കോയമ്പത്തൂർ: വസ്ത്രവ്യവസായത്തിൽ വിശേഷങ്ങൾ ഏറെയുള്ള തിരുപ്പൂർ കൊറോണക്കാലത്ത് 'പ്രതിരോധ വ്യവസായ'ത്തിലാണ്. വൈറസ് പ്രതിരോധത്തിനായി ലക്ഷക്കണക്കിന് മുഖാവരണങ്ങളും പ്രതിരോധ വസ്ത്രങ്ങളുമാണ് ഓരോ ആഴ്ചയും തിരുപ്പൂരിൽ ഉത്പാദിപ്പിക്കുന്നത്. 50 ശതമാനമാണ് ഇപ്പോൾ ഉത്പാദനത്തിൽ വർധന. അസംസ്കൃതവസ്തുക്കളുടെ വില ഉയർന്നതിനാൽ 10 രൂപയാണ് മൂന്നുമടക്കുള്ള മുഖാവരണത്തിന്റെ മൊത്തവിൽപ്പനവില. മെഡിക്കൽഷോപ്പുകളിലും മറ്റും ഇതിന് 20 രൂപമുതൽ ഈടാക്കുന്നുണ്ട്. ഒരുലക്ഷം മുതൽ പത്തുലക്ഷംവരെ മുഖാവരണങ്ങളാണ് ആഴ്ചയിൽ ഉണ്ടാക്കുന്നത്. 50 മുതൽ 200 വരെ പേർ ജോലിചെയ്യുന്ന ഇരുപതോളം യൂണിറ്റുകളാണ് ഇതിന്റെ നിർമാണത്തിലുള്ളത്. നിയന്ത്രണങ്ങളെത്തുടർന്ന് ജീവനക്കാരെ ഒരേസമയം പൂർണമായി ജോലിയിൽ പ്രവേശിപ്പിക്കാനാവില്ല. ചൈനയിൽനിന്നാണ് അസംസ്കൃതവസ്തു എത്തിയിരുന്നത്. ഇപ്പോൾ മുംബൈയിൽനിന്നും അഹമ്മദാബാദിൽനിന്നുമാണ് വരവ്. ഇവയ്ക്ക്നിലവിൽ കടുത്തക്ഷാമമില്ല. എന്നാൽ, അടച്ചിടലിൽ ഇളവുവരുമ്പോൾ പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അതോടെ ഉപയോഗം കൂടും. കോട്ടൺ തുണികൊണ്ടുള്ള മുഖാവരണങ്ങളും വ്യാവസായികമായി ഉത്പാദിപ്പിച്ചുതുടങ്ങി. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന ഇവയ്ക്ക് അഞ്ചുമുതൽ 15 വരെ രൂപയാണു വില. ആദ്യമായാണ് കോട്ടൺ മുഖാവരണങ്ങൾ നിർമിക്കുന്നതെന്ന് ഹർഷിത ഹൊസറീസ് പ്രൊപ്രൈറ്റർ ടി. കുമാർ പറഞ്ഞു. 60 ശതമാനം പോളിസ്റ്റർ, ടെക്സ്റ്റൈൽ ബാഗിലും മറ്റും ഉപയോഗിക്കുന്ന നോൺ വൂവൺ 40 ശതമാനം എന്നിങ്ങനെയാണ് മുഖാവരണത്തിലും പ്രതിരോധവസ്ത്രത്തിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ. ഒരു സ്യൂട്ട്, ഒരു ശിരോവസ്ത്രം, ഒരു ജോഡി പാദകവചം, ഒരു ജോഡി കൈയുറ, ഒരു പ്ലാസ്റ്റിക് കണ്ണട, ഒരു മൂന്നുമടക്ക് മുഖാവരണം എന്നിവയടങ്ങുന്ന ഒരു സെറ്റിന് 900 രൂപമുതലാണ് വില. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യമേഖലയിലും ശുചീകരണമേഖലയിലും ഉള്ളവർക്കാണിത്. ഒറ്റത്തവണ ഉപയോഗത്തിനുള്ളവയാണിവ. 60 ജി.എസ്.എമ്മിലും (ഗ്രാംസ് പെർ സ്ക്വയർ മീറ്റർ) 90 ജി.എസ്.എമ്മിലും ലഭിക്കും. ലാമിനേറ്റഡും വെന്റിലേഷൻ ഉള്ളതുമുണ്ട്. വെന്റിലേഷൻ ഉള്ളതിന് 300 രൂപ വരെ കൂടും. Content Highlight: Tirupurs textile industry make PPE Kits
from mathrubhumi.latestnews.rssfeed https://ift.tt/3ct35m2
via
IFTTT
No comments:
Post a Comment