പട്ടിക്കാട്(തൃശ്ശൂർ): പവന് 1500. ബീവറേജ് തുറന്നപ്പോ വില കുറഞ്ഞു സാറേ. 3000 കിട്ടിക്കൊണ്ടിരുന്നതാ. 20 പവന്റെ പണി വേണം. അതിൽ കുറയരുത്. കൂടുതൽ എത്രയായാലും എടുക്കും. എന്നാലേ മുതലാകൂ സാറേ...- പറയുന്നത് സ്വർണപ്പണിക്കാരനാണെന്ന് കരുതിയോ? തെറ്റി. എക്സൈസ് സംഘം കള്ളവാറ്റിന് പിടികൂടിയ പീച്ചി മഞ്ഞക്കുന്ന് പ്ലാപ്പുള്ളി പത്രോസിന്റെ (54) വാക്കുകളാണിത്. ഒരു പവൻ എന്നത് ഒരു ലിറ്റർ ചാരായമാണ്. മനസ്സമ്മതം, വിവാഹനിശ്ചയം, വിവാഹം എന്നിവയ്ക്ക് പ്രത്യേകം ഓർഡർ എടുത്ത് ചാരായം വാറ്റി വിൽപ്പന നടത്തുകയാണ് പത്രോസിന്റെ രീതി. പത്രോസിന് ചാരായം സ്വർണമാണ്. ചൊവ്വാഴ്ച രാത്രി ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കളയിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന പത്രോസിനെ പിടികൂടിയത്. അഞ്ചു ലിറ്റർ ചാരായവും 200 ലിറ്റർ വാഷും ഇവിടെനിന്ന് പിടിച്ചെടുത്തു. വേഷം മാറി ചെന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് പത്രോസിനെ കുടുക്കിയത്. ഇയാളെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സജീവ്, സതീഷ്, സുനിൽ ടി.ആർ., സിവിൽ ഓഫീസർമാരായ ഷാജു, വിനോജ്, ജയരാജ്, സനീഷ്, വിപിൻ ടി.സി., ഡ്രൈവർ മനോജ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. Content Highlights: illegal arrack making, one arrested in pattikkad thrissur
from mathrubhumi.latestnews.rssfeed https://ift.tt/2ACym8P
via
IFTTT
No comments:
Post a Comment