ന്യൂഡൽഹി: സ്പീക്കറുടെ മേശപ്പുറത്തെ കടലാസുകൾ ബലം പ്രയോഗിച്ചെടുത്ത് കീറിയെറിഞ്ഞെന്നും സഭയോട് അനാദരം കാട്ടിയെന്നും ആരോപിച്ച് ഏഴ് കോൺഗ്രസ് അംഗങ്ങളെ വ്യാഴാഴ്ച ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് അഹൂജ എന്നിവരെയാണ് ബജറ്റുസമ്മേളനം തീരുന്ന ഏപ്രിൽ മൂന്നുവരെ സസ്പെൻഡ് ചെയ്തത്. ഇതിനായി പാർലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ശബ്ദവോട്ടോടെ പാസാക്കി. സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭാധ്യക്ഷരുടെ പാനലിലുള്ള ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയാണ് നടപടികൾ നിയന്ത്രിച്ചത്. ഡൽഹി കലാപം ഉടൻ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടയിലായിരുന്നു ഈ സംഭവവികാസങ്ങൾ. മൂന്നുവട്ടം നിർത്തിവെച്ച ലോക്സഭ മൂന്നുമണിക്ക് വീണ്ടും ചേർന്നപ്പോഴാണ് അപ്രതീക്ഷിതമായി പ്രതിപക്ഷത്തിനെതിരേ സർക്കാർ 'സസ്പെൻഷൻ' പ്രയോഗിച്ചത്. കഴിഞ്ഞ മൂന്നുദിവസത്തെയുംപോലെ വ്യാഴാഴ്ചയും രാവിലെമുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുയർത്തിയും കടലാസ് കീറിയെറിഞ്ഞും പ്രതിഷേധമുയർത്തിയിരുന്നു. ഉച്ചയ്ക്കുമുമ്പ് രണ്ടുവട്ടം സഭ സ്തംഭിച്ചു. ഉച്ചയ്ക്കു രണ്ടിനു ചേർന്നപ്പോൾ സഭ നിയന്ത്രിച്ചിരുന്ന രമാദേവിയുടെ കസേരയ്ക്കരികിൽനിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. അധ്യക്ഷന്റെ കസേരയ്ക്കുമുന്നിൽ ബാനർ കുറുകെപ്പിടിച്ചും കടലാസ് കീറിയെറിഞ്ഞും പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു. ഇതിനിടയിൽ ഗൗരവ് ഗൊഗോയ്, ഡീൻ കുര്യാക്കോസ് എന്നിവർ സ്പീക്കറുടെ മേശപ്പുറത്തുനിന്ന് കടലാസെടുത്ത് കീറിയെറിഞ്ഞെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ബഹളം രൂക്ഷമായപ്പോൾ മൂന്നുവരെ സഭ നിർത്തിവെച്ചു. മൂന്നിനു ചേർന്നപ്പോൾ അധ്യക്ഷപദവിയിലുണ്ടായിരുന്ന ബി.ജെ.പി. നേതാവ് മീനാക്ഷി ലേഖി പ്രതിപക്ഷാംഗങ്ങൾക്കെതിരേ നടപടി തുടങ്ങി. ഏഴംഗങ്ങളുടെ പേരുകൾ അധ്യക്ഷ വായിച്ചു. ഇവരോട് ഒരുദിവസത്തേക്കു സഭയിൽനിന്നു വിട്ടുനിൽക്കാൻ അധ്യക്ഷ നിർദേശിച്ചു. തൊട്ടുപിന്നാലെ ഇവരെ സസ്പെൻഡ് ചെയ്യാൻ ശുപാർശചെയ്യുന്ന പ്രമേയം മന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ പുറത്തുപോകാൻ മീനാക്ഷി ലേഖി ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം എതിർത്തു. ബഹളം രൂക്ഷമായപ്പോൾ സഭ വെള്ളിയാഴ്ച രാവിലെവരെ നിർത്തിവെച്ചു. content highlights;7 Congress MPs Suspended For Rest Of Session For Unruly Behaviour
from mathrubhumi.latestnews.rssfeed https://ift.tt/38nTwCp
via
IFTTT
No comments:
Post a Comment