തിരുവനന്തപുരം : അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന ‘ഓഫർ’ ഉയർത്തി കോൺഗ്രസ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് രാഷ്ട്രീയപോരാട്ടത്തിന് വാതിൽ തുറന്നു. കോവിഡ് പ്രതിരോധനടപടികളിലെ വിള്ളലുകൾ ചൂണ്ടികാട്ടിയുള്ള രാഷ്ട്രീയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വാഗ്ദാനംചെയ്ത പണം സർക്കാർ നിരസിച്ചതോടെ സമരപരിപാടികളിലൂടെ രംഗം കൊഴുപ്പിക്കാനാണ് പാർട്ടി ശ്രമം. മാസങ്ങളായി ജോലിയില്ലാത്ത അതിഥി തൊഴിലാളികളിൽനിന്ന് സ്വദേശത്തേക്കുമടങ്ങാനുള്ള പണം ഈടാക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിന്റെ ചെലവ് വഹിക്കണമെന്നാണ് ആവശ്യം. കേന്ദ്രം ഇതിന് തയാറാകാതെ വന്നപ്പോഴാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒരു പടികൂടി കടന്ന് മടക്കയാത്രയ്ക്കുള്ള ചെലവ് പാർട്ടി വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശവും നൽകി.കേരളത്തിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ട് കേരളത്തിൽനിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റിനുള്ള പണം സംഭാവനയായി പാർട്ടി നൽകുമെന്നറിയിച്ചു. ഇതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനത്തെ കളിയാക്കി. പ്രളയകാലത്ത് 1000 വീടുകൾ കെ.പി.സി.സി. നിർമിച്ചുനൽകുമെന്ന ഉറപ്പ് പറയാതെ പറഞ്ഞ് മുമ്പ് നടത്തിയ വാഗ്ദാനത്തിന്റെ സ്ഥിതി എന്താണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടേത് വെറുംവാക്കല്ലെന്ന് ബോധിപ്പിക്കാനാണ് ചില ഡി.സി.സി.കൾ പണവുമായി കളക്ടർമാരെ സമീപിച്ചത്. എന്നാൽ സർക്കാർ ഉത്തരവില്ലാത്തതിനാൽ അവർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനെതിരേ സമരവും നടന്നു. പ്രത്യേകാവശ്യത്തിനെന്ന ഉപാധിവെച്ച് പണം സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ആത്മാർഥതയുണ്ടെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാമെന്നാണ് സർക്കാർ നിലപാട്. കോൺഗ്രസിന്റേത് സമരം; വഴങ്ങേണ്ടെന്ന് സർക്കാർഅതിഥി തൊഴിലാളികളിൽ കുറച്ചുപേർ ഇതിനകംതന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി. ശരാശരി 900 രൂപയാണ് അവരിൽനിന്ന് ടിക്കറ്റിനത്തിൽ ഈടാക്കിയത്. മറ്റുസംസ്ഥാനങ്ങളിൽനിന്നുപോയ അതിഥി തൊഴിലാളികളുടെ പക്കൽനിന്ന് സമാനമായ രീതിയിലാണ് പണം വാങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാൽ യഥാർഥത്തിൽ ടിക്കറ്റ് നിരക്ക് കൂടുതലാകേണ്ടതാണ്. ആളില്ലാതെയാകും ട്രെയിൻ മടങ്ങുക.തൊഴിലാളികളിൽനിന്ന് വാങ്ങിയ പണം സർക്കാരാണ് റെയിൽവേയിൽ അടയ്ക്കുക. മടങ്ങിയവരുടെ പണം ആരെങ്കിലും സ്‌പോൺസർ ചെയ്താലും തൊഴിലാളികൾക്ക് മടക്കി നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. സമരരൂപമായി കോൺഗ്രസ് ഉയർത്തുന്ന സമ്മർദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/3bejOsg
via
IFTTT
No comments:
Post a Comment