അഞ്ചുവർഷമായി ഇസ്രയേലിലെ ജെറുസലേമിലെ നൊഫീം ഓൾഡ് ഏജ് ഹോമിലെ കെയർഗിവറാണ് കോഴിക്കോട് നടക്കാവ് സ്വദേശിനി ഷിനി മാർക്കോസ്. പുതുപ്പാടി ചെമ്പ്രംപറ്റയിലെ മാർക്കോസിന്റെയും ജാനറ്റിന്റെയും മകൾ. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജരായ സുമേഷ് ടോംസിന്റെ ഭാര്യ. ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിലെ പ്ലസ് ടുക്കാരൻ കാർത്തികിന്റെ അമ്മ. കോവിഡ് ബാധിച്ച് അതിഗുരുതരാവസ്ഥയിൽ കിടന്ന ആ ദിനങ്ങൾ ഷിനി മാതൃഭൂമി ന്യൂസ് റീജണൽ എഡിറ്റർ കെ. മധുവുമായി പങ്കുവെക്കുന്നു ജെറുസലേമിലെ എൻട്രി ട്രാഫഡിലെ ഡാൻ ഹോട്ടൽ. 406-ാം നമ്പർ മുറി. ഇത് എന്റെ ഏകാന്തവാസ മുറി. എനിക്ക് ഇപ്പോഴും കോവിഡ് -19 പോസിറ്റീവാണ്. തൊട്ടപ്പുറത്തെ ആശുപത്രിയിലായിരുന്നു ഇതുവരെ. ഇനി ഞാൻ പറയാം.. എന്റെ കിടക്കയുടെ അരികിൽ മരണം കാത്തുനിന്ന ആ 20 ദിവസങ്ങളെക്കുറിച്ച്... മാർച്ച് നാലിന് കോവിഡിനെക്കുറിച്ച് അധികൃതർ ബോധവത്കരണം നടത്തി. യോഗത്തിനുശേഷം ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി. അവിടെവന്ന ഒരു സാമൂഹിക പ്രവർത്തകന് കൊറോണ ഉണ്ടായിരുന്നു. ഞാൻ കയറിയ ലിഫ്റ്റിൽ അയാളും പോന്നു. കൂടെ വൈറസും. •മാർച്ച് 12, ആ ദിനം എണീറ്റപ്പോൾ നല്ല തലവേദന. പിന്നാലെ പനി തുടങ്ങി. ശരീരമാസകലം വേദനയായി. ഉച്ചയോടെ പനി കൂടി. ഛർദിക്കാനും തുടങ്ങി. വേദന മൂർച്ഛിച്ചു. ആംബുലൻസ് വിളിച്ച് ഹതാസാ ആശുപത്രിയിലെത്തി. ഹൈ ഫീവറിന് പാരസെറ്റമോൾ കഴിച്ചു. ഛർദി അസഹ്യമായി. 108 ഡിഗ്രി വരെ പനിച്ചു. വൈകാതെ വയറിളക്കം തുടങ്ങി. കഫക്കെട്ടില്ല, എന്നിട്ടും കുത്തിച്ചുമച്ചു. ശ്വാസം കിട്ടുന്നില്ല. ഓക്സിജൻ സിലിൻഡറെത്തി. സ്ഥിതി വഷളായി. എന്നെ ക്രിട്ടിക്കൽ കെയറിലേക്ക് മാറ്റി. ഞാൻ കുഴഞ്ഞുകിടന്നു. നാവ് പൊന്തുന്നില്ല. ഓക്സിജൻ വേണമെന്ന് ആംഗ്യം കാണിച്ചു. എന്നെ വെരി ക്രിട്ടിക്കൽ വിഭാഗത്തിലേക്കുമാറ്റി. ന്യൂമോണിയ സ്ഥിരീകരിച്ചു. •ഓർമ മറയുന്നു ശ്വാസം കിട്ടാതെ ഞാൻ തലയടിച്ച് പിടഞ്ഞു. ഓർമ മറഞ്ഞു. അറിയാത്ത നാട്, ഒറ്റയ്ക്ക്. ഡോക്ടർമാർ ക്യാമറയിലൂടെ നോക്കി മാറിമാറി മരുന്ന് പരീക്ഷിച്ചു. എനിക്ക് പ്രാണവായുവിനോട് മാത്രമായി പ്രിയം. ശരീരത്തിലെ അണുതോറും വേദന. എപ്പോഴോ ബോധം കിട്ടിയപ്പോൾ ആറേഴാളുകൾ ചേർന്ന് എന്നെയുംകൊണ്ട് ഓടുകയാണ്. ദേഹമാസകലം കുഴലുകളുണ്ട്. വഴിക്കെല്ലാം എല്ലാം അവർ ചുവരിലെ അലാറം മുഴക്കി. നേരേ വെന്റിലേറ്ററിലേക്ക്. •മരിച്ചാൽ ഉത്തരവാദി ഞാൻ മാത്രം അതിനിടെ അവർ തന്ന പല പേപ്പറുകളിലും ഒപ്പിട്ടു. മരിച്ചാൽ ഉത്തരവാദി ഞാൻ മാത്രം. അരികിൽ മരണത്തെ കണ്ടു. നിർവികാരം കിടന്നു. എനിക്കുവേണ്ടത് അല്പം ശ്വാസം മാത്രം. എല്ലാം ദൈവത്തിന് സമർപ്പിച്ചു. മേലുമുഴുവൻ കടച്ചിൽ. ബി.പി. നിയന്ത്രണം വിടുമ്പോൾ മോണിറ്ററിൽ അപകടത്തിന്റെ ചുവപ്പു കത്തും. ആദ്യം നഴ്സുമാർ. പിന്നാലെ ഡോക്ടർമാർ. അവർ ഓടിവരും. വെളുത്ത ഉടുപ്പിൽനിന്നുള്ള നോട്ടം മാത്രം. ആ കണ്ണുകളിൽ ഞാൻ ദൈവത്തെ കണ്ടു. വേദനകൊണ്ട് പുളഞ്ഞു. മുഖം അനക്കാൻ വയ്യ. പുറം അനക്കാൻ വയ്യ. കൈകാലുകൾ തൊടാൻ വയ്യ. എനിക്കൊന്ന് ഉറങ്ങണം.- അവരോടു പറഞ്ഞു. അപ്പോൾ മോർഫീൻ തന്നു. തെല്ലൊന്നുറങ്ങി. • ആശ്വാസ നിശ്വാസം പിന്നെയും എട്ടു ദിവസങ്ങൾ. മരിച്ച ദേഹം മരുന്നിനോട് പ്രതികരിച്ചു. ചില്ലുകൂടിന് പുറത്തെ കണ്ണുകളിൽ ഞാൻ കണ്ടു. ആശ്വാസം നിറയുന്നത്. മരണം അകലുന്നത്. ജറുസലേമിലെ നഴ്സുമാരും ഡോക്ടർമാരും അരികിൽ വന്നു. അവർ എനിക്കുവേണ്ടി പാട്ടു പാടി. നെയിൽ പോളിഷ് ഇട്ടുതന്നു, ൈകയിൽ പിടിച്ചു. മുഖത്ത് മെല്ലെ തലോടി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം. പിന്നീടറിഞ്ഞു. എനിക്കായി ലോകം മുഴുവൻ പ്രാർഥിച്ചെന്ന്. ഫെയ്സ്ബുക്കിൽ ലക്ഷത്തിലധികം പേർ എനിക്കു വേണ്ടി പ്രാർഥനയോടെ കമന്റിട്ടു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ഇപ്പോഴും ഞാൻ കൊറോണ പോസിറ്റീവാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. ചിക്കനും ബീഫും പാസ്തയും സലാഡുമൊക്കയുള്ള ഇസ്രായേലി ഭക്ഷണം. എനിക്ക് കുറച്ച് കഞ്ഞിയും അച്ചാറും വേണം. മുന്നിലെ പ്ലേറ്റിലേക്ക് ഞാൻ അരുചിയോടെ നോക്കി. അന്നേരം ഞാൻ എന്നോട് തന്നെ പറഞ്ഞു. അഹങ്കാരീ ഓർമയില്ലേ, ഐ.സി.യു.വിൽ കിടന്നത്. ചുണ്ടു നനച്ചുതന്ന സ്പോഞ്ചിൽ കടിച്ചത്. ഒരു തുള്ളി വെള്ളം കിട്ടിയത്. ആ രുചി മറക്കണ്ട. കിട്ടിയ ഭക്ഷണത്തോട് ഇനിയും നിനക്ക് ഇഷ്ടക്കേടോ? കൈമുത്തി ചിരിച്ച ആശുപത്രിയിലെ മാലാഖമാരെ ഞാൻ ഓർത്തു. കോവിഡ് നെഗറ്റീവാവട്ടെ. അവരെയൊന്ന് ചേർത്തുപിടിക്കണം. Content Highlight: Malayalee woman who survived Coronavirus shares her experience
from mathrubhumi.latestnews.rssfeed https://ift.tt/2UPP5g1
via
IFTTT
No comments:
Post a Comment