ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരു ഏപ്രിൽ മാസത്തിലാണ് അച്ഛനൊപ്പം (അബ്ബയെന്നാണ് ഞാൻ വിളിക്കുക) കോട്ടയം ശീമാട്ടിയിൽ സഹായിക്കാനായി പോയത്. അതുപോലൊരു ഏപ്രിലിൽ ശീമാട്ടി പൂർണമായും എന്നെ ഏൽപ്പിച്ച് അബ്ബ മടങ്ങുമ്പോൾ അദ്ദേഹം തന്ന ആത്മവിശ്വാസമാണ് ഇനി മുന്നോട്ട് നയിക്കുക. അതൊരു ശക്തിയായിരുന്നു. എല്ലാവരും ചോദിക്കും, എന്തായിരുന്നു അച്ഛന്റെ പ്ര ത്യേകതയെന്ന്. ഞാൻ പറയും, അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. ഒരാളുടെ നന്മ മാത്രമല്ല, മോശം വശവും എന്തുകൊണ്ടെന്ന് തിരിച്ചറിയാനുള്ള അസാമാന്യ കഴിവുണ്ടായിരുന്നു. എന്നും നേർവഴിക്കേ ബിസിനസ് കൊണ്ടുപോയിട്ടുള്ളൂ. 'കള്ളത്തരം പറയരുത്, ചെയ്യരുത്' എന്നാണ് ബിസിനസിൽ അദ്ദേഹം എനിക്ക് നൽകിയ ആദ്യ പാഠം. അങ്ങനെയെങ്കിൽ ആരേയും ഭയക്കേണ്ടതില്ല. ജീവിതത്തെ പോസിറ്റീവായി കാണാമെന്നും കാര്യങ്ങളെ വരുന്നിടത്തു െവച്ച് നേരിടാമെന്നും പഠിപ്പിച്ചു. ലക്ഷ്യം സത്യസന്ധമാണെങ്കിൽ അത് നമ്മെ തേടിവരുമെന്നായിരുന്നു ആ നയം. ജീവിതത്തിലും ബിസിനസിലും എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റാരുമില്ല. കഴിഞ്ഞ അഞ്ച് വർഷമായി അച്ഛൻ ബിസിനസിൽനിന്ന് അല്പം മാറി നിൽക്കുമ്പോൾ തനിയെ മാനേജ് ചെയ്യാൻ ഞാൻ പഠിച്ചതും ആ ജീനിന്റെ മികവാണെന്ന് തോന്നുന്നു. ഒരു വെല്ലുവിളി വരുമ്പോഴാണ് അതിജീവിക്കാനുള്ള ശക്തിയുണ്ടാകുന്നത്. ഭർത്താവ് കണ്ണൻ പോയപ്പോഴും ഇപ്പോൾ അച്ഛനെ നഷ്ടമാകുമ്പോഴും അനുഭവിക്കുന്നതും ഈ വികാരമാണ്. അല്പം പ്രതിസന്ധികൾ കടന്നുവന്ന കാലത്താണ് അച്ഛൻ തനിയെ പർച്ചേസ് ചെയ്യാൻ പോകാൻ അനുവാദം തന്നത്. 1999-ൽ തിരുവനന്തപുരം അടക്കം പല ജില്ലകളിലും ബ്രാഞ്ച് തുടങ്ങണമെന്ന എന്റെ ആഗ്രഹം ആദ്യം വേണ്ടെന്നു പറഞ്ഞത് അച്ഛനാണ്. 20 ബ്രാഞ്ചുകൾ നടത്തിയ അനുഭവപരിചയത്തിൽ നിന്നുള്ള ആ വലിയ 'നോ' അനുഗ്രഹമായെന്ന് 10 വർഷം മുമ്പേ ഞാൻ അറിഞ്ഞ വലിയ പാഠമാണ്. അന്ന് അച്ഛൻ എന്നോട് ചോദിച്ചു, ''കൂടുതൽ ലാഭമുണ്ടാക്കി സ്വർണം കൊണ്ട് നീ ചോറുണ്ണില്ലല്ലോ'' അതൊരു വെറും തമാശ ചോദ്യമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ഡിഗ്രിക്ക് നല്ല മാർക്ക് കിട്ടിയപ്പോൾ എം.എസ്സി.ക്ക് വിടാമോയെന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു. ''നീ പിഎച്ച്.ഡി.ക്ക് പോകുന്നില്ലല്ലോ. പിന്നെ എന്തിനാ ഒരു സീറ്റ് കളയുന്നതെന്നാണ്...'' കുട്ടിക്കാലം മുതൽ കച്ചവടത്തിന് പണം കണ്ടെത്താൻ അച്ഛൻ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഇന്ന് നമ്മൾ ചെറിയ തുകയെന്ന് വിചാരിക്കുന്നതു പോലും അന്ന് ലോണായി ബാങ്കിൽനിന്ന് കിട്ടില്ല. അതുകൊണ്ട് തന്നെ പണം എന്നും വിലപ്പെട്ടതായിരുന്നു. അങ്ങനെ കരുതാനാണ് അച്ഛൻ പഠിപ്പിച്ചതും. ഓരോ പുരുഷന്റെ വിജയത്തിനു പിറകിലും സ്ത്രീയുണ്ടെന്ന് പറയുംപോലെ ഓരോ സ്ത്രീയുടെ വിജയത്തിനു പിന്നിലും പുരുഷനുണ്ട്. എനിക്കതായിരുന്നു അച്ഛൻ. കഴിഞ്ഞ ഒക്ടോബറിൽ ജപ്പാനിൽ പോയി വന്നപ്പോൾ പല നിറമുള്ള കുറച്ച് ടീഷർട്ടുകളാണ് ഞാൻ അച്ഛനായി കരുതിയത്. ആദ്യമായി ടീഷർട്ട് കാണുന്നത്ര സന്തോഷത്തോടെയാണ് അച്ഛനത് ഇട്ടു കൊണ്ട് നടന്നത്. വിഷുക്കണി കണ്ട് കൃഷ്ണനെന്നോ വിഷ്ണുവെന്നോ വിളിക്കാവുന്ന ആ ദൈവസാന്നിധ്യത്തിൽ നിന്നാണ് അച്ഛൻ എന്നെന്നേയ്ക്കുമായി പോയത്. അത് അച്ഛന്റെ നന്മ... ആ നന്മയിൽ ഞാൻ മുന്നോട്ടുപോകുക തന്നെ ചെയ്യും. Content Highlight: Beena Kannan Seematti shared memories of late father Thiruvengadam
from mathrubhumi.latestnews.rssfeed https://ift.tt/2VqjekY
via
IFTTT
No comments:
Post a Comment