ചെന്നൈ: ചെന്നൈ കോയമ്പേട് മൊത്തവ്യാപാര ചന്തയിൽനിന്നുള്ള കോവിഡ് വ്യാപനം കേരളത്തെയും ആശങ്കയിലാക്കുന്നു. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം ഏപ്രിൽ 30 വരെ കേരളത്തിൽനിന്ന് സാധനങ്ങളുമായി നിരവധി ലോറികൾ കോയമ്പേടിൽ എത്തിയതാണ് ആശങ്കയ്ക്ക് കാരണം. പ്രധാനമായും കൈതച്ചക്ക, ഇഞ്ചി, മാമ്പഴം, ചക്ക, ഏലം തുടങ്ങിയവയാണ് കൊണ്ടുവരുന്നത്. നിലവിൽ കോയമ്പേട് ചന്തയുമായി ഇടപഴകിയ 7000 പേർ കോവിഡ് സംശയത്തിന്റെ നിഴലിലാണ്. ഇതിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് കോയമ്പേട് വ്യാപാരി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോയമ്പേട് എത്തിയ 500-ഓളം പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പെരുമ്പാവൂർ, വാഴക്കുളം, കോതമംഗലം, തൊടുപുഴ, കോട്ടയം, റാന്നി, എരുമേലി, പുനലൂർ, പത്തനാപുരം, മുണ്ടക്കയം ഭാഗങ്ങളിൽ നിന്നാണ് കോയമ്പേടിലേക്ക് കൈതച്ചക്ക എത്തിക്കുന്നത്. പ്രതിദിനം ഏഴു ലോറികളിലായി ചുരുങ്ങിയത് 50 ടണ്ണിലധികം കൈതച്ചക്ക ഇറക്കുന്നു. വാഴക്കുളത്തു നിന്നെത്തിയ ലോറിയുടെ ഡ്രൈവർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അൽഫോൻസ, ബംഗനപ്പള്ളി മാമ്പഴം പുനലൂർ, ചെങ്കോട്ട മേഖലകളിൽനിന്നാണ് എത്തുന്നത്. മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ചക്ക എത്തിക്കുന്നു. കുമളി, മുണ്ടക്കയം ഭാഗത്തുനിന്ന് ഏലവും വയനാട്ടിൽനിന്ന് ഇഞ്ചിയും എത്തിക്കുന്നു. ഈ വ്യാപാര സമ്പർക്കം കോയമ്പേടു നിന്നും കേരളത്തിലേക്ക് കോവിഡ് വ്യാപിക്കാൻ കാരണമായിട്ടുണ്ടാകുമെന്നാണ് വ്യാപാരിസംഘം സംശയിക്കുന്നത്. കോയമ്പേടിലേക്ക് വരുന്ന ലോറികൾ മടക്കയാത്രയിൽ ദിണ്ടിവനത്തുനിന്ന് തണ്ണിമത്തൻ കയറ്റി കേരളത്തിലെത്തിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏപ്രിൽ 30-ന് കോയമ്പേട് ചന്ത അടച്ചിട്ടു. ചന്ത മാധാവരം എന്ന സ്ഥലത്തേക്ക് മാറ്റിയെങ്കിലും കോയമ്പേടുള്ള വ്യാപാരികളാണ് ഇവിടെയും കടകൾ നടത്തുന്നത്. വരും ദിവസങ്ങളിൽ കേരളത്തിൽനിന്നും ചരക്കുലോറികൾ മാധവാരത്തെത്തുമ്പോൾ വീണ്ടും കോവിഡിനെ ഭയക്കേണ്ട അവസ്ഥയാണെന്ന് ചന്തയിലെ എസ്.വി. ഫ്രൂട്ട് സ്റ്റാൾ ഉടമയും മലയാളിയുമായ സജി വർഗീസ് പറഞ്ഞു. കോയമ്പേട്, മാധാവരം ചന്തകളിൽ ഒട്ടേറെ മലയാളി വ്യാപാരികളുണ്ട്.300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോയമ്പേട് ചന്ത ശുചിത്വകാര്യങ്ങളിലും പിന്നിലാണ്. വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവർമാരും ആശ്രയിക്കുന്നത് പൊതു ശൗചാലയങ്ങളാണ്. കടത്തിണ്ണകളിൽ കൂട്ടത്തോടെ കിടന്നുറങ്ങുന്നു. കുടിവെള്ളത്തിന് പൊതുടാപ്പും. ഇതൊക്കെ അതിവേഗ രോഗവ്യാപനത്തിലേക്ക് നയിക്കുന്നെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷയ്ക്കാവശ്യമുള്ള പോലീസിനെയും ഇവിടെ നിയോഗിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2yCNJNc
via
IFTTT
No comments:
Post a Comment