കൊച്ചി: ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പലരും രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയാണ്. 'ദുരന്തകാലത്ത് വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ക്ക് വലിയ താല്പര്യം ഉണ്ടാകുമെന്നതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശരിയായ വാര്‍ത്തകള്‍ നല്‍കിയില്ലെങ്കില്‍ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പ്രശ്നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങള്‍ നിറയും, ആളുകള്‍ പരിഭ്രാന്തരാകും. എമര്‍ജന്‍സി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളില്‍ വസ്തുവകകളുടെ പൂഴ്ത്തിവെയ്പ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവര്‍ വേണ്ടത്ര വിവരങ്ങള്‍ പങ്കുവെക്കാത്തത് കൊണ്ടാണ്.'- മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊറോണക്കാലത്തെ വാര്‍ത്താ സമ്മേളനം...
ഒരു എമര്‍ജന്‍സി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളില്‍ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും.
വലിയ ദുരന്തങ്ങള്‍ ഉണ്ടാകുന്‌പോള്‍ അത് കൈകാര്യം ചെയ്യുന്നവര്‍ ദിവസവും പത്രലേഖകരെ കാണണമെന്നും അവര്‍ക്കറിയാവുന്ന വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കണമെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങള്‍ അത് തന്നെയാണ് പഠിപ്പിക്കുന്നതും. ദുരന്തകാലത്ത് വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ക്ക് വലിയ താല്പര്യം ഉണ്ടാകുമെന്നതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശരിയായ വാര്‍ത്തകള്‍ നല്‍കിയില്ലെങ്കില്‍ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പ്രശ്നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങള്‍ നിറയും, ആളുകള്‍ പരിഭ്രാന്തരാകും. എമര്‍ജന്‍സി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളില്‍ വസ്തുവകകളുടെ പൂഴ്ത്തിവെയ്പ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവര്‍ വേണ്ടത്ര വിവരങ്ങള്‍ പങ്കുവെക്കാത്തത് കൊണ്ടാണ്.
2018 ലെ പ്രളയകാലത്ത് കാര്യങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടായിരുന്ന കാലത്ത് പോലും കേരളത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആയിരുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കൃത്യമായ കണക്കുകള്‍ നിരത്തി നടത്തിയ ആ പത്രസമ്മേളനങ്ങള്‍ ദുരന്തം കൈകാര്യം ചെയ്യുന്നത് പഠിക്കുന്നവര്‍ക്ക് പഠനത്തിന് ഉപയോഗിക്കാന്‍ പറ്റുന്നവയായിരുന്നു.
നമ്മുടെ ആരോഗ്യ മന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല. ഈ കൊറോണക്കാലം തുടങ്ങിയത് മുതല്‍ മലയാളികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. സ്ഥിരമായി ആരോഗ്യ മന്ത്രിയും പറ്റുന്‌പോള്‍ ഒക്കെ മുഖ്യമന്ത്രിയും നാട്ടുകാരെ കാര്യങ്ങള്‍ നേരിട്ട് പറഞ്ഞു മനസിലാക്കുന്നു. ഫേസ്ബുക്കിലൂടെ വിവരം കൈമാറുന്നത് വേറെയും.
പക്ഷെ മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശം ഒന്നുമല്ല ആരോഗ്യമന്ത്രിയില്‍ ഞാന്‍ കാണുന്നത്. നിപ്പയുടെ കാലത്ത് തന്നെ ആരോഗ്യ എമര്‍ജന്‍സികളെ മുന്നില്‍ പോയി നിന്ന് നയിക്കുകയാണ് ടീച്ചര്‍. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നേതൃത്വം നല്‍കുന്നു, ഡോക്ടര്‍മാര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയര്‍ ഡോക്ടര്‍മാരെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോണ്‍ ബെല്ലടിക്കുന്‌പോള്‍ ഒന്നാമത്തെ ബെല്ലിന് ഫോണ്‍ എടുത്തത് ടീച്ചര്‍ തന്നെയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ ആളുകള്‍ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് കാര്യങ്ങള്‍ കൃത്യമായി നോക്കി ടീച്ചര്‍ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.
ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്!
മുരളി തുമ്മാരുകുടി
from mangalam.com https://ift.tt/39T19lW
via IFTTT
No comments:
Post a Comment