ന്യൂഡൽഹി: ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ. രാജ്യത്ത് ഇതുവരെ 81 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ട്. അവർ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിലാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശനിയാഴ്ച ഇറ്റലിയിലേക്കു വിമാനമയക്കും. ഞായറാഴ്ച മടങ്ങിയെത്തും. റോമിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചിട്ടുണ്ട്. ഇറാനിൽനിന്ന് 44 പേരെ വ്യോമസേനയുടെ വിമാനത്തിൽ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചു. ഇവർ നാവികസേനാകേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. ഇറാനിൽനിന്ന് ഇതുവരെ 1031 പേരുടെ സാംപിളുകൾ എത്തിച്ചിട്ടുണ്ട്. ഇറാനിലെത്തിയ ശാസ്ത്രജ്ഞർക്ക് താത്കാലിക ലാബ് സ്ഥാപിക്കാനുള്ള അനുമതി ഇറാൻ അധികൃതർ ഇതുവരെ നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിന് അതിർത്തിയിലെ 37 ചെക്ക് പോസ്റ്റുകളിൽ 19 എണ്ണം അടച്ചു. ബംഗ്ലാദേശിലേക്കുള്ള ബസ്, തീവണ്ടി സർവീസുകൾ ഏപ്രിൽ 15 വരെ നിർത്തി. പഞ്ചാബിലെ അട്ടാരിയിലുള്ള ഇന്ത്യ-പാക് ചെക്പോസ്റ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു. അഫ്ഗാനിൽനിന്ന് പാകിസ്താൻ വഴി അട്ടാരി-വാഗ അതിർത്തിയിലെത്തുന്ന ചരക്കുകൾ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതും ആളുകളുടെ പോക്കുവരവും വിലക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള തീർഥാടകർ കർതാർപുർ ഇടനാഴിവഴി പാകിസ്താനിലെ സിഖ് ഗുരുദ്വാര സന്ദർശിക്കുന്നതിനും ഉടൻ വിലക്കേർപ്പെടുത്തിയേക്കും. ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇസ്രയേൽ, ദക്ഷിണകൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ എയർ ഇന്ത്യ റദ്ദാക്കി. ആശുപത്രികളിലെ തിരക്കൊഴിവാക്കാൻ സർക്കാർജീവനക്കാരുടെ നിർബന്ധിത വാർഷിക ആരോഗ്യ പരിശോധന ജൂൺ 30 വരെ സസ്പെൻഡ് ചെയ്തു. ജെ.എൻ.യു.വിനു പുറമേ, ജാമിയ മിലിയ സർവകലാശാലയിലും മാർച്ച് 31 വരെ അവധിനൽകി. Content Highlights:Coronavirus not health emergency
from mathrubhumi.latestnews.rssfeed https://ift.tt/38OzYaj
via
IFTTT
No comments:
Post a Comment