ആളൂർ(തൃശ്ശൂർ): 'ഇനി മരണമെന്ന് വിധിയെഴുതി, ഒരു ചികിത്സയുമില്ലാതെ കിടന്ന ആ എഴുപതുകാരനാണ് എൻറെ പാഠം. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയപ്പോൾമുതൽ പരിചരിച്ച എന്നോട് തളരാത്ത മനസ്സോടെ കുറെയേറെ വർത്തമാനവും തമാശയും പറഞ്ഞിരുന്നു. ഒടുവിൽ മരണത്തെ സ്വയം അംഗീകരിച്ച്, വേദനയില്ലെന്ന് നടിച്ച് നിശ്ശബ്ദനായപ്പോഴും അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. 'വേദനയ്ക്ക് മരുന്നുവേണോ, എന്തെങ്കിലും പ്രയാസമുണ്ടോ?' -ഞാൻ ആവർത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ മാത്രമായി അദ്ദേഹം ഏതോ വരികൾ പാടി. മുഖാവരണത്തിലൂടെ അരിച്ചുവന്ന പാട്ട് എനിക്ക് അവ്യക്തമായേ കേൾക്കാനായുള്ളൂ. എന്നിട്ട് എൻറെ കൈയിൽ മുറുകെപ്പിടിച്ച് പറഞ്ഞു: 'ഐ ആം ഓക്കെ, ഡോണ്ട് വറി...' മരണം അടുത്തെത്തിയെന്ൻ അറിയാമായിരുന്നിട്ടും ആ വാക്കുകളിലെ ഇച്ഛാശക്തിയാണ് പിന്നീട് എൻറെ ഊർജമായത്'. ലണ്ടനിലെ മസ്ഗ്രോവ് പാർക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ച് എത്തുന്നവരോടൊപ്പമുള്ള അനുഭവങ്ങൾ തൃശ്ശൂരിലെ ആളൂർ സ്വദേശിയായ നഴ്സ് സുമി വർഗീസ് കുറിച്ചിടുമ്പോഴും ആ അദൃശ്യവൈറസിനോട് സ്വയം പോരാടുകയായിരുന്നു. രോഗികളെ നിരന്തരം പരിചരിച്ച് സുമിക്കും വൈറസിനെ ഏറ്റുവാങ്ങേണ്ടിവന്നു. കഠിനമായ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ ഒരാഴ്ച വീട്ടിൽ ഒറ്റയ്ക്കുകഴിഞ്ഞ സുമി, അടുത്തദിവസംമുതൽ ജോലിക്കായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങുകയാണ്. മനഃശക്തികൊണ്ട് മഹാമാരിയെ തോൽപ്പിച്ചെന്ൻ സുമി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ഉണർവ് പകരുന്നതാണ്. 'അകറ്റിനിർത്തേണ്ടവരാണെന്ന ബോധത്തോടെയാണ് രോഗം സംശയിക്കുന്നവരെപ്പോലും ആദ്യമൊക്കെ ഞങ്ങൾ നഴ്സുമാർ നോക്കിയിരുന്നത്. പക്ഷേ, ഇപ്പോൾ സ്വയം സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും ഇല്ലാതായിക്കഴിഞ്ഞു. തലവേദനയും ചെറിയ പനിയോടെ ശരീരവേദനയും അവഗണിച്ചാണ് ദിവസങ്ങളോളം ആശുപത്രിയിൽ പോയത്. ഒരുദിവസം ജോലിക്കിടെ തലചുറ്റലുണ്ടായി. കൈകാലുകൾ തളർന്നു. മുഖമാകെ വിളറി. അവധിയെടുത്ത് വീട്ടിൽ ഏഴുദിവസം കഴിയാനായിരുന്നു നിർദേശം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുഖാന്വേഷണങ്ങളെ ഉണർവോടെ സ്വീകരിച്ചു. പനിയെ നിയന്ത്രിക്കാൻ നാലഞ്ചുമണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ ഗുളികമാത്രം. ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ വായിച്ചും ദിവസങ്ങൾ പിന്നിട്ടു. ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച രോഗികളുടെ മുഖങ്ങൾ, ഉറ്റവരുടെ ദൈന്യത, മരണം കാത്തുകിടക്കുന്നവരുടെ നിസ്സഹായത, രോഗം ഭേദമായവരുടെ ആശ്വാസങ്ങളെല്ലാം സുമി തൻറെ കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. പന്ത്രണ്ടുവർഷമായി നഴ്സിങ് രംഗത്ത് പ്രവർത്തിക്കുന്ന 39-കാരി സുമി എട്ടുവർഷമായി ലണ്ടനിലാണ്. ആളൂരിലെ വല്ലക്കുന്ൻ കാച്ചപ്പിള്ളി വർഗീസിൻറെ ഭാര്യയാണ്. ആറാംക്ലാസുകാരി ക്രിസ്റ്റീനയും നാലാംക്ലാസുകാരൻ ക്രിസ്പിനും മക്കളാണ്. Content Highlight: Im Im okay, dont worry: Nurse shares her Corona ward duty experiences
from mathrubhumi.latestnews.rssfeed https://ift.tt/3aBGguO
via
IFTTT
No comments:
Post a Comment