തൃശ്ശൂർ : ലക്ഷംരൂപയുടെ വിലയുണ്ടായിരുന്നു സുരേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പതിനായിരത്തിന്. തുക സ്വീകരിച്ച്, ‘ഇതിലും വലിയ മാനസാന്തരമില്ല’ എന്നായിരുന്നു തൃശ്ശൂർ കളക്ടർ എസ്. ഷാനവാസിന്റെ പ്രതികരണം. സുരേഷിനെ അനുമോദിക്കാൻ ജില്ലാ കളക്ടറുടെ ചേംബറിൽ മറ്റുചിലരും വന്നിരുന്നു. ചീഫ് വിപ്പ് കെ. രാജൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിങ്ങനെ...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകുന്ന കേരളത്തിലെ ആദ്യത്തെ വിചാരണത്തടവുകാരനാണ് തമിഴ്നാട് സ്വദേശി എ. സുരേഷ്. കൊച്ചിയിൽ ആക്രി പെറുക്കി ജീവിച്ചിരുന്ന നിരക്ഷരനായ സുരേഷ് 2017 ഡിസംബർ 27-നാണ് തൃശ്ശൂർ ജില്ലാ ജയിലിലെത്തിയത്. സുരേഷിന്റെ ആക്രിയിൽനിന്ന് നിയമം വിലക്കിയ മരുന്നുകൾ കണ്ടെടുത്തെന്നാണു കുറ്റം. കടുത്ത വേദനയില്ലാതാക്കാൻ ഉപയോഗിക്കുന്ന മരുന്നായിരുന്നു ഇത്. വിചാരണ ഇനിയും തീർന്നിട്ടില്ല. സുരേഷിനും സ്വന്തം ഭാഗം വിശദീകരിക്കാനുണ്ട്. ഒരു മരുന്നുസ്ഥാപനം ഉപേക്ഷിച്ച മരുന്നുകൾ, കവറിൽനിന്നും മൂടിയിൽനിന്നും അലുമിനിയം വേർതിരിക്കാൻ ശേഖരിച്ചതാണെന്ന് സുരേഷ് പറയുന്നു.റിമാൻഡ് കാലാവധിക്കുശേഷം ജാമ്യത്തിനായി ഭാര്യ അദ്ഭുതമേരി എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. പക്ഷേ, ജാമ്യഹർജി പരിഗണിക്കുന്നതിന് രണ്ടുനാൾ മുമ്പ് അവർ പ്രസവത്തോടെ മരിച്ചു. ജാമ്യമെടുക്കാൻ ആളില്ലാതായി. വിചാരണത്തടവുകാരനായി രണ്ടരവർഷമായി സുരേഷ് തൃശ്ശൂർ ജില്ലാ ജയിലിൽ കഴിയുന്നു. നാഗർകോവിൽ മീനാക്ഷിപുരം പത്തരവിളയിലെ കുടുംബാംഗങ്ങളാരും ബന്ധപ്പെടാറില്ല. വിചരണത്തടവുകാരനായി ജോലിചെയ്യാൻ സുരേഷ് തയ്യാറായി. നല്ല സ്വഭാവം കണക്കിലെടുത്ത് ജോലിനൽകി. ദിവസക്കൂലി 127 രൂപ. പണം ആർക്കും അയക്കാനില്ല. ആരെയും ഫോൺ വിളിക്കാനുമില്ല. അതിനാൽ ചെലവുകളുമില്ല. അങ്ങനെ സ്വരൂപിച്ച പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2SLnkE5
via
IFTTT
No comments:
Post a Comment