മങ്ങി മാഞ്ഞുപോയ വിഷുക്കാലത്തോടൊപ്പം ഒരു നോമ്പുകാലവും കോവിഡ് 19-ന്റെ കരിനിഴലിൽ ആളും ആരവവും ആഘോഷങ്ങളുമില്ലാതെ കടന്നുപോകുന്നു. മലപ്പുറത്തിന്റെ പോയ നോമ്പുകാലങ്ങൾ ഓർമവരുന്നു. ജില്ലയിലെ എല്ലാ നഗരങ്ങളിലും ഒരുപോലെ സജീവമാകുന്ന പലഹാരത്തെരുവുകളായിരുന്നു നോമ്പുകാലത്തിന്റെ ഒരു പ്രധാന ആകർഷണം. മലപ്പുറത്തിന്റെ മാത്രമായ നോമ്പുകാല പലഹാരങ്ങൾ; സമൂസ, ഉന്നക്കായ, പഴംനിറച്ചത്, പഴംപൊരി, മാൽപൊരി, കടലമാവിൽ പൊരിച്ചെടുത്ത മൃദുവും സ്വാദിഷ്ടവുമായ ഉള്ളിപ്പൊക്കവട, മുക്കിപ്പൊരിച്ച ഉള്ളിവട, തേൻകുഴൽ, ഐനാസ്... എണ്ണമറ്റ പലഹാരങ്ങൾ നോമ്പുതുറയ്ക്കായി ഒരുക്കിവെച്ചിരുന്ന കടകളെല്ലാം ഈ കോവിഡ് കാലത്ത് അപ്രത്യക്ഷമായി. നാവിൽ വെള്ളമൂറുന്ന ഒരോർമയാണത്.’സമൂസപ്പടി’ എന്നൊരു സ്ഥലംതന്നെ മലപ്പുറത്ത് പഴമള്ളൂരിലുണ്ട്. കുടിൽവ്യവസായമായി പതിനായിരക്കണക്കിന് സമൂസ ഒരുദിവസം ഉത്പാദിപ്പിച്ചിരുന്ന ഒരു ഗ്രാമം. മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും പ്രശസ്തമായിരുന്നു ’സമൂസപ്പടി’യിലെ സമൂസ. എല്ലാ ചായക്കടകളിലും രാവിലെയും വൈകീട്ടും സുലഭമായി ലഭിച്ചിരുന്ന ആ സമൂസ കൊറോണക്കാലത്ത് കാണാൻ കിട്ടാതെയായി.നോമ്പുകാലത്തുമാത്രം കിട്ടിയിരുന്ന സവിശേഷമായ മലപ്പുറം പലഹാരമാണ് ഉന്നക്കായ. നീണ്ടുരുണ്ട് രണ്ടറ്റം കൂർത്ത് ഒരു ചെറുപഴത്തോളം വലിപ്പത്തിൽ പലവിധ മധുരങ്ങളെ സമാനകളില്ലാത്തവിധം സ്വാദിഷ്ടമായ അനുപാതത്തിൽ സംയോജിപ്പിച്ച ഉന്നക്കായ നഷ്ടസ്മരണയായി. മഞ്ഞനിറത്തിൽ ചേർത്തുമടക്കിയ ഒരോമടക്കിലും പഞ്ചസാര വിളയിച്ചൊഴിച്ച ഐനാസ് (മടക്ക് എന്നുമുണ്ട് പേര്), ജിലേബിപോലെ എന്നാൽ അതിലേറെ മധുരംനിറച്ച മഞ്ഞത്തേൻകുഴൽ എന്നിവ മലപ്പുറം പലഹാരവിപണിയുടെ തനതുപലഹാരങ്ങളായിരുന്നു.എടപ്പാളിലും ചങ്ങരംകുളത്തും വളാഞ്ചേരിയിലും തിരൂരിലും കുറ്റിപ്പുറത്തും കടകളിൽ നിരന്നുനിന്ന നോമ്പുപലഹാരങ്ങൾ ബാങ്കിലെ ജോലികഴിഞ്ഞുപോകുമ്പോൾ ഞാൻ കുട്ടികൾക്കു വാങ്ങിക്കൊണ്ടുപോയിരുന്നു. എല്ലാദിവസവും ധാരാളം ഇഫ്താർ വിരുന്നുകളുമുണ്ടായിരുന്നു. ഇന്ന് എല്ലാം സ്വന്തം വീടുകളിലൊതുങ്ങിയെങ്കിലും വീട്ടുരുചികൾ ഓരോ നോമ്പുതുറയേയും കൂടുതൽ ഹൃദ്യമാക്കുന്നുണ്ടാവും. ഉമ്മമാർ അതിൽ സ്വന്തം സ്നേഹംകൂടി ചേർത്തിരിക്കും. കുട്ടിക്കാലത്ത് എനിക്ക് അമ്മയെപ്പോലെ സ്വന്തമായിരുന്ന ആയിശുമ്മത്താത്തയുടെ പത്തിരിയും ഇറച്ചിക്കറിയും കഴിച്ച നോമ്പുകാലങ്ങൾ ഞാനെത്രതവണ ഓർത്തിരിക്കുന്നു. നാളികേരപ്പാലൊഴിച്ച് കഴിച്ച ആ കൈപ്പത്തിരിയുടെ സ്വാദ് മറക്കുവതെങ്ങനെ !’ഉമ്മമാരുടെ കാൽച്ചുവട്ടിലാണ് സ്വർഗം’ എന്ന അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ഒരു ഹദീസ് ഓർത്തുപോകുന്നു. ഈ നോമ്പുകാലം പല ഉമ്മമാർക്കും കണ്ണുനീരാണ്. കാരണം അവരുടെ മക്കൾ പലരും നാട്ടിലേക്ക് വരാനാവാതെ വിദൂരവിദേശങ്ങളിലാണ്. ഈ കാലവും കടന്നുപോകും. എല്ലാമറിയുന്നവനായ ജഗന്നിയന്താവിനാകുന്നു എല്ലാ സ്തുതിയും. അവനറിയാതെ ഒരിലപോലും ഭൂമിയിൽ കൊഴിയുന്നില്ല. എല്ലാ സത്യവിശ്വാസികൾക്കും റംസാൻ മുബാറക്ക്.
from mathrubhumi.latestnews.rssfeed https://ift.tt/3c5zsaw
via
IFTTT
No comments:
Post a Comment