കോന്നി (പത്തനംതിട്ട): മലമ്പനിയെ ലോകം ഭയന്നപ്പോൾ ആശ്വാസമായെത്തിയ ഔഷധമായിരുന്നു ക്യുനൈൻ. ഇതിനാവശ്യമായ ഘടകങ്ങൾ ശേഖരിച്ചിരുന്നതാവട്ടെ സിങ്കോണയെന്ന വൃക്ഷത്തിൽ നിന്നും. കേരളത്തിലാണ് സിങ്കോണ കൂടുതലായുണ്ടായിരുന്നത്. എന്നാൽ, ഈ മരം ഇപ്പോൾ ഇവിടെയില്ല. മഹാത്മാഗാന്ധി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രവിഭാഗം ഗവേഷകനും കല്ലേലി വയക്കര സ്വദേശിയുമായ അരുൺ ശശിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 1820-ലാണ് സിങ്കോണ മരത്തിന്റെ പുറംതൊലിയിൽനിന്ന് ക്യുനൈൻ ഒൗഷധം തയ്യാറാക്കിയത്. ലോകമഹായുദ്ധസമയങ്ങളിൽ ഇതിന് ക്ഷാമവും നേരിട്ടു. 1862-ൽ തിരുവിതാംകൂർ റെസിഡന്റായിരുന്ന എഫ്.എം. മാൾട്ട് ബി, പീരുമേട്ടിൽ സിങ്കോണ കൃഷിയാരംഭിച്ചു. സിങ്കോണയുടെ പുറംതൊലിയിൽനിന്ന് മരുന്ന് തയ്യാറാക്കാനുള്ള സാങ്കേതിക വിദ്യയെത്തിയതോടെ ലോകത്തെല്ലായിടത്തും ഇതിന്റെ കൃഷി വ്യാപകമായി. സക്കിറു ബ്ര, മൈക്രാന്ത, പെറുവിനിയ, നൈറ്റിട, ഒഫീഷ്യനാലിസ്, കണ്ടമിനെ, കാലിസ്യ എന്നീയിനങ്ങളാണ് തിരുവിതാംകൂറിൽ കൃഷിചെയ്തിരുന്നത്. 15 മുതൽ 25 വർഷംവരെയാവുമ്പോഴാണ് മരത്തിന്റെ പുറംതൊലിയെടുത്തിരുന്നത്. 1869-ൽ സിങ്കോണ കൃഷി വ്യാപകമാക്കാൻ തിരുവിതാംകൂർ റെസിഡന്റായിരുന്ന ബല്ലാർഡ്, കർഷകർക്ക് തൈകൾ വിതരണം ചെയ്തു. നീലഗിരിയിലും സിങ്കോണ മരങ്ങളുണ്ടായിരുന്നു. രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ നീലഗിരിയിൽനിന്നാണ് തൈകൾ തിരുവിതാംകൂറിലെത്തിച്ചത്. സിങ്കോണയിൽനിന്ന് ക്യുനൈൻ വേർതിരിക്കുന്ന ഫാക്ടറികളും തിരുവിതാംകൂറിലുണ്ടായിരുന്നു. 1940-ൽ തിരുവിതാംകൂർ ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ, നാട്ടിൽ വ്യാപകമായ മലേറിയ പ്രതിരോധിക്കാൻ സിങ്കോണക്കൃഷി പ്രോത്സാഹിപ്പിച്ചു. 1934-ൽ മലേറിയയ്ക്കുള്ള പുതിയ ഔഷധമായ ക്ലോറൊക്വീൻ കണ്ടെത്തി. സർക്കാർ തേക്കുകൃഷിക്ക് കൂടുതൽ പ്രാധാന്യംകൂടി നൽകിയതോടെ സിങ്കോണ അപ്രത്യക്ഷമായിത്തുടങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2KAhlgx
via
IFTTT
No comments:
Post a Comment