തോപ്പുംപടി: ''രണ്ടു മാസമായി കടലിൽ പോയാൽ ഒന്നും കിട്ടുന്നില്ല. ഞങ്ങളാരും കടലിൽ പോകുന്നില്ല. ചിലരൊക്കെ കായലിലേക്ക് പോയി. പക്ഷേ, അവിടെയും കാലിയാ...'' - ചെല്ലാനത്തെ മത്സ്യത്തൊഴിലാളി പാപ്പച്ചന്റെ വാക്കുകളിൽ തീരദേശത്തിന്റെ ദുരിതകാലം വ്യക്തമാണ്. അഥവാ കുറച്ച് മീൻ കിട്ടിയാൽ അതിന് വിലയും കിട്ടുന്നില്ലത്രെ. കൊറോണയുടെ പേരുപറഞ്ഞാണ് മീനിന് കച്ചവടക്കാർ വില കുറയ്ക്കുന്നത്. വറുതിക്കാല ദുരിതങ്ങൾക്കിടയിൽ കടന്നുവന്ന 'കൊറോണ' മത്സ്യമേഖലയിൽ കരിനിഴൽ വീഴ്ത്തുകയാണ്. ചന്തകളിൽ ആളുകൾ വരാതായതോടെ മീൻ കച്ചവടം വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചെമ്മീൻ ഉൾപ്പെടെയുള്ള മീനുകൾക്ക് പഴയപോലെ വിലയും കിട്ടുന്നില്ല. കയറ്റുമതി കമ്പനികൾ മാർക്കറ്റുകളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. കൊറോണ തന്നെയാണ് അവിടെയും വില്ലൻ. വിദേശത്തേക്ക് അടുത്തകാലത്തൊന്നും മത്സ്യം കയറ്റി അയയ്ക്കാൻ കഴിയില്ലെന്നാണ് കണക്കാക്കുന്നത്. വലിയ വിലയ്ക്ക് മീൻ എടുത്തുെവച്ചിട്ട് കാര്യമില്ല. മാത്രമല്ല, കയറ്റുമതി മേഖലയിൽ മുടക്കിയ പണം തിരിച്ചുകിട്ടാത്തതിനാൽ കമ്പനികൾ വലിയ പ്രതിസന്ധിയിലുമാണ്. കോടികളുടെ ഇടപാടുകളാണ് പ്രതിസന്ധിയിലായത്. അതുകൊണ്ട് മത്സ്യക്കയറ്റുമതി മേഖല ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു. കമ്പനികൾ വിട്ടുനിൽക്കുന്നതാണ് വിലയിടിവിന് പ്രധാന കാരണം. കടലിൽ വള്ളക്കാർക്ക് മാത്രമല്ല, ബോട്ടുകൾക്കും രക്ഷയില്ല. ബോട്ടുകളിൽ പോകുന്ന ധാരാളം തൊഴിലാളികളുണ്ട്. ട്രോൾ ബോട്ടുകൾ കടലിൽ ഇറങ്ങാത്തതിനാൽ അവർക്ക് പണിയില്ല. ''കഴിഞ്ഞ വർഷം കുറച്ച് ചാളപ്പണിയുണ്ടായിരുന്നു. ഇക്കുറി അതുമില്ല. ചന്തകളിൽ ആളുകൂടരുതെന്ന നിർദേശം വന്നിട്ടുണ്ട്. ഇനി മീൻ കിട്ടിയാൽ വിൽക്കാനും പറ്റില്ല'' - മത്സ്യത്തൊഴിലാളി നേതാവ് കൂടിയായ ഷിജി തയ്യിൽ പറയുന്നു. ''എല്ലാവർക്കും സർക്കാർ സഹായം നൽകുന്നുണ്ട്. പക്ഷേ, മത്സ്യത്തൊഴിലാളിക്ക് മാത്രം ആരും ഒന്നും തരുന്നില്ല'' - മേഖലയുടെ പ്രതിഷേധമാണ് ഷിജിയുടെ വാക്കുകളിൽ. മീൻ ലഭ്യത കുറഞ്ഞതോടെ കടലോരങ്ങളിൽ സ്ത്രീകൾക്കും പണിയില്ലാതായി. നഗരത്തിലേക്ക് മറ്റ് തൊഴിലുകൾ തേടി പോകുന്ന സ്ത്രീകളുടെ എണ്ണം കൂടി. കൊറോണപ്പേടി പടർന്നതോടെ നഗരങ്ങളിൽ വീട്ടുജോലി പോലും ലഭിക്കുന്നില്ല. പീലിങ് ഷെഡ്ഡുകൾ അടച്ചതിനാൽ അവിടെയും തൊഴിലില്ല. കടലിൽ ഒന്നും കിട്ടാതായപ്പോൾ, കുറെയധികം തൊഴിലാളികൾ നിർമാണ മേഖലയിലേക്ക് തിരിഞ്ഞിരുന്നു. ചെറുപ്പക്കാരാണ് ഇങ്ങനെ വഴിമാറിയത്. കൊറോണ വന്നപ്പോൾ അവിടെയും പണിയില്ലാതായി. തീര മേഖലയിൽ ചെറുപ്പക്കാരിലേറെയും വീടുകളിൽത്തന്നെ കഴിയുകയാണ്. ''ചാള കിട്ടാതായി... അതുതന്നെയാണ് വലിയ പ്രശ്നം. ഹാർബറിലെ കച്ചവടത്തിനും വിലക്കുണ്ടായേക്കും. വലിയ പ്രതിസന്ധിയാണിത്'' - ചെല്ലാനത്തെ തൊഴിലാളി പി.വി. വിത്സൻ പറയുന്നു. ഞണ്ട് പിടിത്തക്കാരും ഞണ്ട് കൃഷിക്കാരും വലിയ പ്രതിസന്ധിയിലാണ്. അവർ ഉത്പാദിപ്പിക്കുന്ന ജീവനുള്ള ഞണ്ടുകളെ ചൈനയിലേക്കാണ് പ്രധാനമായും കയറ്റിയയച്ചിരുന്നത്. ചൈനയിലെ മാർക്കറ്റുകൾ അടഞ്ഞത് ഇവർക്ക് കനത്ത തിരിച്ചടിയായി. കിലോഗ്രാമിന് 1,300 രൂപ വരെ ലഭിച്ചിരുന്ന ഞണ്ടിന് ഇപ്പോൾ പകുതിവില പോലും കിട്ടുന്നില്ല. ഞണ്ട് കൃഷിയുടെ അടിവേര് തകർത്തിരിക്കുകയാണ് കൊറോണ. കൊറോണയ്ക്ക് മുമ്പുതന്നെ അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി നിലച്ചിരുന്നു. കടലാമയെ പിടിക്കുന്നതിന്റെ പേരിലാണ് ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. കൊറോണയ്ക്ക് മുമ്പുതന്നെ തുടങ്ങിയിരുന്നു മത്സ്യമേഖലയുടെ ശനിദശ. ഒടുവിൽ കൊറോണ കൂടി എത്തുമ്പോൾ, അത് മത്സ്യമേഖലയ്ക്ക് കനത്ത ആഘാതമായി മാറുന്നു. Content Highlights: Corona Pandemic affected Kerala Fisheries sector
from mathrubhumi.latestnews.rssfeed https://ift.tt/2Qw593N
via
IFTTT
No comments:
Post a Comment