും പലഹാരങ്ങളും നല്‍കി കുഞ്ഞിന്റെ സംരക്ഷകരായി. തുടര്‍ന്ന് രക്ഷിതാക്കളെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ ശ്രമത്തിനൊടുവില്‍ തുതിയൂര്‍ ആദര്‍ശ റോഡില്‍ വീടു നിര്‍മാണത്തിനെത്തിയ ഒഡീഷ സ്വദേശിനിയാണു കുഞ്ഞിന്റെ അമ്മയെന്നു വ്യക്തമായി.
കുഞ്ഞിനെ കാണാതായ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. സ്റ്റേഷനിലെത്തിയ അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങി. തുതിയൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ സ്വദേശിനി ജോലിക്കു പോകുമ്പോള്‍ നിര്‍മാണ സൈറ്റിനു സമീപം മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ വിടുകയായിരുന്നു പതിവ്.
ചിലപ്പോഴൊക്കെ കുഞ്ഞിനെ കൂടെ കൂട്ടാറുമുണ്ട്.
from mangalam.com https://ift.tt/2C7eta2
via IFTTT
No comments:
Post a Comment