എലത്തൂർ : അടച്ചിടലിനിടെ ആംബുലൻസിൽ പോലീസിനെ വെട്ടിച്ച് എറണാകുളത്തുനിന്ന് കാസർകോട്ടേക്കു പുറപ്പെട്ട സംഘം ഇരുനൂറോളം കിലോമീറ്റർ പിന്നിട്ടശേഷം കോഴിക്കോട്ട് പോലീസിന്റെ പിടിയിൽ. രണ്ടുഡ്രൈവർമാർ ഉൾപ്പെടെ ഒൻപത് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഡ്രൈവർമാരെ അറസ്റ്റുചെയ്ത് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി അശ്വിൻ, പട്ടാമ്പി ചാത്തന്നൂർ സ്വദേശി ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരായ കാസർകോട് സ്വദേശികളായ ഏഴുപേരെ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. രക്തസാംപിളുകൾ പരിശോധനയ്ക്കയച്ച ശേഷം ഇവരെ അശോകപുരത്തെ ജവഹർ കോളനിയിലെ ലക്ഷദ്വീപ് ഗെസ്റ്റ്ഹൗസിലേക്ക് നിരീക്ഷണത്തിനയച്ചു. എറണാകുളത്തെയും ഫറോക്കിലെയും ഹോട്ടലുകളിലും മറ്റും ജോലിചെയ്യുന്നവരാണിവർ. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാദാപുരം എ.എസ്.പി. അങ്കിത്ത് അശോക്, ചേവായൂർ സി.ഐ. ടി.പി. ശ്രീജിത്ത്, എലത്തൂർ എസ്.ഐ. കെ. രാജീവ് എന്നിവർ ചേർന്ന് പാലോറമല ജങ്ഷനിൽനിന്നാണ് വാഹനം പിടികൂടിയത്. ഫറോക്കിൽനിന്ന് രണ്ടുയാത്രക്കാർ ആംബുലൻസിൽ കയറുന്നതുകണ്ട നാട്ടുകാരിലൊരാൾ പോലീസ് കൺട്രോൾറൂമിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം പ്രധാന റോഡുകളിലൂടെ ഓടിയിട്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെടാൻ വൈകിയത് സുരക്ഷാവീഴ്ചയായാണു വിലയിരുത്തുന്നത്. സെയ്ന്റ് മേരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തുനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അഞ്ചുപേരെ വാഹനത്തിൽ കയറ്റിയതെന്ന് ഡ്രൈവർമാർ പോലീസിനോടു പറഞ്ഞു. ആംബുലൻസിനുള്ളിലെ ഇരിപ്പിടങ്ങൾ കൂടുതൽപേർക്ക് ഇരിക്കാവുന്ന തരത്തിൽ ക്രമീകരിച്ചിരുന്നു. ഇതിനുമുമ്പും ഈ വാഹനം ഇതുപോലെ ഓടിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. സിവിൽ പോലീസ് ഓഫീസർ ജിതേന്ദ്രൻ, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. യാത്രയ്ക്ക് ആംബുലൻസ് സൗകര്യമൊരുക്കിയത് വാട്സാപ്പ് ഗ്രൂപ്പ് എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് ആംബുലൻസിൽ പോകുന്നതിനിടയിൽ പാലോറമല ജങ്ഷനിൽ പിടിയിലായ തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കിക്കൊടുത്തത് ഒരു വാട്സാപ്പ്ഗ്രൂപ്പ്. ലോക്ഡൗണിനിടയിൽ യാത്രക്കാരുമായി ഒട്ടേറെത്തവണ സഞ്ചരിച്ച ആംബുലൻസാണിതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. വിവിധ ജില്ലകളിൽ കുടുങ്ങിപ്പോകുന്നവരെ പോലീസിനെ വെട്ടിച്ച് അവരുടെ നാട്ടിലേക്ക് എത്തിക്കാൻ സഹായിക്കാമെന്നറിയിപ്പ് നൽകുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ പലയിടങ്ങളിലും സജീവമായി പ്രവർത്തിക്കുന്നതായുള്ള വിവരം പോലീസ് രഹസ്യാന്വേഷണവിഭാഗം ഉന്നത പോലീസ് അധികാരികളെ അറിയിച്ചുകഴിഞ്ഞു. ഇത്തരത്തിൽ എറണാകുളം കേന്ദ്രീകരിച്ചുള്ള ഒരു ഗ്രൂപ്പാണ് ഇവർക്ക് യാത്രാസൗകര്യമൊരുക്കിയത്. വാട്സാപ്പ് ഗ്രൂപ്പിൽക്കണ്ട നമ്പറിൽ വിളിച്ചാണ് യാത്രയ്ക്ക് ആംബുലൻസ് സംഘടിപ്പിച്ചതെന്ന തൊഴിലാളികളുടെ വെളിപ്പെടുത്തൽ അതീവഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. അതേസമയം, അറസ്റ്റിലായ ആംബുലൻസ് ഡ്രൈവറും സഹായിയും തൊഴിലാളികളുടെ വാദങ്ങൾ നിഷേധിച്ചു കുറെനാളായി റൂമിലിരുന്നപ്പോൾ വീട്ടിൽപോകാൻ അവസരം ഒരുക്കാമെന്ന സന്ദേശം വാട്സാപ്പിൽ കണ്ടു. ആ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ആംബുലൻസുമായി അവർവന്നത് അഷറഫ് എന്ന ആളാണ് യാത്രാസൗകര്യം ഒരുക്കിയതെന്നും തൊഴിലാളികളായ കാസർകോട്സ്വദേശി മുഹമ്മദ് ഹനീഫും അബ്ദുൾഖാദറും പോലീസിനോട് പറഞ്ഞു. ആംബുലൻസും ഇനി പരിശോധിക്കും എലത്തൂർ : സൈറൺ മുഴക്കി കടന്നുപോകുന്ന ആംബുലൻസുകൾക്ക് പിടിവീഴുന്നു. ലോക് ഡൗൺ കാലത്ത് മറ്റുവാഹനങ്ങളെപോലെത്തന്നെ പോലീസ് പരിശോധനയ്ക്കുശേഷമേ ആംബുലൻസിനും കടന്നുപോകാനാവൂ. ആംബുലൻസ്, പച്ചക്കറിയുമായി വരുന്ന വാഹനങ്ങൾ എന്നിവ ഇനിമുതൽ പോലീസ് അരിച്ചുപെറുക്കും. ലോക് ഡൗണിനിടെ എറണാകുളത്തുനിന്ന് തൊഴിലാളികളുമായെത്തിയ ആംബുലൻസ് പൊലീസ് പിടിയിലായ സാഹചര്യത്തിലാണ് വാഹനപരിശോധന കർശനമാക്കുന്നത്. ചില ചരക്കുവാഹനങ്ങളുടെ പിറകിൽ ഒളിച്ചിരുന്ന് ആളുകൾ സഞ്ചരിക്കുന്നതായി പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുമുണ്ട്. ഒരു വാഹനങ്ങൾക്കും പ്രത്യേക ഇളവില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സഞ്ചാരം കർശനമായി പരിശോധിക്കാൻ നിർദേശം നൽകിയതായി കോഴിക്കോട് നോർത്ത് അസിസ്റ്റൻറ് കമ്മിഷണർ കെ. അഷറഫ് പറഞ്ഞു. Content Highlights: Ambulance
from mathrubhumi.latestnews.rssfeed https://ift.tt/2JXpFa4
via
IFTTT
No comments:
Post a Comment