മുംബൈ: ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ എണ്ണസംഭരണികൾ കരുതൽശേഷിക്കു തത്തുല്യമായി നിറയ്ക്കുന്നു. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറഞ്ഞതുകൂടി പരിഗണിച്ചാണ് നടപടി. എണ്ണക്കന്പനികളുടെ കൈവശമുള്ള അസംസ്കൃത എണ്ണ കരുതൽസംഭരണികളിലേക്ക് മാറ്റാൻ സർക്കാർ നിർദേശം നൽകിയതായാണ് വിവരം. ലോക്ഡൗണിനെത്തുടർന്ന് എണ്ണ ഉപഭോഗം കുത്തനെ കുറഞ്ഞതോടെ കന്പനികൾ വിവിധ സ്രോതസ്സുകളിൽനിന്ന് കുറഞ്ഞ ചെലവിൽ സംഭരിച്ച അസംസ്കൃത എണ്ണ സംസ്കരിക്കാൻ കഴിയുന്നില്ല. സംസ്കരിച്ച ഉത്പന്നങ്ങൾ സംഭരിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രശ്നം. ഈ സാഹചര്യത്തിൽ കന്പനികളുടെ കൈവശമുള്ള അധിക അസംസ്കൃത എണ്ണ കരുതൽശേഖരത്തിലേക്ക് മാറ്റാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതിൻറെ പണം കന്പനികൾക്ക് സർക്കാർ പിന്നീട് കൈമാറും. ഇന്ത്യൻ ഓയിൽ, എം.ആർ.പി.എൽ., ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കന്പനികളിലായി 25 ലക്ഷം ടൺ അസംസ്കൃത എണ്ണ അധികമായുണ്ട്. ഇതിൽ 40 ശതമാനവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ കൈവശമാണ്. മൂന്നിലൊന്നുഭാഗം എം.ആർ.പി.എല്ലിലും കാൽ ശതമാനം ബി.പി.സി.എല്ലിലുമുണ്ട്. എച്ച്.പി.സി.എല്ലിൽ വളരെ കുറഞ്ഞ അളവിലാണുള്ളത്. ഇതുവഴി രണ്ടു പ്രയോജനങ്ങളാണുള്ളത്. ഇത് രണ്ടുരീതിയിൽ പ്രയോജനം ചെയ്യുമെന്നാണ് സർക്കാർ കരുതുന്നത്. തന്ത്രപ്രധാന കരുതൽശേഖരത്തിലേക്ക് കുറഞ്ഞ ചെലവിൽ എണ്ണ ലഭിക്കും. രണ്ടാമതായി എണ്ണക്കന്പനികൾക്ക് എണ്ണ ശേഖരിക്കാനുള്ള നിലവിലെ പ്രതിസന്ധിക്കു പരിഹാരമാവുകയുംചെയ്യും. സംസ്കരിച്ച ഉത്പന്നങ്ങൾ ശേഖരിക്കാൻ ശേഷിയില്ലാത്തതിനാൽ രാജ്യത്തെ പല റിഫൈനറികളും ഇപ്പോൾ ശേഷിയുടെ 50 മുതൽ 60 ശതമാനംവരെമാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഏപ്രിലിലേക്ക് കൂടുതൽശേഖരം വാങ്ങാനും കന്പനികൾ മടിക്കുകയാണ്. ഇന്ത്യയിൽ മൂന്നു തന്ത്രപ്രധാന എണ്ണകരുതൽ സംഭരണികളാണുള്ളത്. വിശാഖപട്ടണത്ത് 13 ലക്ഷം ടൺ ശേഷിയും മംഗളൂരുവിൽ 15 ലക്ഷം ടൺ ശേഷിയും പാഡൂരിൽ 25 ലക്ഷം ടൺ ശേഷിയുമാണുള്ളത്. ആകെ 53.3 ലക്ഷം ടൺ. രാജ്യത്ത് ഒന്പതുദിവസത്തേക്ക് ഉപയോഗിക്കാനുള്ള എണ്ണയാണ് ശേഖരിക്കാൻ കഴിയുക. നിലവിൽ ഇവയുടെ 45 ശതമാനം ശേഷി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് നിറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സംഭരിച്ചിട്ടുള്ള എണ്ണയിൽ 7.5 ലക്ഷം ടൺ യു.എ.ഇ. ദേശീയ എണ്ണക്കന്പനിയായ അഡ്നോക് ആണ് നിറച്ചിട്ടുള്ളത്. ബാക്കി സർക്കാർ ബജറ്റ് വിഹിതം ഉപയോഗിച്ച് സർക്കാർ വാങ്ങിയതാണ്. പാഡൂരിലെ സംഭരണി നിറയ്ക്കുന്നതിന് അഡ്നോകുമായും സൗദി ആരാംകോയുമായും സർക്കാർ ചർച്ച നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. കന്പനികൾ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടതോടെ ചർച്ചകൾ മുടങ്ങുകയായിരുന്നു. content highlight: Coronavirus: India to start filling strategic oil reserves
from mathrubhumi.latestnews.rssfeed https://ift.tt/34uaDSv
via
IFTTT
No comments:
Post a Comment