കൊച്ചി/പത്തനംതിട്ട : വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നെങ്കിലും കുഞ്ഞിന്റെ രോഗവിവരം കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു നഴ്‌സായ ആ അമ്മ. തിടുക്കത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ നോക്കാതെ വിമാനത്താവളത്തിലെ ആരോഗ്യപ്രവര്‍ത്തകരോട് കുഞ്ഞിനു പനിയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇറ്റലിയില്‍നിന്നുള്ള മടക്കത്തില്‍ കാട്ടിയ ആ സുമനസാണ് മൂന്നുവയസുകാരന്റെ കോവിഡ്-19 രോഗബാധ കണ്ടെത്താന്‍ വഴിയൊരുക്കിയത്.
എമിറേറ്റ്‌സിന്റെ ദുബായ്-കൊച്ചി വിമാനത്തിലാണ് ഈ മാസം ഏഴിനു കുട്ടിയും മാതാപിതാക്കളും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു. എന്നാല്‍, ഇറ്റലിയില്‍ നഴ്‌സായ അമ്മ ആദ്യം സമീപിച്ചത് വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തെയാണ്. കുട്ടിക്കു പനിയുണ്ടെന്ന് അറിയിച്ചതോടെ ഉടന്‍ ഇവരെ ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുട്ടിയുടെ കഫം പരിശോധനക്കെടുത്ത് അയച്ചശേഷം മാതാപിതാക്കളെ നിരീക്ഷണത്തിലാക്കി.
ഇന്നലെ പുലര്‍ച്ചെ പരിശോധനാഫലം വന്നപ്പോള്‍ റിസല്‍ട്ട് പോസിറ്റീവ്. ഇതോടെ മാതാപിതാക്കളുടെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്കയച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അസത്യങ്ങളും വ്യാജ പ്രചരണങ്ങളുമാണെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവ് ''മംഗള''ത്തോട്. അസുഖവിവരം മനഃപൂര്‍വം മറച്ചുവച്ചെന്നും വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചില്ലെന്നുമുള്ള പ്രചാരണം സത്യവിരുദ്ധമാണെന്നും പറയുന്നു.
'ഇറ്റലിയില്‍ ഞാന്‍ ജോലിചെയ്യുന്നത് റേഡിയോളജി ക്ലിനിക്കിലാണ്. അവിടെയാര്‍ക്കും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 29-നു നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ ഞങ്ങള്‍ ഇറ്റലിയില്‍നിന്നാണെന്ന് എമിഗ്രഷന്‍ ഓഫീസറോടു പറഞ്ഞതാണ്. പാസ്‌പോര്‍ട്ടില്‍ സീല്‍വച്ച് അയാള്‍ ഒന്നും മിണ്ടാതെ പോകാന്‍ അനുവദിച്ചു. വിമാനത്താവളത്തില്‍ െവെദ്യപരിശോധനയുള്ളതായൊന്നും തോന്നിയില്ല. ഇതാണു ശരിക്കും നടന്നത്.''
ബന്ധുവിന്റെ കാറിലായിരുന്നു റാന്നി ഐത്തലയിലേക്കുള്ള യാത്ര. ഇടയ്ക്ക് എറണാകുളത്ത് തിരക്ക് കുറവുള്ള ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ഇറ്റലിയിലെ ട്രെവിസൊ ജില്ലയില്‍ താമസിച്ചിരുന്ന എന്നെയും മാതാപിതാക്കളെയും അവിടെയുള്ള ബന്ധുവാണ് വെനീസ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തില്‍ ഒമാനിലും അവിടെനിന്നു മറ്റൊരു വിമാനത്തില്‍ നെടുമ്പാശേരിയിലും എത്തി. ഒരുപക്ഷേ വിമാനത്തില്‍ വച്ചാവാം െവെറസ് ബാധയേറ്റത്.
നാട്ടിലെത്തിയപ്പോള്‍ പനിയില്ല
നാട്ടിലെത്തിയപ്പോഴൊന്നും പനിയില്ലായിരുന്നു. മുത്തഛനും മുത്തശിയും പറഞ്ഞതുകൊണ്ടാണ് നാലുവര്‍ഷത്തിനുശേഷം നാട്ടിലെത്തിയത്. വീട്ടില്‍ വരുമ്പോള്‍ മുത്തഛനും മുത്തശിക്കും പനിയുണ്ടായിരുന്നു. അവര്‍ക്കുവേണ്ടിയാണ് മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നു ഡോളോ എന്ന മരുന്ന് വാങ്ങിയത്. ഞങ്ങള്‍ വരുന്ന സമയത്ത് പിതാവിന്റെ ജ്യേഷ്ഠനും ഭാര്യക്കും പനിയുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും ചെറിയ പനി അനുഭപ്പെട്ടു. മരുന്നൊന്നും കഴിക്കാതെ അതു മാറുകയും ചെയ്തു.
കോട്ടയത്ത് പോയിട്ടില്ല
കോട്ടയത്തേക്കു പോയി എന്ന വാര്‍ത്ത ശരിയല്ല. പള്ളിയില്‍ ഒരു ചടങ്ങിലും പങ്കെടുത്തിട്ടില്ല. സിനിമ കണ്ടിട്ടില്ല. പോയത് അമ്മയുടെ സഹോദരി താമസിക്കുന്ന പുനലൂര്‍ക്കുമാത്രമാണ്. ബലപ്രയോഗത്തിലൂടെ ആശുപത്രിയിലാക്കിയതല്ല
ബലപ്രയോഗത്തിലൂടെ ആരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതല്ല. സ്വന്തം കാറില്‍ ഞാന്‍ തന്നെ ഡ്രൈവ് ചെയ്താണ് ആശുപത്രിയില്‍ എത്തിയത്. അതുവരെ ഒരു അസുഖവും അനുഭവപ്പെട്ടില്ല.
വിവാഹച്ചടങ്ങില്‍ നില്‍ക്കുന്ന പടം ഏഴുവര്‍ഷം മുമ്പുള്ളത്
ഞങ്ങള്‍ ഒരു വിവാഹചടങ്ങില്‍ നില്‍ക്കുന്ന പടം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് 2013 ഓഗസ്റ്റ് 22-ന് സഹോദരിയുടെ വിവാഹചടങ്ങിനെടുത്ത ഫോട്ടോയാണ്.
from mangalam.com https://ift.tt/3cNabm0
via IFTTT
No comments:
Post a Comment