തിരുവനന്തപുരം: അർധ അതിവേഗ റെയിൽപ്പാതയ്ക്ക് കൊച്ചിയിൽ പുതുതായി ഒരു സ്റ്റേഷൻകൂടി. കഴിഞ്ഞദിവസം അംഗീകരിച്ച വിശദമായ പദ്ധതിരേഖയിലാണ് എറണാകുളം ജില്ലയിൽ കാക്കനാടിനെക്കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തോടുചേർന്ന് മറ്റൊരു സ്റ്റേഷൻകൂടി അനുവദിച്ചത്. എല്ലാ വിമാനത്താവളങ്ങളെയും ഐ.ടി. പാർക്കുകളെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ, തിരുവനന്തപുരം വിമാനത്താവളം റെയിൽപ്പാതയാരംഭിക്കുന്ന കൊച്ചുവേളിയിൽനിന്ന് അഞ്ചുകിലോമീറ്റർ ദൂരെയാണ്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളുമായി പാത നേരിട്ട് ബന്ധപ്പെടുന്നുമില്ല. ഈ വിമാനത്താവളങ്ങൾക്ക് അർധ അതിവേഗ പാതകൊണ്ട് ഉദ്ദേശിച്ച ഗുണം ലഭിക്കാനിടയില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.അതേസമയം, മലബാറിൽനിന്നടക്കം കേരളത്തിൽ എവിടെനിന്നും അർധ അതിവേഗതീവണ്ടിയിൽ രണ്ടുമണിക്കൂറിനകം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിമാനസർവീസുള്ള നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനാവും. കോഴിക്കോട് നഗരത്തിൽനിന്ന് കരിപ്പൂരിൽ ബസ് മാർഗമെത്താൻ ഒരു മണിക്കൂറിലേറെ വേണം. കണ്ണൂർ നഗരത്തിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്താനും ഒരു മണിക്കൂറെങ്കിലും വേണം. നെടുമ്പാശ്ശേരിയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതിനുപിന്നിൽ ചില വ്യവസായ താത്‌പര്യങ്ങളുള്ളതായും ആരോപണമുയരുന്നുണ്ട്.കേരള റെയിൽ െഡവലപ്മെന്റ് കോർപ്പറേഷൻ (കെ റെയിൽ) പദ്ധതി അവതരിപ്പിക്കുമ്പോൾ നെടുമ്പാശ്ശേരിയിൽ സ്റ്റേഷൻ ഉണ്ടായിരുന്നില്ല. മലബാറിലെ വിമാനത്താവളങ്ങളുമായി പാത ബന്ധിപ്പിക്കണമെന്ന് ജനപ്രതിനിധികൾ അന്ന് ചൂണ്ടിക്കാണിച്ചെങ്കിലും വിശദമായ പദ്ധതിരേഖയിൽ അത് പരിഗണിക്കപ്പെട്ടതുമില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി ചെങ്ങന്നൂർമാത്രമാണ് സ്റ്റേഷനായി അനുവദിച്ചതും. തിരുവനന്തപുരം മുതൽ തിരൂർവരെ ഇപ്പോഴത്തെ റെയിൽപാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോടുവരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടാണ് പാത നിർമിക്കുന്നത്. 530.6 കിലോമീറ്റർ നാലുമണിക്കൂർ കൊണ്ട് പിന്നിടാനാകുമെന്നാണ് കെ റെയിലിന്റെ അവകാശവാദം. ഈ വർഷം പണിതുടങ്ങി അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ഇതിന് കേന്ദ്രസർക്കാരിന്റെയും നീതി ആയോഗിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3cma2oG
via
IFTTT
No comments:
Post a Comment