കൊല്ലം: കേരളത്തിന്റെയാകെ കണ്ണീരായി മാറിയ ആറു വയസുകാരി ദേവനന്ദ വീട്ടില്‍നിന്ന് അല്‍പ്പം മാറിയുള്ള കുളിക്കടവിലാകാം മുങ്ങിമരിച്ചതെന്നും മൃതദേഹം ബണ്ടിനു സമീപത്തേക്ക് ഒഴുകിയെത്തിയതാകാമെന്നും ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇവിടെ വിശദമായി പരിശോധിച്ചിരുന്നു.
കുളിക്കടവിലേക്കു വീട്ടില്‍നിന്ന് 75 മീറ്റര്‍ ദൂരമേയുള്ളൂ. കുട്ടിയെ കാണാതായതിനു പിറ്റേന്നു രാവിലെ മൃതദേഹം കണ്ടെത്തിയത് 220 മീറ്റര്‍ ദൂരെയുള്ള ബണ്ടിനു സമീപത്തുനിന്നാണ്. കുളിക്കടവിലോ വീട്ടില്‍നിന്ന് 100 മീറ്റര്‍ ദൂരത്തിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണു കണക്കാക്കുന്നത്. ദുര്‍ഘടമായ ഈ വഴിയില്‍ പതിയിരിക്കുന്ന മറ്റ് അപകട സാധ്യതകളും ഫോറന്‍സിക് വിദഗ്ധര്‍ വിലയിരുത്തി. ബണ്ടിനു സമീപത്താണു ദേവനന്ദ മുങ്ങിപ്പോയതെങ്കില്‍ മൃതദേഹം ശക്തമായ ഒഴുക്കില്‍പ്പെട്ട് അകലേക്കു പോകുമായിരുന്നു. 27 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന മൃതദേഹം 190 സെ.മീ. മാത്രം ആഴമുള്ളിടത്ത് വളരെ നേരത്തേ പൊങ്ങേണ്ടതാണ്. മുങ്ങിയപ്പോള്‍ത്തന്നെ ചെളിയില്‍ താണുപോയിട്ടുണ്ടാകാം.
മൃതദേഹം അഴുകിത്തുടങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്കു പൊങ്ങി ഒഴുക്കില്‍പ്പെട്ട് ബണ്ടിനു സമീപം മുള്ളുവള്ളിയില്‍ കുടുങ്ങിക്കിടന്നതാകാനാണു സാധ്യത. കുട്ടിയുടെ വയറ്റില്‍ ചെളികയറിയത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ദേവനന്ദ തനിയെ പോകാനുള്ള സാധ്യത കണക്കിലെടുത്താണു പരിശോധന നടത്തിയത്. ഫോറന്‍സിക് വിദഗ്ധരുടെ നിര്‍ദേശാനുസരണം അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീം ഇന്നലെ പള്ളിമണ്‍ ആറ്റിലെ വിവിധ ഭാഗങ്ങളില്‍നിന്നു ചെളിയും വെള്ളവും ശേഖരിച്ചു.
കുട്ടിയുടെ വയറ്റിലുണ്ടായിരുന്ന ചെളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കും. മണ്ണെടുത്തതിനെത്തുടര്‍ന്ന് ആറ്റില്‍ പലഭാഗത്തും ഇരുപതടിയോളം ആഴമുള്ള കുഴികളും ചുഴികളുമുള്ളതായി സ്‌കൂബാ ടീം കണ്ടെത്തി. കുട്ടി വീടിനടുത്തെ കടവിലിറങ്ങിയപ്പോള്‍ വെള്ളത്തില്‍ വീണതാണെങ്കില്‍ ചുഴികളില്‍പ്പെടാനും ആറ്റുവക്കിലെ ചോലമരങ്ങളുടെ വേരുകളില്‍ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്. ആറ്റില്‍ കാണപ്പെട്ട കല്ലുകളില്‍ത്തട്ടി മുറിവേല്‍ക്കാനുള്ള സാധ്യതയുമുണ്ട്.
ആറു വയസുള്ള കുട്ടി വിജനമായ റബര്‍ തോട്ടത്തിലൂടെയും ആറ്റുതീരത്തെ ഒറ്റയടിപ്പാതയിലൂടെയും തനിച്ച് നടന്നു പോകില്ലെന്നാണു വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചെരുപ്പ് വീട്ടിലുണ്ട്. തടയണ ഭാഗത്തെ ഒറ്റയടിപ്പാതയുടെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്‍ച്ചെടികളുണ്ട്. മുള്ളുകൊണ്ട പാടുകളൊന്നും മൃതദേഹത്തിലില്ല. ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാനുള്ള പരിശോധനകളും അന്വേഷണങ്ങളുമാകും ഇനി നടത്തുക. അപകടമാണെന്ന് ഉറപ്പിക്കുന്നതുവരെ, ആരെങ്കിലും അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയുകയുമില്ല.
from mangalam.com https://ift.tt/2IxcifP
via IFTTT
No comments:
Post a Comment