ദുബായ്: യു.എ.ഇ.യിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നഭ്യർഥിച്ച് സുപ്രീംകോടതിയെ സമീപിച്ച ഗർഭിണിക്ക് ആദ്യ വിമാനത്തിൽതന്നെ മടങ്ങാൻ അനുമതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ്. ആതിരയെ ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് കോൺസുൽ ജനറൽ വിപുൽതന്നെ നേരിട്ടു വിളിച്ച് ഇക്കാര്യമറിയിച്ചു. വ്യാഴാഴ്ച തുടങ്ങുന്ന പ്രത്യേക വിമാനസർവീസിലെ ആദ്യയാത്രയിൽ ആതിരയ്ക്ക് നാട്ടിലേക്ക് മടങ്ങാം.ഏഴുമാസം ഗർഭിണിയായ ആതിര തന്നെപ്പോലുള്ള ഗർഭിണികളുടെ മടക്കയാത്രാ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത് യു.എ.ഇ.യിലും ഇന്ത്യയിലും വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കേ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് യാത്ര മുടങ്ങിയത്. ഗർഭിണികളായ ഒട്ടേറെപ്പേരാണ് നാട്ടിലേക്ക് മടങ്ങാനിരുന്നത്. ഇവരുടെയെല്ലാം പ്രതിനിധിയെന്ന രീതിയിൽ ആതിര, ദുബായിലെ ഇൻകാസ് യൂത്ത് വിങ് മുഖേനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏഴുമാസം ഗർഭിണിയാണെന്നും മേയ് പകുതിയായാൽ യാത്ര ചെയ്യാനാകില്ലെന്നും ഗർഭിണികളോട് അനുഭാവം കാട്ടണമെന്നും അവർക്കായി യാത്രാസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.ദുബായിലെ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയാണ് ആതിര. ഭർത്താവ് നിതിൻ നിർമാണ മേഖലയിൽ എൻജിനിയറാണ്. ലോക്ഡൗൺ കഴിയുന്നതിന് മുമ്പുതന്നെ പ്രത്യേക വിമാന സർവീസിലൂടെ നാട്ടിലെത്താമെന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണ് ആതിരയടക്കമുള്ള ഗർഭിണികൾ. ആതിരയുടെ യാത്രയ്ക്കുള്ള ടിക്കറ്റ് തുക ഷാഫി പറമ്പിൽ എം.എൽ.എ.യാണ് നൽകിയത്. സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പിൽ ടിക്കറ്റ് നൽകിക്കൊണ്ട് പറഞ്ഞത്. സമ്മാനം സ്വീകരിച്ച ആതിരയും ഭർത്താവ് നിതിനും ടിക്കറ്റെടുക്കാൻ ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞു. കൂടാതെ രണ്ടുപേർക്ക് നാട്ടിലേക്കുള്ള ടിക്കറ്റിന് പണം നൽകാമെന്നും അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2WBInK3
via
IFTTT
No comments:
Post a Comment