ദുബായ്: നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ മടിക്കുന്ന രാജ്യങ്ങളുമായുള്ള തൊഴിൽ ബന്ധങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന് യു.എ.ഇ.യുടെ മുന്നറിയിപ്പ്. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാർ മുറവിളി കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് യു.എ.ഇ. മനുഷ്യവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വിശദീകരണമെന്ന് യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ എജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ധാരാളം പൗരന്മാർ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടും അത് കാണാതിരിക്കുന്ന രാജ്യങ്ങളുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിക്കുന്നതാണ് യു.എ.ഇ.യുടെ മുന്നറിയിപ്പ്. ലോക്ഡൗൺ കഴിയാതെ പ്രവേശനം അനുവദിക്കാനാവില്ല എന്ന നിലപാടിലായിരുന്നു ഇന്ത്യ. ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം പരാമർശിച്ചിട്ടില്ലെങ്കിലും ഇന്ത്യ, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിഷേധാത്മക നിലപാടിന് എതിരേയാണ് യു.എ.ഇ.യുടെ പുതിയ നീക്കമെന്നാണ് സൂചന. എന്തുകൊണ്ട് ഇന്ത്യയും പാകിസ്താനും സ്വന്തം പൗരന്മാരെ പരിഗണിക്കുന്നില്ല എന്ന ചോദ്യവുമായി കഴിഞ്ഞദിവസം യു.എ.ഇ.യിലെ ചില ഇംഗ്ലീഷ് പത്രങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാർ ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഏതാനും ദിവസംമുമ്പ് നൂറുകണക്കിന് പാകിസ്താൻ പൗരന്മാർ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് തടിച്ചുകൂടി ദുബായിൽ പോലീസിന്റെ സാന്നിധ്യത്തിൽ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. താത്പര്യമുള്ളവരെ കൊണ്ടുപോകാൻ യു.എ.ഇ. തയ്യാറാണെന്ന് ഇന്ത്യയിലെ യു.എ.ഇ. അംബാസഡർ ഡൽഹിയിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സന്ദർശകവിസയിലെത്തി കുടുങ്ങിക്കിടക്കുന്നവരെയെങ്കിലും നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പ്രവാസി സംഘടനകളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും ഇതുസംബന്ധിച്ച ഹർജികളെത്തി. സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽപരമായ കരാറുകൾ പുനഃപരിശോധിക്കുമെന്നും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പഠിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങൾ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു. ഇത്തരം രാജ്യങ്ങളുമായി തൊഴിൽസംബന്ധിയായ ധാരണാപത്രങ്ങൾ റദ്ദാക്കുന്നതും ഭാവിയിലുള്ള തൊഴിൽനിയമനങ്ങൾ നിയന്ത്രിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളാണ് യു.എ.ഇ. ആലോചിക്കുന്നത്. സ്വന്തം പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മന്ത്രാലയം മറ്റ് വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നീക്കവും അദ്ദേഹം എടുത്തുപറഞ്ഞു. നാട്ടിലേക്ക് പോകാൻ സന്നദ്ധരാകുന്ന പ്രവാസികൾക്ക് അവധി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയിൽ അവധി നൽകുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവർ പാസാക്കി. ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാർക്ക് പോകാനായി എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികൾ പ്രത്യേകം വിമാനസർവീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ത്യ അനുമതി നൽകാത്തതിനാൽ പിന്നീട് അവ റദ്ദാക്കി. ഇതിനിടയിൽ വിദേശരാജ്യങ്ങളിലുള്ള സ്വന്തം പൗരന്മാരെ യു.എ.ഇ. തിരിച്ചുകൊണ്ടുവന്നിരുന്നു. Content Highlights:Thousands of Indians have been wanting to return home for days
from mathrubhumi.latestnews.rssfeed https://ift.tt/2V3xxNx
via
IFTTT
No comments:
Post a Comment