സംഭവം വിവരിക്കുന്ന എസ്.ഐ. സെൽവകുമാർ തൃശ്ശൂർ : ഒരുനിമിഷം വൈകിയാൽ കയറിൽ അവസാനിക്കുമായിരുന്ന യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാതെ പോലീസ് സംഘം രക്ഷിച്ചു. കഴുത്തിലെ കുരുക്കറുത്തിട്ട് ജീവിതത്തിലേക്ക് ഇയാളെ തിരിച്ചെത്തിച്ചപ്പോൾ പോലീസിന് സംതൃപ്തി. കുരച്ചുചാടിയ വമ്പൻ പട്ടികളെ മറികടന്നാണ് വിയ്യൂർ പോലീസ് അർദ്ധരാത്രി ഈ രക്ഷാപ്രവർത്തനം നടത്തിയത്. പട്ടികളെ പേടിച്ച് ടെറസിൽനിന്ന് അടുത്ത പറമ്പിന്റെ മതിൽവഴി യുവാവിനെ ഇറക്കേണ്ടിയുംവന്നു. എസ്.ഐ. സെൽവകുമാർ, ഹോംഗാർഡ് ജസ്റ്റിൻ, ഡ്രൈവർ ഷിനുമോൻ എന്നിവരാണ് ഈ രക്ഷാദൗത്യം ഏറ്റെടുത്തത്. ബുധനാഴ്ച രാത്രി 11.20-ഓടെയാണ് ഒരാൾ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന കാര്യം ഒരാൾ എസ്.ഐ. ഡി. ശ്രീജിത്തിനെ അറിയിച്ചത്. അദ്ദേഹമാണ് ഈ പോലീസ് സംഘത്തിന് വിവരം കൈമാറിയത്. വിളിച്ചുപറഞ്ഞ വിവരങ്ങളനുസരിച്ച് കുറ്റുമുക്ക് അമ്പലത്തിന് സമീപമുള്ള വീട് അവർ കണ്ടുപിടിച്ചു. പക്ഷേ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. വിളിച്ചപ്പോൾ പ്രായമായ സ്ത്രീയും യുവാവും വാതിൽ തുറന്നു. റോട്ട് വീലർ, ജർമൻ ഷെപ്പേഡ് ഇനങ്ങളിലുള്ള രണ്ടു പട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പോലീസുകാർക്കുനേരെ ഇവ കുരച്ചുചാടി. പട്ടികളെ കെട്ടിയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഉള്ളിലേക്കു പോകുകയായിരുന്നു. എന്നാൽ ഇവർ തിരിച്ചുവരാത്തതിനെത്തുടർന്ന് വീടിന്റെ മുകളിലേക്ക് ടോർച്ചടിച്ചുനോക്കിയപ്പോഴാണ് നേരത്തെ കണ്ട യുവാവ് അവിടെ കുരുക്കുണ്ടാക്കി കഴുത്തിൽ ഇടുന്നത് കണ്ടത്. തുടർന്ന് ഒരുനിമിഷം പാഴാക്കാതെ ഗേറ്റ് ചാടിക്കടന്ന് വീടിനുള്ളിലൂടെ ടെറസിൽ എത്തി. കയറിൽ തൂങ്ങിയ ആളെ കാലിൽപിടിച്ച് താങ്ങിനിർത്തി. അപ്പോഴേക്കും കയറിൽ തൂങ്ങിയ ആൾ പിടഞ്ഞുതുടങ്ങിയിരുന്നു. സെൽവകുമാറും ജസ്റ്റിനുമാണ് ഇയാളെ താങ്ങിനിർത്തിയത്. ഷിനുമോൻ താഴെനിന്നും എറിഞ്ഞുകൊടുത്ത കത്തിയുപയോഗിച്ച് കയർ അറുത്താണ് ഇയാളെ താഴെ ഇറക്കിയത്. താഴെയിറങ്ങിയാൽ പട്ടികൾ ആക്രമിക്കുമോ എന്നു ഭയപ്പെട്ട പോലീസ് സംഘം തൊട്ടടുത്ത പറമ്പിന്റെ മതിൽവഴി യുവാവിനെ താഴെ എത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബോധം വീണെങ്കിലും കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കു മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
from mathrubhumi.latestnews.rssfeed https://ift.tt/2IktYvn
via
IFTTT
No comments:
Post a Comment