കൊല്ലം: ചവറക്കാർക്ക് എൻ വിജയൻപിള്ള എന്നാൽ വിജയണ്ണനും വിജയൻ കൊച്ചേട്ടനുമായിരുന്നു. അതിപ്പോൾ കൊച്ചുകുട്ടികളായാലും പ്രായമുള്ളവരായാലും അവർക്കെല്ലാം അദ്ദേഹം വിജയണ്ണനൊ വിജയൻ കൊച്ചേട്ടനൊ ആയിരുന്നു. പഞ്ചായത്ത് അംഗമായി തുടങ്ങിയതാണ് ചവറയിൽ വിജയൻ പിള്ളയുടെ രാഷ്ട്രീയ പ്രവർത്തനം.രാഷ്ട്രീയം തുടങ്ങിയത് മുതൽ മരിക്കും വരെ ചവറയായിരുന്നു കർമ്മമണ്ഡലം. ചവറയുടെ അടിവേരുകളിൽ നിന്നും തുടങ്ങിയ പ്രവർത്തനം അദ്ദേഹത്തെ ചവറ എം.എൽഎ പദവിയിൽവരെ എത്തിച്ചു. 1979 മുതൽ 2000 വരെ വിജയൻ പിള്ള ചവറ പഞ്ചായത്ത് അംഗമായിരുന്നു. പിന്നീട് 2000 മുതൽ 2005 വരെ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. 2000 വരെ തികഞ്ഞ ആർഎസ്പിക്കാരായിരുന്നു. പിന്നീട് ആർ.എസ്.പി വിട്ട് കോൺഗ്രസ് പാളയത്തിലെത്തി. ഇക്കാലത്ത് കെ. കരുണാകരനുമായിട്ടായിരുന്നു വിജയൻപിള്ളയ്ക്ക് അടുപ്പം. കരുണാകരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ വിജയൻ പിള്ള അതിന്റെ ഭാഗമായി. കെ. കരുണാകരൻ തിരിച്ച് കോൺഗ്രസിലെത്തിയപ്പോൾ വിജയൻ പിള്ളയും മടങ്ങി. എന്നാൽ മദ്യനയത്തിൽ വി.എം സുധീരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുമ്പോൾ ഷിബു ബേബി ജോൺ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. മന്ത്രിയുടെ പരിവേഷത്തോടെ വിജയം ആവർത്തിക്കാൻ കളത്തിലിറങ്ങിയ ഷിബു ബേബി ജോണിനെ മലർത്തിയടിച്ചാണ് വിജയൻ പിള്ള ഏവരേയും ഞെട്ടിച്ചത്.സിഎംപിയിലെ അരവിന്ദാക്ഷൻ വിഭാഗത്തിന്റെ പ്രതിനിധിയായി ഇടത് സ്വതന്ത്രനായിട്ടാണ് അദ്ദേഹം മത്സരിച്ചത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു വിജയൻ പിള്ളയുടെ വിജയവും ഷിബുവിന്റെ തോൽവിയും. മുൻവർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഷിബുബേബി ജോണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച വിജയൻപിള്ള തന്നെ അദ്ദേഹത്തെ മലർത്തിയടിച്ച അപൂർവ്വ കാഴ്ചയയ്ക്കും 2016ലെ തിരഞ്ഞെടുപ്പ് സാക്ഷിയായി. 21 വർഷം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച അനുഭവ സമ്പത്തും വ്യക്തി ബന്ധങ്ങളുമാണ് ആർഎസ്പി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ തേവലക്കര ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി വിജയിക്കാൻ സഹായിച്ചത്. അത് തന്നെയാണ് കന്നി നിയമസഭാ അങ്കത്തിലും ചവറയുടെ മനസ്സ് അനുകൂലമായത് ജനകീയതയുടെ തുണയിലായിരുന്നു. ഏതു സമയത്തും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന നേതാവായിരുന്നു. വിജയൻപിള്ള പാർട്ടിയിൽ നിന്ന് പാർട്ടികളിലേക്ക് കൂടുമാറിയപ്പോൾ പോലും ചവറക്കാരുടെ ഇഷ്ടത്തിന് ഒരു കുറവുമുണ്ടായില്ല. രാഷ്ട്രീയം വിജൻ പിള്ളയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. കാരണം രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. മെമ്പർ നാരായണപ്പിള്ള എന്ന ചവറയുടെ പൊതുമണ്ഡലത്തിൽ സുപരിചിതനായ രാഷ്ട്രീയ പ്രവർത്തകന്റെ മകനായിരുന്നു അദ്ദേഹം. എൻ ശ്രീകണ്ഠൻനായർക്കും ബേബി ജോണിനും ഒപ്പം ആർഎസ്പിയുടെ സ്ഥാപക കാലം മുതൽ നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്നു മെമ്പർ നാരായണപിള്ള. 26 ാമത്തെ വയസ്സിലാണ് വിജയൻപിള്ള പഞ്ചായത്ത് അംഗമായത്. Content Highlight: N Vijayan Pillai MLA Passed away
from mathrubhumi.latestnews.rssfeed https://ift.tt/2TQy2so
via
IFTTT
No comments:
Post a Comment