ഭയാനകം എന്ന സിനിമയിലെ നിന്നെ തൊടും പൂനിലാവ് എന്നെ തൊട്ടത് നീയറിഞ്ഞോ... എന്ന ഗാനം കേട്ടതിന്റെ ആഹ്ളാദത്തിൽ അർജുനൻ മാഷെ വിളിച്ചത് ഒരാഴ്ച മുൻപാണ്. അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല ഇത്രയും ഹൃദയസ്പർശിയായ വരികളും ഈണവും എന്ന് പറഞ്ഞപ്പോൾ പതിവ് പോലെ മൃദുവായി ചിരിച്ചു മാഷ്. എന്നിട്ട് കാതിൽ മന്ത്രിക്കും പോലെ പറഞ്ഞു: ശ്രീകുമാരൻ തമ്പി ഗംഭീരമായി എഴുതിയിരിക്കുന്നു. അതുകൊണ്ടാണ് ട്യൂൺ നന്നായത്. അല്ലാതെ എന്റെ മാത്രം കഴിവു കൊണ്ടല്ല.. അത്ഭുതം തോന്നിയില്ല. അർജുനൻ മാഷ് എന്നും ഇങ്ങനെയാണ്. സ്വന്തം കഴിവുകളെയോ നേട്ടങ്ങളെയോ ചൊല്ലി ഒരിക്കലും അഹങ്കരിച്ചു കണ്ടിട്ടില്ല അദ്ദേഹം. മോന് ഇഷ്ടമായെങ്കിൽ മാഷിനും സന്തോഷം എന്ന ഒരൊറ്റ വാചകത്തിൽ ഒതുങ്ങും മിക്കപ്പോഴും പ്രതികരണം. നിഷ്പക്ഷമാണ് ജൂറിയുടെ വിധിയെങ്കിൽ ഇത്തവണ സ്റ്റേറ്റ് അവാർഡ് കിട്ടാൻ യോഗ്യതയുള്ള പാട്ടാണിതെന്ന് സൂചിപ്പിച്ചപ്പോൾ വീണ്ടും അതേ നിസ്സംഗത; അതേ വിനയം: അയ്യോ, അതൊന്നും പ്രതീക്ഷിച്ച് ഇന്നുവരെ പാട്ടു ചെയ്തിട്ടില്ല. നമ്മളെക്കാൾ എത്രയോ മഹാന്മാരായ ആളുകൾക്ക് അവാർഡ് കിട്ടാതെ പോയിരിക്കുന്നു. കിട്ടിയില്ലെങ്കിൽ ഒട്ടും ദുഖമില്ല. കിട്ടിയാൽ അമിതമായ സന്തോഷവുമില്ല. ആളുകൾ നമ്മുടെ പാട്ടു കേൾക്കുക എന്നതാണ് പ്രധാനം. ചെയ്ത പാട്ട് ആരും കേൾക്കാതെ പോയാൽ സങ്കടം തോന്നും. അമ്പതു വർഷംത്തെ സിനിമാ ജീവിതം പകർന്നു നൽകിയ അമൂല്യമായ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ അർജുനൻ മാഷ് പറഞ്ഞപ്പോൾ, അറിയാതെ ആ വ്യക്തിത്വത്തിന് മുന്നിൽ നമിച്ചുപോയി. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അർജുനൻ മാഷിന്. പക്ഷേ സിനിമയുടെ പേരിൽ ഈ അംഗീകാരം ലഭിക്കുന്നത് ഇതാദ്യം. ചിട്ടപ്പെടുത്തിയ എഴുനൂറോളം ചലച്ചിത്ര ഗാനങ്ങളിൽ 99 ശതമാനവും ജനപ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസമായിരിക്കണം ഇത്. പക്ഷേ അത്തരം അവഗണനകളൊന്നും മാഷിന്റെ സംഗീത സപര്യയെ ബാധിച്ചിട്ടില്ല. അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കാറുമില്ല. സിനിമയിൽ എത്തിയത് തന്നെ ഭാഗ്യം. പാട്ടുകൾ പലതും ജനങ്ങൾ ഇഷ്ടപ്പെട്ടു എന്നത് അതിലും വലിയ ഭാഗ്യം. ആദ്യ സിനിമ ചെയ്യുമ്പോൾ എന്റെ പാട്ടുകൾ ജനങ്ങളിൽ എത്തുമെന്ന് പോലും പ്രതീക്ഷിച്ചിട്ടില്ല. അത്രയും കഠിനമായ പരീക്ഷണങ്ങൾ ആയിരുന്നു വഴി നിറയെ.. അർജുനൻ പറയും. ആദ്യ ചിത്രമായ കറുത്ത പൗർണമി (1968) യിൽ എം.കെ അർജുനൻ എന്ന പുതുമുഖ സംവിധായകനെ പരീക്ഷിക്കാൻ മടിയായിരുന്നു പടത്തിന്റെ നിർമ്മാതാവിന്. പി ഭാസ്കരനാണ് ഗാനരചയിതാവ്. ഭാസ്കരൻ ബാബുരാജ് കൂട്ടുകെട്ട് ഹിറ്റ്മേക്കർമാരായി തിളങ്ങിനിൽക്കുന്ന കാലം. ബാബുരാജിനെ തന്നെ ഈ പടത്തിനു പാട്ടുകളൊരുക്കാൻ കിട്ടണമെന്ന് വാശി പിടിച്ചവരോട് ഭാസ്കരൻ മാഷ് പറഞ്ഞു: പുതിയ ആളാണെങ്കിലും അർജുനന്റെ കഴിവുകളിൽ എനിക്ക് പ്രതീക്ഷയുണ്ട്. അയാൾ ചെയ്തുനോക്കട്ടെ. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി പകരം ബാബുവിനെ കൊണ്ട് ചെയ്യിക്കാം. ആ ഉറപ്പിൽ ഒടുവിൽ അർജുനൻ സംഗീത സംവിധായകനായി അരങ്ങേറുന്നു. തന്റെ ശിഷ്യൻ നല്ലൊരു സംഗീത സംവിധായകനായി വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു മഹാന്റെ നല്ല മനസ്സു കൂടിയുണ്ടായിരുന്നു ആദ്യ സിനിമയിലെ പാട്ടുകൾ മോശമാകാതെ പോയതിൽ എന്ന് വിശ്വസിക്കുന്നു അർജുനൻ. ദേവരാജൻ മാസ്റ്റർ ആയിരുന്നു ആ മാനസഗുരു. ശിഷ്യന് വേണ്ടി റെക്കോർഡിംഗ് സ്റ്റുഡിയോ ബുക്ക് ചെയ്യുക മാത്രമല്ല വിശ്വസ്തനായ ആർ കെ ശേഖറിനെ ഓർക്കസ്ട്ര അസിസ്റ്റന്റ്റ് ആയി വിട്ടുകൊടുക്കുക കൂടി ചെയ്തു ദേവരാജൻ. കറുത്ത പൗർണമിയിലെ പാട്ടുകളിൽ ഒന്നുപോലും ഉണ്ടായിരുന്നില്ല ശരാശരി എന്നു പറഞ്ഞു തള്ളിക്കളയാൻ: മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും (യേശുദാസ്/ജാനകി), ഹൃദയമുരുകി നീ കരയില്ലെങ്കിൽ, പൊൻകിനാവിൻ പുഷ്പരഥത്തിൽ (യേശുദാസ്), ശിശുവിനെ പോലെ (യേശുദാസ്, ജാനകി), പൊന്നിലഞ്ഞി പൂത്തു (വസന്ത)... മലയാള സിനിമാ സംഗീതത്തിൽ അർജുനയുഗം ആരംഭിച്ചിരുക്കുന്നതേയുള്ളൂ. പി.ജയചന്ദ്രൻ, എം.കെ.