വാഷിങ്ടൺ: കോവിഡ് വൈറസിനെതിരേയുള്ള വാക്സിൻ വർഷാവസാനത്തോടെ ലഭ്യമായേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറസ് ബാധിച്ച് യു.എസിൽ മരണം ഒരുലക്ഷത്തോളമായേക്കാമെന്നും ഫോക്സ് ന്യൂസിനു നൽകിയ വെർച്വൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്ത് മരണം എഴുപതിനായിരത്തോടടുക്കുകയാണ്.എന്നാൽ, വാക്സിൻ ഈ വർഷം ലഭ്യമാകുമെന്ന ട്രംപിന്റെ വിശാസത്തെ വൈറ്റ്ഹൗസ് ആരോഗ്യവിദഗ്ധൻ ആന്റണി ഫൗച്ചി ഉൾപ്പെടെയുള്ളവർ തള്ളി. പരീക്ഷണഘട്ടങ്ങളെല്ലാം കഴിഞ്ഞ് വാക്സിൻ ലഭിക്കാൻ 12 മുതൽ 18 വരെ മാസങ്ങൾ വേണ്ടിവന്നേക്കുമെന്ന് ഫൗച്ചി പറഞ്ഞു. ഈ വർഷം വാക്സിൻ ലഭിക്കാനുള്ള സാധ്യത തീരെ കുറവാണെന്ന് ബ്രിട്ടീഷ് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും പറഞ്ഞു.കോവിഡ് വ്യാപനം തടയുന്നതിൽ യു.എസ്. ഭരണകൂടം വീഴ്ചവരുത്തിയെന്ന ആരോപണം ട്രംപ് തള്ളിക്കളഞ്ഞു. ശരിയായ രീതിയിലാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ ട്രംപ് ചൈനയെ കുറ്റപ്പെടുത്തുന്നതും ആവർത്തിച്ചു. വൈറസ് വ്യാപനം തടയുന്നതിൽ വലിയ തെറ്റാണ് ചൈന ചെയ്തതെന്നും അവരത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് വന്നത് ചൈനീസ് ലാബിൽനിന്നുതന്നെ, തെളിവുണ്ട്കോവിഡ് വൈറസിന്റെ ഉറവിടം ചൈനയിലെ വൈറോളജി ലാബു തന്നെയാണെന്നതിന് മതിയായ തെളിവുണ്ടെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ, തെളിവുകൾ വിശദമാക്കാൻ അദ്ദേഹം തയ്യാറായില്ല. “ലോകത്തിനു മുഴുവൻ ഇപ്പോൾ കാണാം, ലോകത്താകെ രോഗം പടർത്തുകയും നിലവാരം കുറഞ്ഞ ലബോറട്ടറികൾ നടത്തുകയും ചെയ്യുന്ന ചരിത്രം ചൈനയ്ക്കുണ്ട് എന്നത്” -പോംപിയോ പറഞ്ഞു. എന്നാൽ, പോംപിയോയുടേത് ഭ്രാന്തൻ ആരോപണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം പ്രതികരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2yk1n89
via
IFTTT
No comments:
Post a Comment