ആലപ്പുഴ: മാർച്ച് 27-ന് രാത്രി 12 മണിക്ക് ഡ്രൈവിങ് സീറ്റിൽ കയറിയതാണ് കുഞ്ഞുമോൻ. തുടർച്ചയായ 42 ദിവസമെത്തി. അതെ, കുഞ്ഞുമോൻ സീറ്റിലുണ്ട്. മറ്റ് സീറ്റുകളിൽ ആശ്വാസത്തിൽ ആരോഗ്യപ്രവർത്തകരും. കാരണം കഴിഞ്ഞ 42 ദിവസങ്ങളായി കരുതലോടെ ആരോഗ്യപ്രവർത്തകരെ ആശുപത്രികളിലെത്തിക്കുന്നത് കുഞ്ഞുമോനാണ്. ഒരു ദിവസം ഓടിത്തീർക്കുന്നത് 305 കിലോമീറ്ററും.ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഈ കെ.എസ്.ആർ.ടി.സി.ഡ്രൈവർ വിശ്രമിച്ചിട്ടില്ല. മാർച്ച് 27-ന് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ തിരികെ വീടുകളിൽ എത്തിക്കുന്നതിനാണ് കുഞ്ഞുമോൻ കോവിഡ്-19 പ്രവർത്തനത്തിൽ ആദ്യമായി പങ്കാളിയാകുന്നത്. പിന്നീട് കെ.എസ്.ആർ.ടി.സി. ആരോഗ്യപ്രവർത്തകർക്കായി ഏർപ്പെടുത്തിയ സർവീസിന്റെ സാരഥിയായി. ആദ്യം കുറച്ച് ദിവസം മാത്രം കായംകുളത്തുനിന്ന് ആലപ്പുഴവരെയായിരുന്നു സർവീസ്. വണ്ടാനം മെഡിക്കൽ കോളേജിലെയും ആലപ്പുഴയിലെ ഇ.എസ്.ഐ. ആശുപത്രിയിലെയും ജീവനക്കാരായിരുന്നു യാത്രക്കാർ. പിന്നീട് സർവീസ് നൂറനാട്ടിൽനിന്ന് ആലപ്പുഴ വരെയായി. അങ്ങോട്ടും ഇങ്ങോട്ടും ഒട്ടേറെ ട്രിപ്പുകൾ. 305 കിലോമീറ്ററാണ് ഒരുദിവസം ഓടിത്തീർക്കേണ്ടത്. വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങി രാത്രി 8.40-നാണ് സർവീസ് അവസാനിപ്പിക്കുന്നത്. 1997-ൽ സർവീസിൽ കയറിയ കുഞ്ഞുമോന് ഈ സർവീസും ഒരു ആത്മസർപ്പണത്തിന്റെ ഭാഗമാണ്. ഡിപ്പോയിൽ മാറിക്കയറാൻ വേറെ ആളുണ്ടെങ്കിലും സന്തോഷവാനും സർവഥാ സന്നദ്ധനുമാണ് കുഞ്ഞുമോൻ. ഏറ്റെടുത്ത ജോലി പൂർത്തിയാകുന്നതുവരെ കുഞ്ഞുമോൻ ആനവണ്ടിയുടെ അമരത്തുതന്നെയുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/2L6LBQD
via
IFTTT
No comments:
Post a Comment