അർജുനൻ, രവി മേനോൻ എന്നിവർ പിന്നെയും വന്നു കടുത്ത പരീക്ഷണങ്ങൾ. അടുത്ത ചിത്രമായ റസ്റ്റ് ഹൗസിൽ അർജുനനെ സംഗീത സംവിധായകനായി നിർദേശിച്ചത് ശ്രീകുമാരൻ തമ്പിയാണ്. നിർമ്മാതാവ് കെ പി കൊട്ടാരക്കരയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിയുക്ത സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി പിന്മാറിയ ഘട്ടത്തിൽ തമ്പിയുടെ നിർദേശപ്രകാരം അർജുനൻ ഗാനസൃഷ്ടിയുടെ ചുമതല ഏൽക്കുന്നു. ആ സിനിമയിലും കണ്ടു ഹിറ്റുകളുടെ തേന്മഴ. പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും, യമുനേ യദുകുലരതിദേവനെവിടെ.... അവസാന ഗാനം സ്വരപ്പെടുത്താനിരിക്കെ സംവിധായകൻ ശശികുമാർ വന്ന് അർജുനനോട് പറയുന്നു: ഷൂട്ടിംഗിനായി ഞങ്ങൾ യേർക്കാട്ടേക്ക് തിരിക്കുകയാണ്. അവശേഷിച്ച യുഗ്മഗാനം ചിട്ടപ്പെടുത്തി വാസു സാറിനെ (ടി ഇ വാസുദേവൻ) കേൾപ്പിച്ചാൽ മതി. വാസു സാർ ഓക്കേ ചെയ്താൽ എനിക്കും ഓക്കേ. പറഞ്ഞപോലെ യമുനേ എന്ന ഗാനം കംപോസ് ചെയ്ത ശേഷം ടി ഇ വാസുദേവനെ ചെന്ന് കേൾപ്പിക്കുന്നു അർജുനൻ. പാട്ട് കേട്ട് വാസു സാറിന്റെ മുഖം മങ്ങി. ഉടൻ വന്നു അദ്ദേഹത്തിന്റെ വിധി: പോരാ, ഉദ്ദേശിച്ചത്ര നന്നായില്ല. മാറ്റി ചെയ്യണം. സപ്തനാഡികളും തളർന്ന പോലെ തോന്നി അർജുനന്. ശ്രദ്ധാപൂർവം സമയമെടുത്ത്, ഹൃദയം നൽകി ചെയ്ത ഈണം മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല. അർജുനന്റെ ധർമ്മസങ്കടം കണ്ട് മനമലിഞ്ഞാവണം, ഒടുവിൽ വാസുദേവൻ പറഞ്ഞു: ഒരു കാര്യം ചെയ്യാം. ആർ കെ ശേഖർ വന്നു നിങ്ങളുടെ ട്യൂൺ കേൾക്കട്ടെ. അയാൾക്ക് ഇഷ്ടപ്പെട്ടാൽ എനിക്കും സമ്മതം. ശേഖർ വന്നു. പാട്ടു കേട്ടു. ഒരൊറ്റ തവണയേ കേൾക്കേണ്ടി വന്നുള്ളൂ ശേഖറിന്. ഉറച്ച സ്വരത്തിൽ അദ്ദേഹം പറഞ്ഞു: ഈ പാട്ടിന് ഇതിലും നല്ല ഒരു ട്യൂൺ ഉണ്ടാവില്ല. ജനങ്ങൾ ഇഷ്ടപ്പെടും. ഉറപ്പ്. റസ്റ്റ് ഹൗസിൽ ആ ഗാനം ഇടം നേടിയതും സൂപ്പർ ഹിറ്റായതും പിന്നീടുള്ള കഥ. പുഷ്പാഞ്ജലി എന്ന ചിത്രത്തിലായിരുന്നു അടുത്ത കടമ്പ. അർജുനൻ എന്ന പേരിനു പിന്നിൽ മറഞ്ഞിരുന്ന് പാട്ടുണ്ടാക്കുന്നത് സാക്ഷാൽ ജി ദേവരാജനാണോ എന്ന് പടത്തിന്റെ അണിയറപ്രവർത്തകർക്ക് സംശയം. സിനിമാലോകത്ത് അത്തരം