ഭോപാൽ: കേവലഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാർ തിങ്കളാഴ്ചതന്നെ നിയമസഭയിൽ വിശ്വാസംതേടണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ നിർദേശിച്ചതോടെ മധ്യപ്രദേശ് വീണ്ടും ശ്രദ്ധാകേന്ദ്രമായി. എന്നാൽ, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയിൽ അറിയിക്കാമെന്ന് സ്പീക്കർ എൻ.പി. പ്രജാപതി പറഞ്ഞു. സഭാസമ്മേളനത്തിന്റെ അജൻഡയിൽ വിശ്വാസവോട്ടെടുപ്പ് ഉൾപ്പെടുത്തിയിട്ടുമില്ല. ഇതോടെ വോട്ടെടുപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലായി. വോട്ടിനെ കൊറോണ വൈറസ് ബാധയിൽ കുരുക്കാനാണ് കോൺഗ്രസിന്റെ തിരക്കിട്ട ശ്രമം. കൊറോണ ബാധിതപ്രദേശങ്ങളായ ബെംഗളൂരു, ഹരിയാണ, ജയ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ എം.എൽ.എ.മാർക്ക് നിർബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തിൽ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് ഭരണപക്ഷം വാദിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത മന്ത്രിസഭായോഗം കൊറോണഭീതിയുടെ പശ്ചാത്തലത്തിൽ സഭാസമ്മേളനം മാറ്റിവെക്കണമെന്ന് ശുപാർശചെയ്തു. ശനിയാഴ്ച അർധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാൻ ഗവർണർ മുഖ്യമന്ത്രിക്ക് കത്തുനൽകിയത്. തിങ്കളാഴ്ചയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. രാവിലെ ഗവർണറുടെ പ്രസംഗം കഴിഞ്ഞാലുടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് നിർദേശം. കോൺഗ്രസുവിട്ട് ബി.ജെ.പി.യിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലർത്തുന്ന 22 എം.എൽ.എ.മാർ രാജിവെച്ചതോടെയാണ് മധ്യപ്രദേശ് സർക്കാർ പ്രതിസന്ധിയിലായത്. വിശ്വാസവോട്ടെടുപ്പ് ഉറപ്പായതോടെ, രാജസ്ഥാനിലെ ജയ്പുരിൽ പാർപ്പിച്ചിരുന്ന കോൺഗ്രസ് എം.എൽ.എ.മാരെ ഞായറാഴ്ച തിരിച്ചെത്തിച്ചു. വീട്ടിലേക്കുപോകാതെ ഇവരെല്ലാവരും ഭോപാലിലെ ഹോട്ടലിലാണ് തങ്ങുന്നത്. ഹരിയാണയിലേക്കുമാറ്റിയ ബി.ജെ.പി. എം.എൽ.എ.മാർ സഭചേരുംമുമ്പ് എത്തുമെന്നാണ് കരുതുന്നത്. സമ്മേളനത്തിനുണ്ടാകണമെന്നും പാർട്ടിക്കനുകൂലമായി വോട്ടുചെയ്യണമെന്നും നിർദേശിച്ച് എം.എൽ.എ.മാർക്ക് ബി.ജെ.പി. ഞായറാഴ്ച വിപ്പ് നൽകി. കോൺഗ്രസ് സ്വന്തം എം.എൽ.എ.മാർക്ക് ശനിയാഴ്ച വിപ്പ് നൽകിയിരുന്നു. വോട്ടെടുപ്പ് നടക്കുന്നതിനാൽ നിയമസഭാപരിസരത്ത് ഭോപാൽ ജില്ലാഭരണകൂടം 144 പ്രഖ്യാപിച്ചു. രാജിവെച്ച എം.എൽ.എ.മാരിലുൾപ്പെട്ട ആറു മന്ത്രിമാരുടെ രാജിക്കത്ത് സ്പീക്കർ ശനിയാഴ്ച സ്വീകരിച്ചു. ഇതോടെ നിയമസഭാസീറ്റുകളുടെ എണ്ണം 222 ആയി. കേവലഭൂരിപക്ഷം 112-ഉം. 16 എം.എൽ.എ.മാരുടെ രാജി സ്വീകരിച്ചിട്ടില്ല. മധ്യപ്രദേശ് നിയമസഭ ഇപ്പോൾ ആകെ സീറ്റ് 222 കേവലഭൂരിപക്ഷം 112 കോൺഗ്രസ് 92 ബി.ജെ.പി. 