തൊടുപുഴ: ജനാധിപത്യ കേരള കോൺഗ്രസിലെ ഒരു വിഭാഗം യു.ഡി.എഫിലേക്ക്. പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, ട്രഷറർ വക്കച്ചൻ മറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പി.ജെ.ജോസഫ് പക്ഷത്തേക്ക് പോകാൻ തീരുമാനിച്ചതോടെയാണിത്. കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന പി.ജെ. ജോസഫിന്റെ ഐക്യ ആഹ്വാനം ഏറ്റെടുത്തെന്ന് ഫ്രാൻസിസ് ജോർജ് തിങ്കളാഴ്ച രാത്രി പാലായിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ചേർന്ന് ലയനത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, വർക്കിങ് ചെയർമാൻ കെ.സി.ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി.ജോസഫ്, വൈസ് ചെയർമാൻ ആന്റണി രാജു എന്നിവർ എൽ.ഡി.എഫിൽത്തന്നെ നിൽക്കുമെന്നാണ് നിലവിലെ സൂചന. നാലുവർഷം മുമ്പ് രൂപീകൃതമായ പാർട്ടിയുടെ പിളർപ്പിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അപ്രതീക്ഷിത നീക്കം ജനാധിപത്യ കേരള കോൺഗ്രസ് പാർലമെന്ററി ബോർഡ് യോഗത്തിലാണ് പി.ജെ.ജോസഫ് പക്ഷത്തേക്ക് പോകുന്നതിനെക്കുറിച്ചുള്ള ചർച്ച വന്നത്. ഫ്രാൻസിസ് ജോർജ് ഇതിന് തുടക്കമിട്ടു. എന്നാൽ പാർലമെന്ററി ബോർഡിലെ മൂന്നുപേരും ഈ നിർദേശത്തെ എതിർത്തു. തുടർന്ന് ഫെബ്രുവരി 22-ലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ എൽ.ഡി.എഫിൽത്തന്നെ ഉറച്ചുനിൽക്കണമെന്ന് തീരുമാനിച്ചു. എന്നാൽ, അപ്രതീക്ഷിതമായാണ് പുതിയ നീക്കം. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ചെയർമാൻ എം.പി.പോളിയും ഫ്രാൻസിസ് ജോർജിനൊപ്പം യു.ഡി.എഫിലേക്ക് പോകുമെന്നാണ് വിവരം. പാർട്ടി ചെയർമാൻ കെ.എം.മാണിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം.) വിട്ട ഫ്രാൻസിസ് ജോർജും സംഘവും 2016 മാർച്ച് ഒൻപതിനാണ് 'ജനാധിപത്യ കേരള കോൺഗ്രസ്' എന്ന പേരിൽ പുതിയപാർട്ടി രൂപവത്കരിച്ചത്. 2018 ഡിസംബറിൽ ഇടതുമുന്നണിയിലെത്തി. പി.ജെ.പക്ഷം, മാണിഗ്രൂപ്പുമായി അകന്നതിനാൽ ഇനി തിരികെപോകുന്നതിൽ തെറ്റില്ലെന്നാണ് ഫ്രാൻസിസ് ജോർജും കൂട്ടരും പറയുന്നത്. ഐക്യ കേരള കോൺഗ്രസെന്ന ആശയവും പറയുന്നുണ്ട്. പാർട്ടി ശക്തിപ്പെടുത്താനുള്ള പി.ജെ.ജോസഫിന്റെ രാഷ്ട്രീയ നീക്കമാണിതെന്നും കരുതപ്പെടുന്നു. ലയനം അണികളുടെ താത്പര്യപ്രകാരം -ഫ്രാൻസിസ് ജോർജ് ആന്റണി രാജു അടക്കം വിയോജിച്ച് നിൽക്കുന്നവരും കൂടെവരുമെന്നാണ് പ്രതീക്ഷ. എൽ.ഡി.എഫിനെ വഞ്ചിച്ചിട്ടില്ല. എൽ.ഡി.എഫുമായി പരസ്പര സഹകരണത്തോടെ ഇതുവരെ മുന്നോട്ടുപോയി. അണികളുടെ താത്പര്യപ്രകാരമാണ് പുതിയ തീരുമാനം. പാർട്ടി ജില്ലാ കമ്മിറ്റികളെല്ലാം ലയനത്തിനൊപ്പമാണ്. എൽ.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കും -ആന്റണി രാജു എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കാനാണ് പാർലമെന്ററി ബോർഡ് യോഗം തീരുമാനിച്ചിട്ടുള്ളത്. അടുത്ത ദിവസത്തെ എൽ.ഡി.എഫ്. യോഗത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് പങ്കെടുക്കും. Content Highlights:crisis in democratic kerala congress
from mathrubhumi.latestnews.rssfeed https://ift.tt/2TDOI7u
via
IFTTT
No comments:
Post a Comment