കുറുപ്പംപടി : കാത്തിരിക്കണം ഇനിയും 14 ദിവസം, ഭാര്യയെയും മക്കളെയും കാണാൻ - കോവിഡ് 19 ഭേദമായി വ്യാഴാഴ്ച പുന്നയത്തെ വീട്ടിലെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് പറഞ്ഞു. ഭാര്യ അമ്പിളിയും രണ്ട് പെൺകുട്ടികളുമുൾപ്പെടുന്നതാണ് അനീഷിന്റെ കുടുംബം. പുന്നയത്ത് തറവാടിനോടു ചേർന്നാണ് വീട്. ഇളയ കുഞ്ഞിന് രണ്ടു മാസം തികയുമ്പോഴാണ് അനീഷിന് ക്വാറന്റയിനിൽ കഴിയാൻ നിർദേശം ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രിൽ ഒന്നിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാര്യയേയും മക്കളേയും അതിനു മുൻപേതന്നെ നെടുമ്പാശ്ശേരിക്കടുത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ കഴിയുമ്പോഴും വീഡിയോ കോൾ മുഖേന മക്കളെ കാണാറുണ്ടായിരുന്നു. കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അനീഷ് ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ കൊച്ചി വിമാനത്താവളത്തിൽ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചത്. വിദേശത്തു നിന്നെത്തുന്നവരെ പ്രാഥമിക പരിശോധന നടത്തുന്ന ഡ്യൂട്ടിയായിരുന്നു. ആശുപത്രിയിൽ രണ്ടു ദിവസം ഇടവിട്ട് സാമ്പിൾ പരിശോധനയ്ക്ക് എടുത്തു. തുടർച്ചയായി രണ്ട് പരിശോധനകളുടെ ഫലം നെഗറ്റീവ് ആയപ്പോഴാണ് ഡിസ്ചാർജ് ചെയ്തത്. കുടുംബാംഗങ്ങളെപ്പോലെയായിരുന്നു ആശുപത്രിയിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും പെരുമാറ്റമെന്ന് അനീഷ്. പുന്നയത്തെ വീട്ടിലിപ്പോൾ അനീഷ് തനിച്ചാണ്. ഭക്ഷണം തറവാട്ടിൽനിന്ന് എത്തിക്കും. അച്ഛനും അമ്മയും സഹോദരനുമാണ് തറവാട്ടിൽ. Content Highlight: Health Inspector Aneesh waits two more weeks to see his wife and children
from mathrubhumi.latestnews.rssfeed https://ift.tt/2S0j6YT
via
IFTTT
No comments:
Post a Comment