ദുഷ് പ്രചരണങ്ങൾ അന്നും കുറവായിരുന്നില്ല എന്നറിയുക. കേട്ടുകേൾവി സത്യമാണോ എന്നറിയാൻ, അർജുനന് സംശയം തോന്നാത്ത വിധം ഒരു പരീക്ഷണം ഏർപ്പാടാക്കുന്നു പുഷ്പാഞ്ജലിയുടെ നിർമ്മാതാവ്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ വന്നിറങ്ങിയ അർജുനനെ പടത്തിന്റെ പ്രൊഡക്ഷൻ മാനേജർ പിടിച്ച പിടിയാലേ കൊണ്ടുപോയത് നിർമാതാവിന്റെ ഓഫീസിലേക്ക്. അവിടെ അടച്ചിട്ട ഒരു മുറിയിൽ സംഗീത സംവിധായകനെ ഹാർമോണിയവുമായി ഒറ്റയ്ക്കിരുത്തി പാട്ടുകൾ കംപോസ് ചെയ്യാൻ നിർദേശം നൽകുന്നു മാനേജർ. സംശയമൊന്നും കൂടാതെ പതിവുപോലെ ഞാൻ പാട്ടുണ്ടാക്കിത്തുടങ്ങി. ദുഃഖമേ നിനക്ക് പുലർകാല വന്ദനം എന്ന പാട്ട് ബുദ്ധിമുട്ടി ചെയ്തു കേൾപ്പിച്ചുകൊടുത്തിട്ടും തൃപ്തി പോരാ. ഇനിയൊരു രാഗമാലികയാകട്ടെ എന്നായി അവർ. ഏതാനും നിമിഷങ്ങൾക്കകം പ്രിയതമേ പ്രഭാതമേ എന്ന പാട്ട് കംപോസ് ചെയ്ത് കേൾപ്പിച്ചു. അപ്പോഴാണ് അവർക്ക് ഏതാണ്ടൊരു സമാധാനമായത്. തന്റെ കഴിവുകൾ മൗലികമാണോ എന്നറിയാനുള്ള തികച്ചും ക്രൂരമായ ഒരു പരീക്ഷണമാണ് ആ അടച്ചിട്ട മുറിക്കുള്ളിൽ അരങ്ങേറിയത് എന്ന് അർജുനൻ അറിഞ്ഞത് ഏറെക്കഴിഞ്ഞാണ്. ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു അദ്ദേഹത്തിന്. തീർന്നില്ല. പിക്നിക്കിന്റെ (1975) ഗാനസൃഷ്ടിയിൽ അതേ കഥ ആവർത്തിച്ചു. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ടിന് പത്തോ പതിനഞ്ചോ ഈണം മാറ്റി മാറ്റി ചെയ്തു കൊടുത്തിട്ടും സംവിധായകന് തൃപ്തിയില്ല. മനംമടുത്ത് ഒടുവിൽ ഞാൻ ടാക്സിയിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നു. കാർ ചെട്പെട്ട് ഓവർബ്രിഡ്ജിനു മുകളിലെത്തിയപ്പോൾ ഏതോ ഒരു ഉൾവിളി പോലെ മനസ്സിൽ ഒരു ട്യൂൺ തോന്നി എനിക്ക്. പിന്നെ സംശയിച്ചില്ല. നേരെ വീട്ടിൽ ചെന്ന് അത് പാടി കാസറ്റിലാക്കി. അതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല ഈണമാണ് അതെന്ന് എനിക്കുറപ്പായിരുന്നു. പിറ്റേന്ന് കാലത്ത് എം എസ് പ്രൊഡക്ഷൻസിന്റെ ഓഫീസിൽ ചെന്ന് ശശികുമാറിനെ ട്യൂൺ കേൾപ്പിച്ചപ്പോൾ അദ്ദേഹം പറയുകയാണ് ഒട്ടും ശരിയായില്ല