ഭോപാൽ: മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് രാജിവെച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്പീക്കർ എൻ.പി. പ്രജാപതിക്ക് കോൺഗ്രസ് കത്ത് നൽകി. കമൽനാഥ് മന്ത്രിസഭയിലെ ആറ് മന്ത്രിമാരുൾപ്പെടെ 22 എംഎൽഎമാരാണ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് രാജി വെച്ചത്. ഇവരിൽ നാല് മന്ത്രിമാർക്കെതിരെയാണ് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മഹേന്ദ്ര സിങ് ശിശോദിയ, ഇമാരതി ദേവി, തുൾസി ശീലാവത്, പ്രഭുറാം ചൗധരി, ഗോവിന്ദ് സിങ് രജപുത്, പ്രദുമൻ സിങ് തോമർ തുടങ്ങിയ മന്ത്രിമാരെയാണ് ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന 191(2) ആർട്ടിക്കിൾ പ്രകാരം അയോഗ്യരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു നിയമസഭാംഗമോ ലെജിസ്ലേറ്റീസ് കൗൺസിൽ അംഗമോ ആയ ഒരാൾ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താൽ അയാളെ അയോഗ്യനാക്കാമെന്നാണ് പത്താം ഷെഡ്യളിൽ പറയുന്നത്. കോൺഗ്രസ് നേതാവ് ഡി.പി. ധനോപിയ ആണ് സ്പീക്കർക്ക് ഈ വകുപ്പുകൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരിക്കുന്നത്. ആറുപേരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആറ് അപേക്ഷകളാണ് സ്പീക്കറിന് മുന്നിൽ എത്തിയിരിക്കുന്നത്. ആറുപേരും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച ജയിച്ചവരാണ്. എന്നാൽ ഇപ്പോളവർ ബിജെപിക്കൊപ്പം നിൽക്കുന്നു. അതിനാൽ അവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യമെന്ന് ധനോപിയ പറഞ്ഞു. നാലുപേരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. മന്ത്രിമാരുടേതുൾപ്പെടെ 22 എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ നിയമസഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. 107 എംഎൽഎമാരുള്ള ബിജെപിക്ക് സർക്കാരുണ്ടാക്കാൻ സാധിക്കുകയും ചെയ്യും. രാജിവെച്ച എംഎൽഎമാർ ഇ-മെയിൽ ആയാണ് തങ്ങളുടെ രാജിക്കത്ത് അയച്ചിരിക്കുന്നത്. എന്നാൽ അവർ നേരിട്ടുവന്ന് രാജി സമർപ്പിച്ചാൽ മാത്രമേ അത് പരിഗണിക്കാൻ സാധിക്കൂവെന്ന് സ്പീക്കർ എൻ.പി.പ്രജാപതി വ്യക്തമാക്കി. Content Highlights:Congress Wants 6 Madhya Pradesh Ministers Who Quit As MLAs Disqualified
from mathrubhumi.latestnews.rssfeed https://ift.tt/2Q9ZFLY
via
IFTTT
No comments:
Post a Comment