ന്യൂഡല്‍ഹി : 'അംഫാന്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്.
ബുധനാഴ്ചയോടെ കാറ്റ് ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 കിലോമീറ്റര്‍ ആണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും. അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത.
ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. ഒഡിഷയില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്നത്.
കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്‌കൂള്‍, കോളേജ് കെട്ടിടങ്ങളാണ്'', എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.
കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയില്‍ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും. ഇതിനിടെ, ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു.
from mangalam.com https://ift.tt/2TdA1rg
via IFTTT
No comments:
Post a Comment