ആഭ്യന്തര കലഹം, കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്റെ ദൗര്‍ബല്യം... ഒമ്പതു മാസത്തിനിടെ രണ്ടു സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടതു വിരല്‍ ചൂണ്ടുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയിലേക്ക്. ഭരണത്തിലേറിയതിനൊപ്പം തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങളാണ് നേരത്തേ കര്‍ണാടകയിലും ഇപ്പോള്‍ മധ്യപ്രദേശിലും സര്‍ക്കാരുകളുടെ പതനത്തിലെത്തിയത്. രണ്ടിടത്തും പ്രതിസന്ധി മാസങ്ങളോളം നീണ്ടിട്ടും പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞില്ല.
കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലറുമായി ഏച്ചുകെട്ടിയ ബന്ധം ഒരു ദിവസം പോലും ഭദ്രമായിരുന്നില്ല. തക്കം പാര്‍ത്തിരുന്ന ബി.ജെ.പിയുടെ പാളയത്തിലേക്ക് രണ്ടു പാര്‍ട്ടിയില്‍നിന്നും വിമത എം.എല്‍.എമാര്‍ ഓടിക്കയറി. നിയമസഭാ സ്പീക്കറെ രാഷ്ട്രീയമായി ഉപയോഗിച്ചും നിയമത്തിലെ പഴുതു തേടി കോടതികള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. മുഖ്യമന്ത്രിക്കസേര യെദിയൂരപ്പ അനായാസം സ്വന്തമാക്കി. രാജിവച്ച വിമതരെ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തിച്ച് അധികാരം അരക്കിട്ടുറപ്പിച്ചു. കര്‍ണാടകയില്‍ സഖ്യകക്ഷിയിലെ പ്രശ്‌നങ്ങളെയും പഴിക്കാമെങ്കിലും മധ്യപ്രദേശിലെ ഭരണനഷ്ടത്തിനു വഴിവച്ച വീഴ്ചകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മറ്റാരെയും കുറ്റപ്പെടുത്താനില്ല.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത സംഘത്തില്‍ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മോഹിച്ചിരുന്ന മുഖ്യമന്ത്രിപദമാണ് എ.ഐ.സി.സിയിലെ കുടികിടപ്പുകാരായ പഴയ നേതാക്കളുടെ സഹായത്തോടെ കമല്‍നാഥ് സ്വന്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലം പോലും നഷ്ടമായ ജ്യോതിരാദിത്യയ്ക്ക് പി.സി.സി. അധ്യക്ഷപദമെങ്കിലും വിട്ടുകൊടുക്കാന്‍ കമല്‍നാഥ് തയാറായില്ല.
സാമൂഹിക മാധ്യമങ്ങളിലെ പ്രൊെഫെലില്‍നിന്ന് കോണ്‍ഗ്രസ് അംഗമെന്ന ഭാഗം നീക്കിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചും താന്‍ പുറത്തേക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ജ്യോതിരാദിത്യ സിന്ധ്യ പലവട്ടം സൂചിപ്പിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അനങ്ങിയില്ല.ഒടുവില്‍ അദ്ദേഹം രാജിക്കത്തു നല്‍കിയപ്പോള്‍ തരിച്ചിരിക്കാനേ നേതൃത്വത്തിനു കഴിഞ്ഞുള്ളൂ. ജ്യോതിരാദിത്യയോടു കൂറു പ്രഖ്യാപിച്ച് 22 നിയമസഭാംഗങ്ങള്‍ രാജിക്കത്തു നല്‍കി ബംഗളുരുവിലേക്കു വണ്ടി കയറി. അവരെ അനുനയിപ്പിക്കാനായി മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങടക്കം കളത്തിലിറങ്ങിയെങ്കിലും െവെകിപ്പോയിരുന്നു.
സ്വന്തം എം.എല്‍.എമാര്‍ ചാടിപ്പോകാനുള്ള സാധ്യത മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ഉപമുഖ്യമന്ത്രിയും പി.സി.സി. പ്രസിഡന്റുമായ സച്ചിന്‍ െപെലറ്റും തമ്മിലാണു വടംവലി. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുള്ള ആരോഗ്യമന്ത്രി ടി.എസ്. സിങ്‌ദേവും കൊമ്പുകോര്‍ത്തുനില്‍ക്കുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും മുന്‍മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവും തമ്മിലാണു പോര്.
മഹാരാഷ്ട്രയിലെ പ്രതിസന്ധി വ്യത്യസ്തമാണ്. ബി.ജെ.പിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താനുള്ള വ്യഗ്രതയില്‍ ശിവസേനയ്‌ക്കൊപ്പം കൂടിയെങ്കിലും ഒട്ടും ചേര്‍ച്ചയില്ലാത്ത ആശയെവെരുദ്ധ്യം സഖ്യത്തിനു ഭീഷണിയായി ഒപ്പമുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ എ.ഐ.സി.സി. അധ്യക്ഷപദം ഇട്ടെറിഞ്ഞുപോയ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കു വരുത്തിവച്ച ആഘാതം ചില്ലറയല്ല. ഇടക്കാലത്തേക്കെന്ന പേരില്‍ അധ്യക്ഷപദം ഏറ്റെടുത്ത സോണിയാ ഗാന്ധിക്ക് സംഘടനാകെട്ടുറപ്പ് വീണ്ടെടുക്കാനായി ഒന്നും ചെയ്യാനായില്ല. ചേരിപ്പോരു മൂലം താഴേത്തട്ടില്‍പ്പോലും ഭാരവാഹിനിര്‍ണയം നടത്താനാകാതെ ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും സംഘടന തീര്‍ത്തും ദുര്‍ബലം.
from mangalam.com https://ift.tt/2Ut5XI7
via IFTTT
No comments:
Post a Comment