107 അർധരാത്രി ഗവർണറുടെ ഉത്തരവ് ന്യൂഡൽഹി/ഭോപാൽ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ തിങ്കളാഴ്ചതന്നെ വിശ്വാസവോട്ട് തേടണമെന്ന ഗവർണർ ലാൽജി ടണ്ഠന്റെ ഉത്തരവ് കോൺഗ്രസ് ക്യാമ്പിൽ ആശങ്കപടർത്തി. എന്നാൽ, അത് മറികടക്കാനുള്ള തകൃതിയായ നീക്കത്തിലാണ് ഭരണപക്ഷം. ഗവർണറുമായി മുഖ്യമന്ത്രി കമൽനാഥ് രാത്രി ഞായറാഴ്ച അർധരാത്രി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വിശ്വാസവോട്ടിന് തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന എം.എൽ.എ.മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടതായും കമൽനാഥ് പറഞ്ഞു. സഭാനടപടികൾ തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കല്ലെന്നും മറിച്ച് നിയമസഭാസ്പീക്കർക്കാണെന്നുമുള്ള വാദമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. കൊറോണ വൈറസ്ബാധ രാജ്യത്തെങ്ങും ആശങ്കപടർത്തുമ്പോൾ നിയമസഭ സമ്മേളിക്കുന്നത് ആശങ്കാജനകമാണെന്നും കോൺഗ്രസ് പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊറോണബാധിത പ്രദേശങ്ങളിൽ കഴിയുന്ന എം.എൽ.എ.മാർ കർശനപരിശോധനയ്ക്ക് വിധേയരാകണമെന്ന് പബ്ളിക് റിലേഷൻസ് മന്ത്രി പി.സി. ശർമ ആവശ്യപ്പെട്ടു. ഞായറാഴ്ചചേർന്ന അടിയന്തര മന്ത്രിസഭായോഗം വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് കമൽനാഥിനെ ചുമതലപ്പെടുത്തി. വിശ്വാസവോട്ടെടുപ്പ് ജയിക്കാനുള്ള അംഗബലം കോൺഗ്രസിനുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലേക്ക് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറെ ഡൽഹിയിലെ വീട്ടിലെത്തിക്കണ്ടു. അദ്ദേഹം തിങ്കളാഴ്ച രാവിലെയോടെ ഭോപാലിലെത്തിയേക്കും. തിങ്കളാഴ്ച താൻ നിയമസഭയെ അഭിസംബോധന ചെയ്തുകഴിഞ്ഞാലുടൻ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഉത്തരവിട്ടിരിക്കുന്നത്. കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായെന്നും ന്യൂനപക്ഷസർക്കാരാണ് ഇപ്പോഴുള്ളതെന്ന് ഗവർണർ പറഞ്ഞിട്ടുണ്ടെന്നും നിയമസഭയിലെ ബി.ജെ.പി. ചീഫ് വിപ്പ് നരോത്തം മിശ്ര പറഞ്ഞു. ബി.ജെ.പി.ക്ക് ധൈര്യക്കുറവുണ്ടെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. വിമത എം.എൽ.എ.മാർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബെംഗളൂരു ദേവനഹള്ളിയിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ വിമത കോൺഗ്രസ് എം.എൽ.എ.മാരെ യെലഹങ്ക റമദാ ഹോട്ടലിലേക്ക് മാറ്റി. ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യാമ്പിലുള്ള ആറുമന്ത്രിമാരടക്കം 21 എം.എൽ.എ.മാരാണ് ഹോട്ടലിലുള്ളത്. Content Highlights:Coronavirus Madhya Pradesh
from mathrubhumi.latestnews.rssfeed https://ift.tt/2WfBPlZ
via
IFTTT
No comments:
Post a Comment