കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയിൽനിന്ന് ആദ്യശമ്പളവും വാങ്ങി മടങ്ങിയതാണ് ആഷിഫ്. കോവിഡ് 19-നെ ചെറുക്കാൻ രാത്രിയും പകലുമില്ലാതെ ഐസൊലേഷൻ വാർഡിലും ഹെൽപ് ഡെസ്കിലും ജോലി ചെയ്തതിന് ലഭിച്ച പ്രതിഫലം. വീട്ടിലെത്താനുള്ള ആ ഇരുപത്തിമൂന്നുകാരന്റെ യാത്ര പക്ഷേ പാതിയിൽ മുറിഞ്ഞു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന ആഷിഫ് (23) സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അവണൂർ- മെഡിക്കൽ കോളേജ് റോഡിൽ വെളപ്പായയിലാണ് അപകടമുണ്ടായത്. മുളങ്കുന്നത്തുകാവിൽനിന്ന് അവണൂർ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിൻചക്രത്തിനടിയിലേയ്ക്ക് നിയന്ത്രണംവിട്ട ബൈക്ക് കയറിപ്പോയി. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. 'സ്ഥിരം ജീവനക്കാരേക്കാൾ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ആഷിഫിന്റെ സേവനം. മറ്റുള്ളവർ പേടിച്ചുനിന്നപ്പോൾ സധൈര്യം മുന്നോട്ടുവന്ന് പ്രവർത്തനങ്ങൾ ഏറ്റെടുത്തു' -ആഷിഫിനെക്കുറിച്ച് പറയുമ്പോൾ കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠന്റെ വാക്കുകളിൽ ദുഃഖം നിറഞ്ഞു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോൾ അയാളെ മെഡിക്കൽ കോളേജിലേക്കെത്തിക്കാൻ മുന്നിൽ നിന്നത് ആഷിഫാണ്. തിരിച്ചുവന്നപ്പോൾ ആംബുലൻസ് അണുവിമുക്തമാക്കാൻ പലരും മടിച്ചു. എന്നാൽ, അതിനും തയ്യാറാവുകയും മറ്റുള്ളവർക്ക് ധൈര്യം പകരുകയും ചെയ്തതും ആഷിഫായിരുന്നെന്ന് സൂപ്രണ്ട് ഓർക്കുന്നു. പ്രതിരോധപ്രവർത്തനങ്ങൾക്ക് അധികം നഴ്സുമാരെ നിയമിച്ചപ്പോൾ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാർച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയിൽ നഴ്സായെത്തിയത്. ഉത്സാഹവും അർപ്പണമനോഭാവവും എന്തും വഴങ്ങുമെന്നുമുള്ള മനോഭാവവുമാണ് കോവിഡ് വാർഡിലേക്ക് തിരഞ്ഞെടുക്കാൻ കാരണം. നിരീക്ഷണത്തിലുള്ള രോഗികളോട് ഏറെ സ്നേഹപൂർവമാണ് പെരുമാറിയിരുന്നത്. ഡോക്ടർമാരും മുതിർന്ന നഴ്സുമാരും നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നതും പെട്ടെന്ന് എല്ലാവരുടെയും പ്രിയങ്കരനാക്കി -സഹപ്രവർത്തകർ ഓർമിക്കുന്നു. താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗബാധിതർക്കായി ഹെൽപ്പ് ഡെസ്ക് തുടങ്ങിയപ്പോൾ അവിടെയും സമയക്രമം നോക്കാതെയായിരുന്നു പ്രവർത്തനം. ലക്ഷണങ്ങളില്ലാത്തവരെ ഡോക്ടർമാരുടെ അടുത്തേക്ക് വിടാതെ നിയന്ത്രിച്ചിരുന്നതിലും മിടുക്ക് തെളിയിച്ചിരുന്നു. ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ആഷിഫിന്റെ മാതാവ് ഷെമീറ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരിയാണ്. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലായിരുന്നു താമസം. തൃശ്ശൂർ ഗവ. നഴ്സിങ് സ്കൂളിലെ പഠനത്തിനുശേഷം മെഡിക്കൽ കോളേജിൽ ആറുമാസം പരിശീലനം നേടിയിരുന്നു. ഏകസഹോദരി അജു നഴ്സിങ് വിദ്യാർഥിനിയാണ്. Content Highlights:death kunnamkulam
from mathrubhumi.latestnews.rssfeed https://ift.tt/2Rug3aP
via
IFTTT
No comments:
Post a Comment