ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേര്‍ക്ക് അടുത്ത അഞ്ചു മാസത്തേക്കു കൂടി സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ കാലത്തു പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ വരെ നീട്ടി. പിങ്ക് റേഷന്‍ കാര്‍ഡിലെ ഓരോരുത്തര്‍ക്കും അഞ്ചു കിലോ അരിയും കുടുംബത്തിന് ഒരു കിലോ കടലയും ഓരോ മാസവും സൗജന്യമായി ലഭിക്കും.
കൃത്യസമയത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിലെ മരണനിരക്ക് കുറവാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം പ്രകടമായത് ആശങ്കപ്പെടുത്തുന്നു.
അണ്‍ലോക്കിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോഴും എല്ലാ കരുതല്‍ നടപടികളും ഗൗരവത്തോടെ പിന്തുടരണം. മാസ്‌ക് ധരിക്കണം. അകലം പാലിക്കണം. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഒരു രാജ്യത്തെ (ബള്‍ഗേറിയ) പ്രധാനമന്ത്രിക്കു വന്‍തുക പിഴ നല്‍കേണ്ടിവന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രിയുള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷിപ്പണികള്‍ നടത്തേണ്ട മഴക്കാലവും ഗുരുപൂര്‍ണിമ, രക്ഷാബന്ധന്‍, ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ഥി, ഓണം, ദസറ, ദീപാവലി, ഛാത്ത് പൂജ തുടങ്ങി ഉത്സവങ്ങളുടെ കാലവുമാണു വരുന്നത്. ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടിവരരുത്. ആവശ്യങ്ങളും ചെലവും വര്‍ധിക്കുന്നതു കണക്കിലെടുത്താണ് ഗരീബ് കല്യാണ്‍ അന്നയോജന നവംബര്‍ വരെ നീട്ടുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ പട്ടിണി കിടക്കാതിരിക്കുന്നതിനുള്ള നടപടികള്‍ക്കാണു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 20 കോടി കുടുംബങ്ങള്‍ക്ക് 31,000 കോടി രൂപ നേരിട്ടു നല്‍കി. ഒമ്പതു കോടി കര്‍ഷകര്‍ക്ക് 18,000 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കി. കുടിയേറ്റത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് 50,000 കോടി രൂപ ചെലവിട്ടു. ഗരീബ് കല്യാണ്‍ അന്ന യോജനയുടെ വിപുലീകരണത്തിന് 90,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.
ഒന്നര ലക്ഷം കോടിയോളം രൂപ ചെലവുള്ള പദ്ധതി സാധ്യമാക്കിയതിനു കര്‍ഷകര്‍ക്കും നികുതിദായകര്‍ക്കും നന്ദി പറയുന്നു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജോലിക്കായി ഇതര സംസ്ഥാനങ്ങളില്‍ കുടിയേറിയവര്‍ക്കു തുണയാകും. പാവപ്പെട്ടവരുടെ ക്ഷേമത്തിനും സാമ്പത്തിക രംഗത്തിന്റെ ഉത്തേജനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/31tK3tn
via IFTTT
No comments:
Post a Comment