കൊച്ചി: കോവിഡ് ഭീതിയുടെ ഒറ്റത്തുരുത്തിൽനിന്ന് ജന്മനാടിന്റെ ആശ്വാസതീരത്തേക്ക് കടൽ താണ്ടുമ്പോൾ സോണിയയുടെ കൈകൾ നിറവയറിൽ 'അവനെ' തഴുകിപൊതിഞ്ഞിരുന്നു. ഒന്നല്ല, അഞ്ചു വട്ടം വിധി തന്നിൽനിന്നു തട്ടിയെടുത്ത 'ജീവന്റെ ജീവനെ' ഇത്തവണയെങ്കിലും വിട്ടുകൊടുക്കാതിരിക്കാനുള്ള പ്രാർഥനപോലൊരു തഴുകൽ. ഒടുവിൽ ദൈവം സോണിയയുടെ പ്രാർഥനയ്ക്ക് ഉത്തരമേകി. കപ്പലിൽ കടൽതാണ്ടി ജന്മനാടിന്റെ തീരമണഞ്ഞ് ഏതാനും നേരത്തിനകം സോണിയ അവന് പിറവിയേകി. അവന്റെ കാതോരം അവർ പേരുചൊല്ലി വിളിച്ചു, പൗലോ. ഹൃദയസ്പർശിയായ രംഗങ്ങളോടുകൂടിയ ഒരു പിറവിക്കാണ് ഞായറാഴ്ച സന്ധ്യാനേരത്ത് കളമശ്ശേരി പത്തടിപ്പാലത്തെ കിന്റർ ആശുപത്രി സാക്ഷ്യംവഹിച്ചത്. മാലദ്വീപിൽ കുടുങ്ങിയ കോട്ടയം ചെങ്ങളം സ്വദേശി സോണിയ ജേക്കബ്ബാണ് കടൽ കടന്നെത്തി അല്പനേരത്തിനകം ഒരു കുഞ്ഞിനു ജന്മമേകിയത്. നാവികസേനയുടെ കപ്പലിൽ വെള്ളിയാഴ്ച യാത്ര പുറപ്പെടുമ്പോൾത്തന്നെ സോണിയയ്ക്ക് പ്രസവവേദന തുടങ്ങിയതാണ്. യാത്രയ്ക്കിടയിൽ വേദന കൂടിയതോടെ പ്രസവംനടന്നാൽ അമ്മയെയും കുഞ്ഞിനെയും കരയ്ക്കെത്തിക്കാൻ നാവികസേന ഹെലികോപ്റ്ററും തയ്യാറാക്കി. ഞായറാഴ്ച രാവിലെ കപ്പൽ തീരമണയുമ്പോൾ സോണിയയുടെ ഭർത്താവ് ഷിജോ മാത്യു ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ അവിടെയെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്കു പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും വേദന കൂടിയതോടെ ആംബുലൻസിൽ കിന്റർ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരം 5.41-ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് പ്രത്യേക പരിചരണ കേന്ദ്രത്തിലാണ്. രണ്ടുവർഷമായി മാലദ്വീപിൽ നഴ്സാണ് സോണിയ. കല്യാണം കഴിഞ്ഞ് ആറു വർഷമായെങ്കിലും ഇവർക്ക് ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. നാലുതവണ മൂന്നാംമാസത്തിൽ ഗർഭം അലസിപ്പോയി. അഞ്ചാംതവണ ഒമ്പതാം മാസത്തിലാണ് കുഞ്ഞിനെ നഷ്ടമായത്. കഴിഞ്ഞ മേയിൽ നാട്ടിലെത്തിയപ്പോഴാണ് പ്രസവത്തിനു തൊട്ടുമുമ്പ് കുഞ്ഞിനെ നഷ്ടമാകുന്നത്. അഞ്ചുമാസത്തോളം നാട്ടിൽനിന്ന സോണിയ ഗർഭിണിയായ ശേഷമാണ് വീണ്ടും മാലദ്വീപിലേക്കു പോയത്. മൈസൂരിൽ നഴ്സായ ഷിജോ ജോലി ഉപേക്ഷിച്ച് മാലിയിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അടച്ചിടലിൽ സോണിയ അവിടെ കുടുങ്ങിയത്. കഴിഞ്ഞതവണ, കുഞ്ഞിന് മാലാഖയുടെ പേരായ റാഹേൽ എന്നിടാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. ഇത്തവണ ഒരു ആൺകുഞ്ഞാണെന്നു മനസ്സിലായതോടെ അവന് പുണ്യാളന്റെ പേരായ പൗലോ എന്നിടാൻ തീരുമാനിച്ചു. കടൽകടന്നെത്തിയ ക്ലൈമാക്സിനൊടുവിൽ പൗലോ ഈ മണ്ണിൽ ഭൂജാതനാകുമ്പോൾ ഷിജോ പറയുന്നു, ഇതു ദൈവം തന്ന മഹാദ്ഭുതവും അനുഗ്രഹവുമാണ്. Content Highlights: Kerala nurse gives birth to baby boy on home soil after repatriation on Mothers Day
from mathrubhumi.latestnews.rssfeed https://ift.tt/2Wnh9s2
via
IFTTT
No comments:
Post a Comment