തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഘട്ടംമുതൽ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവു പത്രസമ്മേളനം വ്യാഴാഴ്ചയോടെ നിർത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകണ്ടതിന്റെയും രോഗബാധയുള്ളവരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെയും സന്തോഷം പങ്കിട്ടാണ് അവസാന പത്രസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ ആരോപണം ശക്തമാകുകയും സർക്കാർ നടപടി വിവാദത്തിലാകുകയും ചെയ്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. കോവിഡ് സംബന്ധിച്ച വിവരങ്ങൾ ഒറ്റ കേന്ദ്രത്തിൽനിന്നു പുറത്തുവന്നാൽ മതിയെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എല്ലാ ദിവസവും അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനം തുടങ്ങിയത്. ചെറിയ വിവാദത്തിൽ തുടങ്ങുകയും വലിയ വിവാദത്തിൽ ഒടുങ്ങുകയും ചെയ്തുവെന്നതാണ് പത്രസമ്മേളനത്തിന്റെ ഒറ്റവരി വിലയിരുത്തൽ. ആരോഗ്യമന്ത്രിയായിരുന്നു ആദ്യം രോഗവിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. സർക്കാരിനെതിരേ പ്രതിപക്ഷ ആക്രമണം കടുത്തപ്പോൾ ആരോഗ്യമന്ത്രിക്ക് 'മീഡിയ മാനിയ' ആണെന്ന കടുത്ത പ്രയോഗം പ്രതിപക്ഷനേതാവ് നടത്തി. ഇത് വലിയ വിമർശനത്തിനു വഴിവെച്ചു. തുടർന്നാണ് പത്രസമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തത്. സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമാകുന്നുണ്ടെന്ന് എതിരാളികൾക്കുപോലും മതിപ്പുണ്ടാക്കിയതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാക്കുകൾ. എന്നാൽ, വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാർ പ്രതിച്ഛായ ഇടിച്ചുനിന്നു. പ്രതിപക്ഷനേതാവിന് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും, പതിവ് പത്രസമ്മേളനം വിവാദ വിഷയങ്ങളിലേക്കു വഴിമാറുന്നതിന്റെ അപകടവും ഇതോടെ സർക്കാർ തിരിച്ചറിഞ്ഞു. ഇതും പത്രസമ്മേളനം അവസാനിപ്പിക്കാൻ കാരണമായെന്നാണു സൂചന. Content Highlights:controversy grew; The chief ministers regular press conference was halted
from mathrubhumi.latestnews.rssfeed https://ift.tt/2Kad9nw
via
IFTTT
No comments:
Post a Comment