ദുബായ് : കോവിഡ്-19 ഉണ്ടാക്കിയ നാശവും ഭീതിയും നഷ്ടങ്ങളും ഒരുഭാഗത്ത് നിലനിൽക്കെത്തന്നെ സാമ്പത്തിക മേഖലയിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെറിച്ചുള്ള ആശങ്കയാണ് ഗൾഫ് നാടുകളിലെങ്ങും. ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വിദേശ നിക്ഷേപം, നിർമാണം തുടങ്ങി എല്ലാ മേഖലകളെയും ഇത് ബാധിക്കും. പ്രതിസന്ധി മറികടക്കാൻ ആറുമാസമെങ്കിലുമെടുക്കുമെന്നാണ് സൂചന. ആയിരങ്ങൾക്ക് തൊഴിൽ നഷ്ടവും ഇതിനിടയിൽ ഉണ്ടാകും. ഇതിന്റെ പ്രത്യാഘാതമാകട്ടെ കേരളത്തിലായിരിക്കും കൂടുതൽ. എണ്ണതന്നെ മുഖ്യംഗൾഫ് നാടുകളിലെ പ്രധാന വരുമാനം എണ്ണ തന്നെയാണ്. ഇപ്പോൾ എണ്ണയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ബാരലിന് ശരാശരി 35 ഡോളറിലാണ് (ഏകദേശം 2674 രൂപ ) അസംസ്‌കൃത എണ്ണയുടെ വിൽപ്പന. ഉത്പാദനം മുറയ്ക്ക് നടക്കുകയും വില താഴ്ന്നനിലവാരത്തിൽത്തന്നെ നിൽക്കുകയും ഉപഭോഗം കുറയുകയും തുടരുമ്പോൾ രാജ്യങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവായിരിക്കും. യു.എ.ഇ. എണ്ണയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക വ്യവസ്ഥയിൽനിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാവുമോ എന്നതിൽ സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്. പദ്ധതികൾ സ്തംഭിച്ചുബാങ്കുകളുടെ കടംകൊടുക്കൽ ശേഷിയെയും പ്രതിസന്ധി ബാധിച്ചു തുടങ്ങി. ഗവൺമെന്റ് പദ്ധതികൾ പലതും കരുതൽധനം ഉപയോഗിച്ചാണ് മുന്നോട്ടുപോയത്. എന്നാലിപ്പോൾ എല്ലായിടത്തും എല്ലാ മേഖലകളും സ്തംഭനാവസ്ഥയിലാണ്. ഗൾഫ് നാടുകളുടെ ജി.ഡി.പി. നിരക്ക് 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങൾ പറയുന്നത്. എണ്ണ കയറ്റുമതിയിലെ വളർച്ചാ നിരക്കാകട്ടെ ഈ വർഷം 2.4 ശതമാനത്തിൽനിന്ന് 0.8 ശതമാനത്തിലേക്ക് വീഴുമെന്നും വിലയിരുത്തുന്നുണ്ട്.തളരുന്ന ടൂറിസംയു.എ.ഇ.യുടെയും സൗദിയുടെയും വലിയ വരുമാന സ്രോതസ്സുകളിൽ മറ്റൊന്ന് ടൂറിസമാണ്. വിശുദ്ധ ഹജ്ജ്, ഉംറ തീർഥാടനത്തിനായി ശരാശരി രണ്ടുകോടി ആളുകളാണ് വർഷം സൗദിയിലെത്തുന്നത്. ഉംറ തീർഥാടനത്തിന് വിലക്ക് കൽപ്പിച്ചിട്ട് മാസം ഒന്നാവുന്നു. ശരാശരി 17 ദശലക്ഷം പേരാണ് യു.എ.ഇ. യിലെത്തുന്ന സഞ്ചാരികൾ. ദുബായിൽ ഒക്ടോബറിൽ ആരംഭിക്കാനിരുന്ന ലോകപ്രദർശന മേളയായ എക്സ്‌പോ-2020-ന് രണ്ടരക്കോടി സന്ദർശകരെയായിരുന്നു പ്രതീക്ഷിച്ചത്. ഇപ്പോൾ യു.എ.ഇ. യിലെ ഹോട്ടലുകളിൽ താമസിക്കുന്നവരുടെ ശരാശരി നിരക്ക് ഏഴ് ശതമാനമാണ്. മുൻവർഷങ്ങളിൽ ഈ സമയം ഇത് 70 മുതൽ 78 വരെയായിരുന്നു. യു.എ.ഇ.യും ബഹ്‌റൈനും ഇന്ത്യയിലെ സമ്പന്നവർഗത്തിന്റെ ഇഷ്ടപ്പെട്ട വിവാഹവേദിയാണ്. വിമാനങ്ങൾ ചാർട്ടർ ചെയ്ത് ഈ സീസണിൽ വിവാഹങ്ങൾക്കായി എത്തുന്നത് ആയിരങ്ങളാണ്. അതെല്ലാം നിലച്ചു.ഏപ്രിൽ അവസാനവാരം റംസാൻ വ്രതം ആരംഭിക്കുകയാണ്. ഈയൊരു മാസം ഒരിടത്തും കാര്യമായി ഒന്നും നടക്കാറുമില്ല. മിക്ക രാജ്യങ്ങളിലും സ്കൂളുകളും ജൂൺവരെ ഇ-ലേണിങ് സമ്പ്രദായത്തിലായിരിക്കും പ്രവർത്തിക്കുന്നതും.കമ്പനികൾക്കും തിരിച്ചടിയു.എ.ഇ.യിൽ വിവിധ എമിറേറ്റുകളിലായി 44 ഫ്രീസോണുകളായി മൂന്നര ലക്ഷത്തിലേറെ കമ്പനികളുണ്ട്. ദുബായിൽ മാത്രം 45,000-ത്തിൽ ഏറെ കമ്പനികളുണ്ട്. ഇവർക്ക് ആറുമാസത്തെ വാടക ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ വിമാനക്കമ്പനികൾക്കെല്ലാമായി ഈ വർഷം 23.8 ദശലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുമെന്നാണ് അയാട്ട കണക്കാക്കുന്നത്. മുന്നിൽ കാണുന്നത് തൊഴിൽ നഷ്ടംഎങ്കിലും ആത്യന്തികമായി ഇതിന്റെയെല്ലാം ഫലം തൊഴിൽ നഷ്ടം തന്നെയാവും. സ്വദേശികൾക്കായി എല്ലാ രാജ്യങ്ങളിലും തൊഴിൽസുരക്ഷ ഉൾപ്പെടെയുള്ള ആശ്വാസനടപടികളുണ്ട്. നഷ്ടം പ്രവാസികൾക്കായിരിക്കും. വിദേശികൾ കുറഞ്ഞാൽ സ്കൂളുകൾ അടയ്ക്കേണ്ടിവരും, കെട്ടിടങ്ങളിൽ താമസിക്കാൻ ആളില്ലാതാവും. വിനോദകേന്ദ്രങ്ങളിലേക്ക് ആളുകൾ കുറയും, റീട്ടെയിൽ വിപണിയെ ബാധിക്കും. ഇത് രാജ്യങ്ങൾക്ക് തിരിച്ചടിയാവുമെന്നും വിലയിരുത്തുന്നു. ഫലത്തിൽ ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bPOpNb
via
IFTTT
No comments:
Post a Comment