കണ്ണൂർ: കണ്ണൂർ ജില്ലയിലെ കോവിഡ്-19 രോഗബാധിതരിൽ കൂടുതൽപേർക്കും രോഗലക്ഷണമില്ല. ബുധനാഴ്ച വരെ ജില്ലയിൽ കോവിഡ് രോഗം കണ്ടെത്തിയ 111-ൽ 80 പേർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. രോഗവ്യാപനം തീവ്രമായ ദിവസങ്ങളിൽ ഗൾഫിൽനിന്ന് വന്നവരെയും അവരുമായി അടുത്ത് ബന്ധപ്പെട്ടവരെയും പരിശോധിക്കാൻ കഴിഞ്ഞതാണ് രോഗലക്ഷണം പ്രകടമാക്കാത്ത രോഗികളെ കണ്ടെത്താൻ സഹായകമായത്. വിദേശത്തുനിന്ന് വന്നവരെയെല്ലാം വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞതിനാലാണ് സമൂഹവ്യാപനം തടയാനായതെന്നാണ് കരുതുന്നത്. കണ്ണൂർ ജില്ലയിൽ മാർച്ച് 15 മുതൽ 22 വരെ ഗൾഫ് രാജ്യങ്ങളിൽനിന്നെത്തിയ 85 പേർക്കാണ് ഇതേവരെ രോഗം കണ്ടെത്തിയത്. െബംഗളൂരു, കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ വന്ന് കണ്ണൂരിലെത്തി ക്വാറന്റയിനിൽ പ്രവേശിച്ചവരാണ് ഇവരിലധികവും. നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഒരാൾക്കും സമ്പർക്കത്തിലൂടെ ബന്ധുവിനും രോഗബാധയുണ്ടായി. നിസാമുദ്ദീനിൽ വേറെ ആവശ്യത്തിന് പോയി തീവണ്ടിയിൽ കണ്ണൂരിലേക്ക് യാത്രചെയ്ത ഒരു യുവതിക്കുകൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. മാർച്ച് അഞ്ചിന് ദുബായിൽനിന്ന് കരിപ്പൂർവഴിയെത്തിയ ഒരാൾക്ക് മാർച്ച് 12-ന് രോഗം സ്ഥിരീകരിച്ചതാണ് ജില്ലയിലെ ആദ്യത്തെ കോവിഡ്-19 പോസിറ്റീവ്. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുച്ചേരി സംസ്ഥാനത്ത് പെട്ട മാഹി ചെറുകല്ലായിയിലെ ഒരാളാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കിടയിൽ മരിച്ചത്. ഏപ്രിൽ അഞ്ചിനും എട്ടിനും ഇടയിൽ പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയിൽ ഒരു വീട്ടിലെ നാലുപേർക്ക് കോവിഡ്-19 ബാധ കണ്ടെത്തിയതാണ് ജില്ലയിൽ സ്രവപരിശോധന കൂടുതൽ വ്യാപകമാക്കാൻ കാരണം. ലോക്ഡൗണിന് മുമ്പുള്ള ഒരാഴ്ചയിലേറെക്കാലത്ത് ഗൾഫിൽനിന്നെത്തിയ മുഴുവൻ പേരെയും സ്രവപരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിക്കുകയായിരുന്നു. ചെറുവാഞ്ചേരിയിലെ 81-കാരന് ഹൃദ്രോഗചികിത്സയ്ക്കിടയിലാണ് രോഗബാധ വ്യക്തമായത്. 81-കാരന്റെ വീട്ടിലെ മൂന്നംഗങ്ങൾ മാർച്ച് 15-ന് ഗൾഫിൽനിന്നെത്തിയതാണെന്ന് മനസ്സിലായതോടെ അവരെയും വീട്ടിലെ മറ്റംഗങ്ങളെയും ക്വാറന്റയിനിലാക്കി സ്രവപരിശോധന നടത്തി. ഗൾഫിൽനിന്ന് വന്ന 11-കാരനും വിമാനത്താവളത്തിൽനിന്ന് അവരെ കൂട്ടിവന്ന രണ്ട് അമ്മാവന്മാർക്കും കോവിഡ് വ്യക്തമായത് മൂന്നാം ദിവസം. അതേ കുടുംബത്തിലെ ആറുപേർക്കുകൂടി പിന്നീട് രോഗം കണ്ടെത്തി. വിദേശത്തുനിന്ന് വന്നവർക്ക് 14 ദിവസമല്ല, 28 ദിവസം തന്നെ ക്വാറന്റയിനും അവർക്ക് രോഗലക്ഷണമില്ലെങ്കിലും സ്രവപരിശോധനയും നിർബന്ധമാക്കിയത് ചെറുവാഞ്ചേരി അനുഭവത്തെ തുടർന്നാണ്. 28 ദിവസം കഴിഞ്ഞാൽ രോഗവ്യാപനശേഷി കുറവായിരിക്കുമെന്നാണ് നിഗമനം. കണ്ണൂരിൽ ഇതിനകം 2342 പേർക്ക് പരിശോധന നടത്തി. 14 ദിവസത്തെ നിരീക്ഷണത്തിനിടയിൽ 53 പേർക്കും 28 ദിവസം വരെയുള്ള നിരീക്ഷണത്തിനിടയിൽ 14 പേർക്കും 28 ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 25 പേർക്കുമാണ് രോഗബാധ കണ്ടെത്തിയത്. രോഗമുക്തരായവരും 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവരും 14 ദിവസത്തെ റിവേഴ്സ് ക്വാറന്റയിനിൽ കൂടി കഴിയണമെന്നാണ് കണ്ണൂർ അനുഭവത്തിന്റെ വെളിച്ചത്തിൽ ആരോഗ്യ വകുപ്പ് ഇപ്പോൾ നിർദേശിക്കുന്നത്. വിദേശത്തുനിന്നെത്തിയവരും അവരുമായി അടുത്ത് ബന്ധപ്പെട്ടുവെന്ന് കരുതുന്നവരുമായ 214 പേരുടെ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്. Content Highlight: Disease outbreak in Kannur district; 80 people who do not show symptoms
from mathrubhumi.latestnews.rssfeed https://ift.tt/3btWeZe
via
IFTTT
No comments:
Post a Comment