തോട്ടത്തില്‍ കടുവ കിടക്കുന്നതുകണ്ട് ഓടി, പിന്നാലെ വന്യമൃഗം കുതിച്ചെത്തി ; നൂറു മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് മോഹനന്‍ ഓടിക്കയറി ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടിച്ചത് തണ്ണിത്തോട്ടിലെ നരഭോജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 12, 2020

തോട്ടത്തില്‍ കടുവ കിടക്കുന്നതുകണ്ട് ഓടി, പിന്നാലെ വന്യമൃഗം കുതിച്ചെത്തി ; നൂറു മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് മോഹനന്‍ ഓടിക്കയറി ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടിച്ചത് തണ്ണിത്തോട്ടിലെ നരഭോജി

റാന്നി: തണ്ണിത്തോട്ടില്‍ മനുഷ്യ ജീവന്‍ എടുത്ത നരഭോജി കടുവ വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ഞായറാഴ്ച രാത്രി മണിയാറിലെത്തി പശുക്കിടാവിനെ കൊന്ന ശേഷം കാടു കയറിയ കടുവ ഇന്നലെ വടശേരിക്കര ബൗണ്ടറിക്കും ചമ്പോണിനും ഇടയില്‍ റബര്‍ തോട്ടത്തിലെത്തി പുലര്‍ച്ചെ ടാപ്പിങ്ങിനായി പോയ വയോധികനെ കൊല്ലാന്‍ഇട്ടോടിച്ചു.

മാടമണ്‍ ചമ്പോണ്‍ അതുമ്പനാംകുഴി കിഴക്കേപറമ്പില്‍ മോഹനനാ(60)ണ് കടുവയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. തലനാരിഴയ്ക്ക് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ചമ്പോണ്‍ ചേന്നാട്ട് തോമസ് ഫിലിപ്പിന്റെ തോട്ടത്തിലെ റബര്‍ ടാപ്പു ചെയ്യാനായി ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് പോകുമ്പോഴാണ് മോഹനന്‍ കടുവയുടെ മുമ്പില്‍ അകപ്പെട്ടത്. തോട്ടത്തില്‍ കടുവ കിടക്കുന്നതുകണ്ട് രക്ഷപ്പെടാന്‍ ഓടിയ മോഹനന്റെ പിന്നാലെ കടുവ കുതിച്ചു. നൂറു മീറ്ററോളം അകലെയുള്ള വീടിനുള്ളിലേക്ക് ഓടിക്കയറി വാതില്‍ അടച്ചതിനാല്‍ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ഈ വീട്ടിലെ യുവാവും കടുവയെ നേരില്‍ക്കണ്ടു.

വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു. മോഹനന്റെ പിന്നാലെയെത്തിയ കടുവയുടെ കാല്‍പ്പാടുകള്‍ അദ്ദേഹം രക്ഷപ്പെടാന്‍ കയറിയ വീട്ടുമുറ്റത്തു വരെ പതിഞ്ഞതായി വടശേരിക്കര റെയ്ഞ്ച് ഓഫീസര്‍ ബി. വേണുകുമാര്‍ പറഞ്ഞു. ഞായറാഴ്ച പശുവിനെ കൊന്ന മണിയാര്‍ പൂതക്കല്ലില്‍ രാജന്റെ വീട്ടില്‍ നിന്നും നാലു കിലോമീറ്ററോളം അകലെയാണ് ഇന്നലെ കടുവയെ കണ്ടത്. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും ചമ്പോണ്‍ തോട്ടത്തില്‍ ടാപ്പിങ്ങുകാരനെ ആക്രമിക്കാന്‍ ഓടിച്ചത് തണ്ണിത്തോട്ടിലെ നരഭോജി കടുവയാണെന്ന് വനപാലകര്‍ ഉറപ്പാക്കിയിട്ടുണ്ട്.

മണിയാര്‍ വനമേഖലയില്‍ നിന്നും ചമ്പോണ്‍ പ്രദേശത്തെ ജനവാസമേഖലയിലേക്ക് അക്രമാസക്തനായ കടുവ കടന്നതോടെ ജനം ഭീതിയിലാണ്. ഇതോടെ വനപാലകരും അതീവ ജാഗ്രതയിലായി. ഇന്നലെ കടുവയെ കണ്ട സ്ഥലത്തും സമീപ മേഖലകളിലുമെല്ലാം വനപാലക സംഘം അരിച്ചു പെറുക്കിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. വയനാട്ടില്‍ നിന്നെത്തിയ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ, കോന്നി വെെറ്റനറി സര്‍ജന്‍ ശ്യാംകുമാര്‍, എ.സി.എഫ്.ഹരികൃഷ്ണന്‍, റെയ്ഞ്ച് ഓഫീസര്‍ ബി. വേണുകുമാര്‍, മറ്റു വനപാലകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റബര്‍ തോട്ടങ്ങളിലും ജനവാസ മേഖലയോടു ചേര്‍ന്ന വനപ്രദേശത്തും കുറ്റിക്കാടുകളിലും തെരച്ചില്‍ നടത്തി.

കാടു മൂടിയ പ്രദേശങ്ങളില്‍ ഇവര്‍ വെടിവച്ച് ശബ്ദമുണ്ടാക്കി. പത്തനാപുരത്തു നിന്നും വനംവകുപ്പ് എത്തിച്ച ഡ്രോണ്‍ ഉപയോഗിച്ച് മേഖലയിലെല്ലാം പലവട്ടം നിരീക്ഷണവും നടത്തി. കടുവയെ കുടുക്കാന്‍ മണിയാറില്‍ തിങ്കളാഴ്ച സ്ഥാപിച്ച രണ്ടു കൂടുകള്‍ക്കു പുറമേ ഇന്നലെ തണ്ണിത്തോട്ടില്‍ നിന്നെത്തിച്ച ഒരു കൂട് ബൗണ്ടറി യൂക്കാലി പ്ലാന്റേഷനിലും സ്ഥാപിച്ചു. കടുവയിറങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ്, െവെസ്പ്രസിഡന്റ് റിങ്കു ചെറിയാന്‍ തുടങ്ങിയവര്‍ എത്തി. ഇവര്‍ എ.എ.സി.എഫ്. ഹരികൃഷ്ണനുമായി ചര്‍ച്ച നടത്തി.

വടശേരിക്കര: കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് മണിയാര്‍, കോന്നി താലൂക്കിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് 15ന് അര്‍ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും. 15ന് മുമ്പായി വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് റദ്ദാകും.



from mangalam.com https://ift.tt/35StCXA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages