നെടുങ്കണ്ടം: ഹരിത ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ കോലഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര്‍ പോലീസിന്റെ ക്രൂരമായ പീഡനം മൂലം കസ്റ്റഡിയില്‍ മരണമടഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ദേശീയ ശ്രദ്ധവരെ നേടിയ വിഷയത്തില്‍ ഏറെ രാഷ്ട്രീയ കോലാഹലങ്ങളാണ് ഉണ്ടായത്. പോലീസ്, ജില്ല ക്രൈംബ്രാഞ്ച്, സംസ്ഥാന ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷിച്ച കേസ് ജുഡീഷ്യല്‍ കമ്മീഷനും വിട്ട് ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിലാണ്.
തൂക്കുപാലം ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് 2019 ജൂണ് 12നാണ് രാജ്കുമാറിനെയും കൂട്ടാളികളെയും നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്തിയില്ല. കോടികളുടെ ഇടപാട് നടന്നു എന്ന തരത്തില്‍ ഇയാളെ പല സ്ഥലങ്ങളില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ മര്‍ദനത്തില്‍ കുമാറിന്റെ ആരോഗ്യ നില മോശമായപ്പോള്‍ 15നു നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില മോശമാകുന്നത് കണ്ട് കസ്റ്റഡി രേഖപ്പടുത്തി തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇവിടെ വച്ച് ആരോഗ്യ നില ഗുരുതരമായി ജൂണ്‍ 21ന് കുമാര്‍ മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞെങ്കിലും ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇറങ്ങി. ഇതോടെയാണ് പരിസമാപ്തി ആക്കാന്‍ പോലീസ് ശ്രമിച്ച കേസിന് വഴിത്തിരിവായത്.
2019 ജൂണ്‍ 24ന് മംഗളം നല്‍കിയ രാജ്കുമാര്‍ മരണം ഉരുട്ടിക്കൊലയോ? എന്ന വാര്‍ത്തയാണ് സംഭവത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടിയത്. ന്യൂമോണിയ ബാധിച്ചുള്ള മരണം ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ബാധിച്ചായിരിക്കാം എന്ന് 'മംഗളം' റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാന ശ്രദ്ധയില്‍ എത്തിയ വിഷയം നിയമസഭയില്‍ വരെ എത്തി. അടിയന്തര പ്രമേയവുമായി പ്രതിപക്ഷം നേരിട്ട് രംഗത്ത് രാഷ്ട്രീയ വാക് വാദങ്ങള്‍ക്കും വേദിയായി. ആദ്യം പോലീസ് തന്നെ നടപടികളിലേക്ക് കടന്ന കേസ് പിന്നീട് ആദ്യം അന്വേഷിച്ചത് ജില്ലാ ക്രൈംബ്രാഞ്ചാണ്. തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി ശേഷം സി.ബി.ഐ ഏറ്റെടുത്തു. ജുഡീഷ്യല്‍ കമ്മിഷനും അന്വേഷണം നടത്തുകയാണ്.
ജില്ലാ പോലീസ് മേധാവിയിലേക്ക് വരെ ആരോപണം ഉയര്‍ന്ന കേസില്‍ അന്ന് ചുമതല വഹിച്ചിരുന്ന എസ്.ഐ: കെ.എ. സാബു ഒന്നാം പ്രതിയായി ഹോം ഗാര്‍ഡ് ഉള്‍പ്പടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ആ ദിവസങ്ങളില്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന മുഴുവന്‍ പോലീസുകാരും നടപടികള്‍ക്ക് വിധേയരായി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമാണ് രാജ് കുമാറിനെ നെടുങ്കണ്ടം സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്താതെ നാല് ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ അറിയാമായിരുന്ന മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കു എതിരെ ഇതുവരെ ഒരു നടപടികളും സ്വീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറായില്ല. കേസില്‍ കുടുങ്ങിയത് താഴെത്തട്ടിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ അടുത്ത ദിവസം തന്നെ 2019 ജൂണ്‍ മാസം 12 മുതല്‍ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തില്‍ രാജ്കുമാറിന്റെ വയോധികയായ മാതാവിനും കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായങ്ങള്‍ നല്‍കി. ഭാര്യക്ക് ജോലിയും പ്രഖ്യാപിച്ചു.
തട്ടിപ്പ് കേസ് എങ്ങുമെത്തിയില്ല....
രാജ്കുമാര്‍ ഇല്ലാതായതോടെ അവസാനിച്ചു പോയ കേസാണ് തൂക്കുപാലം ഹരിത ഫിനാന്‍സ് തട്ടിപ്പ്. ഒന്നാം പ്രതിയുടെ മരണത്തോടെ കോടികളുടെ ഇടപാടുകള്‍ നടന്ന തട്ടിപ്പിന്റെ കേസ് അന്വേഷണവും പ്രതിസന്ധിയിലായി. സനിമാകഥയെ വെല്ലുന്ന രീതിയില്‍ നടന്ന സംഭവ വികാസങ്ങള്‍ക്കു പിന്നില്‍ വന്‍ തട്ടിപ്പ് സംഘം ഉള്ളതായാണ് ഇന്നും സംശയം. അന്വേഷണ പുരോഗതിക്കായി കേസില്‍ പ്രതികളായ മൂന്ന് പേരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് കോടതിയെ സമീപിച്ചിരിക്കെയാണ് ഒന്നാം പ്രതിയുടെ മരണം.
ആളുകളില്‍ നിന്നും ചെറിയ തുക രജിസ്‌ട്രേഷന്‍ ആയി വാങ്ങി വന്‍ തുക വായ്പ നല്‍കാം എന്ന രീതിയില്‍ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ഹരിത ഫിനാന്‍സ്. ഒരുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പിന് വായ്പ നല്‍കുന്നതിന് മുന്നോടിയായിട്ടുള്ള പ്രോസസിങ് ഫീസ് ഇനത്തില്‍ 1000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങുകയായിരുന്നു. വ്യക്തികള്‍ക്ക് വായ്പ ലഭിക്കാതെ വന്നതോടെ പ്രതിഷേധം ഉയര്‍ന്നതോടെ വ്യക്തികളില്‍ നിന്നുമുള്ള പിരിവുകള്‍ നിര്‍ത്തി അഞ്ച് പേരടങ്ങുന്ന ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ രൂപീകരിച്ച് അത്തരത്തില്‍ വായ്പ നല്‍കാമെന്ന് കുടുമ്പശ്രീ അംഗങ്ങളെ വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു. ഇതിനു വേണ്ടി സ്വര്‍ണപ്പണയ സ്ഥാപനം നടത്തുന്നതിനുള്ള ലൈസന്‍സും സ്വന്തമാക്കി. ഇത്തരത്തില്‍ ഒരു കോടിയിലധികം തുകയുടെ ഇടപാട് നടന്നതായാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് കോടിയോളം രൂപയുടെ ഇടപാട് നടന്നതായാണ് അന്ന് ലഭിച്ചിരുന്ന വിവരം ഈ തുക രാജ്കുമാര്‍ ആരേയോ എല്‍പിച്ചതായി ജീവനക്കാരോട് അടക്കം പലപ്പോഴായി പറഞ്ഞിരുന്നു. എന്നാല്‍ ഈ തുക ആരുടെ പക്കല്‍ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. പണം പോയവര്‍ പലരും കേസിനും പോയില്ല അതോടെ ഒരു വര്‍ഷമായിട്ടും കോടികള്‍ പോയ വഴികള്‍ അടഞ്ഞു തന്നെ കിടക്കുന്നു.
from mangalam.com https://ift.tt/3fMHiY7
via IFTTT
No comments:
Post a Comment