ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുഴുവൻ ജില്ലകളെയും മൂന്ന് വിഭാഗമായി തിരിച്ചായിരിക്കും പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്ന് കേന്ദ്രം. ഹോട്സ്പോട്ടുകൾ, നോൺ ഹോട്സ്പോട്ടുകൾ, ഗ്രീൻ സോൺ എന്നിങ്ങനെയാണ് തിരിക്കുന്നത്. തീവ്രവ്യാപനസാധ്യതയുള്ള ഹോട്സ്പോട്ടുകളായി 170 ജില്ലകൾ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവർ കൂടുതലുള്ള ജില്ലകളാണിവ. 207 ജില്ലകളാണ് ഹോട്സ്പോട്ടുകളായി മാറാൻ സാധ്യതയുള്ളത്. ഇവയാണ് നോൺ ഹോട്സ്പോട്ട് വിഭാഗത്തിലുള്ളത്. രോഗബാധിതർ കുറവുള്ള ജില്ലകളാണിവ. ഒരാൾക്കുപോലും കോവിഡ് സ്ഥിരീകരിക്കാത്ത ജില്ലകളാണ് ഗ്രീൻ സോണിലുള്ളത്. കേരളത്തിലെ ആറു ജില്ലകളാണ് ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്; കാസർകോഡ്, കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഇവ. വയനാട് ജില്ലയിലെ ചില മേഖലകളും ഹോട്സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകൾ രോഗബാധ തീവ്രമല്ലാത്തവയുടെ(നോൺ ഹോട്സ്പോട്ട്) പട്ടികയിലുണ്ട്. കോഴിക്കോട് ഇരു പട്ടികയിലുമില്ല. രാജ്യത്തെ ആറ് മെട്രോനഗരങ്ങളും(ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്) എന്നിവ ഹോട്സ്പോട്ടുകളിലുൾപ്പെടുന്നു. പ്രത്യേക കോവിഡ് ആശുപത്രികൾ സ്ഥാപിക്കുന്നതിലും രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവരെ കണ്ടെത്താനും മുൻഗണന നൽകണമെന്ന് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അഗർവാൾ പറഞ്ഞു. ഹോട്സ്പോട്ടുകളെ പ്രത്യേകകൂട്ടങ്ങളായി തിരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കും. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമുണ്ടായിട്ടില്ല. ചിലയിടത്ത് പ്രാദേശികവ്യാപനം ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ 11.41 ശതമാനം പേർ സുഖംപ്രാപിച്ചതായും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2XFx0mQ
via
IFTTT
No comments:
Post a Comment