ഹരിപ്പാട്: ഇന്ധനമായ നാഫ്തയുടെ വില കുത്തനെ കുറഞ്ഞതിനാൽ കായംകുളം താപനിലയത്തിൽ യൂണിറ്റിന് 2.94 രൂപയ്ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് എൻ.ടി.പി.സി. വൈദ്യുതിവില യൂണിറ്റിന് 15 രൂപവരെ എത്തിയതിനാൽ അഞ്ചുവർഷത്തിലധികമായി കായംകുളത്തുനിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബി. വാങ്ങുന്നില്ല. ഇതേത്തുടർന്ന് അടച്ചിട്ടിരിക്കുന്ന നിലയം വീണ്ടും ഉപയോഗപ്പെടുത്താനുള്ള വഴിയാണ് തെളിയുന്നത്. വിലക്കുറവിനെപ്പറ്റി എൻ.ടി.പി.സി. അധികൃതർ കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂപ്പുകുത്തിയത് നാഫ്തയുടെ അന്താരാഷ്ട്രവിലയെയും ബാധിച്ചു. നിലവിൽ മെട്രിക് ടണ്ണിന് 12,325 രൂപയാണ് നാഫ്തവില. 2004-നുശേഷം വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമാണ്. 2014-ൽ 76,000 രൂപയായിരുന്നു മെട്രിക് ടണ്ണിന്റെ വില. അന്ന് കായംകുളം വൈദ്യുതിയുടെ വില യൂണിറ്റിന് 15 രൂപയ്ക്കടുത്തായിരുന്നു. ഈ ഘട്ടത്തിലാണ് കെ.എസ്.ഇ.ബി. കായംകുളം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. അടച്ചിടലിനെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 30 ശതമാനത്തിലധികം കുറവുണ്ട്. ഇതിന് അനുപാതികമായി സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കുറച്ചിട്ടുണ്ട്. എങ്കിലും, ഇപ്പോഴും നാലുരൂപയ്ക്കടുത്ത് വിലവരുന്ന വൈദ്യുതി സംസ്ഥാനം വാങ്ങുന്നുണ്ട്. കായംകുളം നിലയം ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ വൈദ്യുതിവിലയിലെ കുറവിനൊപ്പം പ്രസരണനഷ്ടവും കുറയ്ക്കാം. വീലിങ് ചാർജ് (വൈദ്യുതിലൈൻ ഉപയോഗിക്കുന്നതിനുള്ള കൂലി) ഇനത്തിൽ വലിയ ലാഭമുണ്ടാകുമെന്ന മെച്ചവുമുണ്ട്. താപനിലയം വൈദ്യുതിക്ക് സൗരപദ്ധതികളേക്കാൾ വിലക്കുറവ് ഹരിപ്പാട്: നാഫ്തയുടെ വിലയിലെ കുറവ് താപവൈദ്യുതിയുടെ വില സൗരനിലയങ്ങളേക്കാൾ താഴെയെത്തിച്ചിരിക്കുകയാണ്. രാജ്യത്ത് സൗരവൈദ്യുതിയുടെ ശരാശരി വില യൂണിറ്റിന് മൂന്നുരൂപയാണ്. കായംകുളം താപനിലയത്തിന് അനുബന്ധമായി സ്ഥാപിക്കുന്ന 92 മെഗാവാട്ട് സൗരനിലയത്തിൽനിന്ന് 3.16 രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി. കരാറായിരിക്കുന്നത്. നാഫ്തയുടെ ഇപ്പോഴത്തെ അന്താരാഷ്ട്രവില പരിഗണിച്ചാൽ കായംകുളം താപനിലയത്തിൽനിന്ന് യൂണിറ്റിന് 2.94 രൂപയ്ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാം. കായംകുളത്ത് നാഫ്ത അധിഷ്ഠിത താപനിലയം സ്ഥാപിക്കാൻ 1998-ലാണ് ധാരണയായത്. അന്ന് നാഫ്തയുടെ അന്താരാഷ്ട്ര വില മെടിക് ടണ്ണിന് ആറായിരം രൂപയായിരുന്നു. അതനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 1.2 രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ, 1999 ഡിസംബറിൽ പദ്ധതി കമ്മിഷൻ ചെയ്തപ്പോഴേക്കും നാഫ്തവില ഉയർന്നു. അപ്പോഴേക്കും വില രണ്ടുരൂപയിലധികമായി. പിന്നീട് പല ഘട്ടങ്ങളിലായി ഇന്ധനവില കൂടിയാണ് ഒരു യൂണിറ്റിന് 15 രൂപവരെ എത്തിയത്. Cotent Highlight: Kayamkulam power station
from mathrubhumi.latestnews.rssfeed https://ift.tt/3cma8wy
via
IFTTT
No comments:
Post a Comment