എന്ന്. ഞാൻ കരഞ്ഞില്ലെന്നേയുള്ളു. അത്രയ്ക്കും സങ്കടം തോന്നി. ഇനിയൊരു ട്യൂൺ ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഹാർമ്മോണിയം കെട്ടിപ്പൂട്ടിവെച്ചു ഇറങ്ങിപ്പോകാൻ തുടങ്ങിയതാണ് ഞാൻ. ആ ഘട്ടത്തിൽ ഒരു പരീക്ഷണത്തിന് കൂടി ശശികുമാർ തയ്യാറാകുന്നു.അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ പാട്ടു പാടി കേൾപ്പിക്കാൻ ആവശ്യപ്പെട്ടു അദ്ദേഹം. അവർക്ക് ഇഷ്ടപ്പെട്ടാൽ ഓക്കേ ചെയ്യാം എന്നായിരുന്നു ഉപാധി. എന്റെ ഭാഗ്യത്തിന് സ്ഥലത്തുണ്ടായിരുന്ന ജോലിക്കാർക്കെല്ലാം പാട്ട് ഇഷ്ടമായി. മനസ്സില്ലാമനസ്സോടെ ആണെങ്കിലും വാൽക്കണ്ണെഴുതി എന്ന ഗാനം പിക്നിക്കിൽ ഉൾപ്പെടുത്താൻ ശശികുമാർ സമ്മതിക്കുന്നത് അങ്ങനെയാണ്. ഒരു ചോദ്യം ബാക്കി: നാലര പതിറ്റാണ്ടിനിപ്പുറം ആ സിനിമ നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുന്നത് വാൽക്കണ്ണെഴുതിയും കസ്തൂരി മണക്കുന്നല്ലോ കാറ്റേയും ഉൾപ്പെടെയുള്ള അതിലെ പാട്ടുകൾ മാത്രമല്ലേ ? പിന്നിട്ട പരീക്ഷണങ്ങൾ അങ്ങനെ എത്രയെത്ര. സിനിമയിലെത്തി അര നൂറ്റാണ്ടു കഴിഞ്ഞ് , എൺപത്തിരണ്ടാം വയസ്സിൽ സംസ്ഥാന അവാർഡിലൂടെ അർജുനൻ മാഷ് അംഗീകരിക്കപ്പെടുമ്പോൾ സത്യത്തിൽ ആദരിക്കപ്പെടുന്നത് മലയാള സിനിമാ സംഗീതം തന്നെയാണ്. ജീവിതത്തിൽ നിരവധി ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട്. ജനിച്ച നാൾ തൊട്ട്. ആ വേദനകൾ മറക്കാൻ ഇടയ്ക്കൊക്കെ ഈശ്വരൻ സന്തോഷവും തരും. ഇതും അതുപോലൊരു സന്തോഷമായിരിക്കാം... ആത്മഗതമെന്നോണം അർജുനൻ മാഷ് പറയുന്നു. ശ്രീകുമാരൻ തമ്പി എഴുതി മാഷ് തന്നെ ചിട്ടപ്പെടുത്തിയ ആ പ്രശസ്ത ഗാനത്തിന്റെ വരികൾ ഓർമ്മവന്നുവോ? സുഖമൊരു ബിന്ദു, ദുഖമൊരു ബിന്ദു, ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നു, ജീവിതം അത് ജീവിതം... (2018 മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചത്) Content Highlight: Ravi Menon commemorates Arjunanmash
from mathrubhumi.latestnews.rssfeed https://ift.tt/2wh7Sr3
via
IFTTT
No comments:
Post a Comment