ന്യൂഡല്‍ഹി: വാണിജ്യസ്ഥാപനങ്ങള്‍ പി.എം.കെയേഴ്‌സിലേക്കുനല്‍കുന്ന സംഭാവന കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആര്‍.) ഫണ്ടായി പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, മുഖ്യമന്ത്രിമാരുടെയോ സംസ്ഥാനങ്ങളുടെയോ ദുരിതാശ്വാസനിധിയിലേക്കുള്ള കോര്‍പ്പറേറ്റ് സംഭാവന ഇത്തരത്തില്‍ പരിഗണിക്കാനാവില്ലെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന സംഭാവന സി.എസ്.ആര്‍. പ്രവര്‍ത്തനമായി കണക്കാക്കി ഇളവുനല്‍കുമെന്ന് കേന്ദ്രധനമന്ത്രാലയം മാര്‍ച്ച് 23-ന് വ്യക്തമാക്കിയിരുന്നു. ആരോഗ്യപരിരക്ഷ, ശുചിത്വം, ദുരന്തനിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പലയിടങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.എസ്.ആര്‍. ധനസഹായം ലഭ്യമാക്കാനുള്ള അവസരമൊരുക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം. കമ്പനിനിയമത്തിലെ ഏഴാംപട്ടികയിൽ പറയുന്ന ഇളവുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്പനികാര്യമന്ത്രാലയം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കുള്ള സംഭാവനകൂടി സി.എസ്.ആറില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തണം. വന്‍കിടകമ്പനികളും സ്ഥാപനങ്ങളും മൊത്തം ലാഭവിഹിതത്തിന്റെ രണ്ടുശതമാനം സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ. അഞ്ചുകോടി ലാഭമോ ആയിരംകോടി മൊത്തവരുമാനമോ ഉള്ള കമ്പനികള്‍ക്കാണ് ഇത് ബാധകം. രാജ്യത്തെ അഞ്ഞൂറോളം പ്രമുഖ കമ്പനികള്‍ ഇതുവരെ 60,000 കോടി രൂപ സി.എസ്.ആര്‍. ഫണ്ടായി ചെലവഴിച്ചിട്ടുണ്ടെന്നാണ് 2014 മുതലുള്ള കണക്കുകള്‍.പി.എം. കെയേഴ്‌സിലേക്കുമാത്രം ഇളവനുവദിക്കുന്നത് വിവേചനമാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ഫെഡറല്‍ തത്ത്വത്തിന് എതിരാണ് കേന്ദ്രതീരുമാനം. കോവിഡ് പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുള്ളത് സംസ്ഥാനങ്ങളാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/34s4RAO
via
IFTTT
No comments:
Post a Comment