പാറശ്ശാല: കൊലപാതകം നടത്തി ദുബായിലേക്കു കടന്ന മുഖ്യപ്രതിയെ ഏഴു വർഷങ്ങൾക്കു ശേഷം പിടികൂടി. 2013-ൽ പാറശ്ശാലയ്ക്കു സമീപം ഇടിച്ചക്കപ്ലാമൂട്ടിൽ വച്ച് വർക്കല സ്വദേശി അഷറഫിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കളിയിക്കാവിള തുത്തൂർ ചിന്നത്തുറ സ്വദേശി സജു എന്നറിയപ്പെടുന്ന കിങ്സിലി(35)നെയാണ് പാറശ്ശാല പോലീസ് ദുബായിൽനിന്നു പിടികൂടിയത്. കിങ്സിലിൻ ഏഴു വർഷം മുൻപ് പാറശ്ശാലയ്ക്കു സമീപം ഇടിച്ചക്കപ്ലാമൂട്ടിൽ വച്ച് കിങ്സിലിനും സംഘവും ജീവനക്കാരെ ആക്രമിച്ച് മീനുമായെത്തിയ കണ്ടെയ്നർ ലോറി തട്ടിയെടുക്കുന്നതിനിടയിലാണ് അഷറഫിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയ്ക്കിടെ അഷറഫ് മരിച്ചു. അഷറഫിന്റെ അനുജനായ വർക്കല സ്വദേശി ഷംസുദ്ദീനും കിങ്സിലിനും തമ്മിൽ മീൻവ്യാപാരത്തിലുള്ള പ്രശ്നങ്ങളാണ് അഷറഫിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കിങ്സിലിനിൽനിന്നാണ് ഷംസുദ്ദീൻ മീൻ വാങ്ങിയിരുന്നത്. ഇവർ തമ്മിലുള്ള കച്ചവടത്തിൽ, കിങ്സിലിന് 25 ലക്ഷത്തോളം രൂപ ഷംസുദ്ദീൻ നൽകാനുണ്ടായിരിക്കേ അയാൾ മറ്റൊരാളിൽനിന്നു മീൻ വാങ്ങാൻ തുടങ്ങി. കിങ്സിലിനുമായുള്ള വ്യാപാരം അവസാനിപ്പിെച്ചങ്കിലും ഷംസുദ്ദീൻ പണം നൽകിയില്ലായിരുന്നു. ഈ പണം തിരികെ ലഭിക്കുന്നതിനായി ഷംസുദ്ദീന്റെ ലോറി തട്ടിയെടുക്കാൻ കിങ്സിലിൻ കളിയിക്കാവിള ആർ.സി. തെരുവിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകി. 2013 ജൂലായ് 23-ന് തൂത്തുക്കുടിയിൽനിന്നു മത്സ്യവുമായി തിരിച്ച ഷംസുദ്ദീന്റെ ലോറിയെ കിങ്സിലിൻ മറ്റൊരു വാഹനത്തിൽ പിന്തുടർന്നു. അടുത്ത ദിവസം രാവിലെ 5 മണിയോടുകൂടി ലോറി ഇടിച്ചക്കപ്ലാമൂട്ടിൽ എത്തിയപ്പോൾ, അവിടെ കാത്തുനിന്ന കളിയിക്കാവിള സ്വദേശികളായ 11 പേരടങ്ങുന്ന സംഘം ലോറി തടഞ്ഞു. ലോറിയിലുണ്ടായിരുന്ന അഷറഫടക്കമുള്ള ഏഴു പേരെയും ആക്രമിച്ച് ലോറി തട്ടിയെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഷറഫ് അടുത്ത ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചു. സംഭവത്തിനു ശേഷം കേസിലെ മറ്റ് 11 പ്രതികളെയും വാഹനത്തെയും പാറശ്ശാല പോലീസ് പിടികൂടിയിരുന്നു. പക്ഷേ, പ്രധാന പ്രതിയായ കിങ്സിലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ കിങ്സിലിൻ കുടുംബസമേതം ദുബായിലേക്കു കടന്നു. കിങ്സിലിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾ മറ്റൊരു കേസിൽ ദുബായിൽ പിടിയിലായത്. ഇയാൾ ദുബായിൽ പിടിയിലായതായി അറിഞ്ഞതിനെത്തുടർന്ന് പാറശ്ശാല പോലീസ് ദുബായ് പോലീസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വിനോദ്കുമാർ, പാറശ്ശാല സി.ഐ. കണ്ണൻ, എസ്.ഐ. ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് ദുബായിൽനിന്നു പ്രതിയെ നാട്ടിലെത്തിച്ചത്. പ്രതിയെ കുടുക്കിയത് പോലീസിന്റെ ജാഗ്രത, വിദേശത്തുനിന്നെത്തിയ ഫോൺകോൾ വഴിതുറന്നു കൊലപാതകത്തിനെത്തുടർന്ന് വിദേശത്തേക്കു കടന്ന പ്രതിയെ പിടികൂടാൻ സാധിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ നിതാന്തജാഗ്രതയും വിദേശത്തു നിന്നെത്തിയ ഫോൺകോളുമാണ്. അഷറഫ് കൊല്ലപ്പെട്ടതിനെത്തുടർന്ന് അതീവരഹസ്യമായാണ് കിങ്സിലിൻ ദുബായിലേക്കു കുടുംബസമേതം കടന്നത്. പിടിയിലായ പ്രതികളിൽ ഒരാൾക്കു മാത്രമാണ് കിങ്സിലിനുമായി ബന്ധമുണ്ടായിരുന്നത്. ഇയാൾ പിടിയിലാകുന്നതിനു മുമ്പുതന്നെ കിങ്സിലിൻ വിദേശത്തേക്കു കടക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നിലച്ചു. തുടർന്ന് പാറശ്ശാല സി.ഐ. ആയി ബിനു എത്തിയപ്പോഴാണ് അന്വേഷണം പുനരാരംഭിച്ചത്. സി.ഐ. ഓഫീസിലെ എ.എസ്.ഐ. ഷാജികുമാറിനെ ചുമതലപ്പെടുത്തി. അന്വേഷണസംഘം കിങ്സിലിന്റെ പാസ്പോർട്ട് വിവരങ്ങൾ പാസ്പോർട്ട് ഓഫീസിലേക്കു കൈമാറി. ആദ്യം ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും പ്രതി നാട്ടിലേക്ക് എത്താത്തതിനാൽ പ്രയോജനമുണ്ടായില്ല. കിങ്ങ്സിലിൻ ദുബായിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ ജനുവരി 15-ന് കിങ്സിലിനെ ദുബായ് പോലീസ് പിടികൂടുകയായിരുന്നു. ഇതിനു ശേഷം എ.എസ്.ഐ. ഷാജികുമാറിന് ദുബായിൽ നിന്നെത്തിയ ഫോൺകോളാണ് കിങ്സിലിനിനെ നാട്ടിലെത്തിക്കുന്നതിനു വഴിതുറന്നത്. ദുബായിൽനിന്ന് കിങ്സിലിൻ പിടിയിലായതായി അയാളുടെ സുഹൃത്താണ് എ.എസ്.ഐ.യെ ഫോണിലറിയിച്ചത്. തുടർന്ന് കിങ്സിലിന്റെ ഭാര്യക്ക് ദുബായ് പോലീസ് നൽകിയ നോട്ടീസ് വാട്സാപ്പ് മുഖേന വാങ്ങുകയും അറബിയിലുള്ള ഈ നോട്ടീസ് യൂണിവേഴ്സിറ്റി അറബിക്ക് വിഭാഗത്തിൽ എത്തിച്ച് തർജ്ജമചെയ്ത് തങ്ങൾ അന്വേഷിക്കുന്ന പ്രതി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്നാണ് കേരള പോലീസ് കിങ്സിലിനിനെ വിട്ടുകിട്ടുന്നതിനായി ദുബായ് പോലീസിനെ സമീപിച്ചതും തുടർനടപടികളുണ്ടായതും.
from mathrubhumi.latestnews.rssfeed https://ift.tt/331Zrf9
via
IFTTT
No comments:
Post a Comment